തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് സ്ഥാന ത്യാഗം ചെയ്തു. സഭാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പെട്ടെന്ന് ചുമതലയില്‍ നിന്നും ഒഴിഞ്ഞതെന്നാണ് സൂചന. ഇത് സംബന്ധിച്ച കത്ത് അദേഹം സഭാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവയ്ക്ക് കൈമാറി.
77-ാമത്തെ വയസിലാണ് മാര്‍ ഗ്രിഗോറിയോസ് സ്ഥാന ത്യാഗം ചെയ്യുന്നത്. സഭ സ്‌കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജര്‍, സഭാ മിഷന്‍ ബോര്‍ഡ്, മിഷന്‍ സൊസൈറ്റി എന്നിവയുടെ അധ്യക്ഷന്‍ എന്നി ചുമതലകളും ഒഴിഞ്ഞതായി അദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന സഭാ മാനേജിങ് കമ്മിറ്റിയിലും സഭാ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു.
തിരുവനന്തപുരം ഭദ്രാസനത്തിലും ചില പ്രതിസന്ധികള്‍ നിലനിന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഭരണച്ചുമതലകളില്‍ നിന്ന് അദേഹം ഒഴിഞ്ഞത്. നിലവിലുള്ള കാതോലിക്കാ ബാവയോടൊപ്പം ഈ സ്ഥാനത്തേക്ക് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.
2005 ജൂണിലാണ് അദേഹം തിരുവനന്തപുരം ഭദ്രാസനത്തില്‍ മെത്രാപ്പൊലീത്തയായി ചുമതലയേറ്റത്. തിരുവനന്തപുരം ഹോളിക്രോസ് കോണ്‍വെന്റ് സെയ്ന്റ് ജോര്‍ജ് നഗര്‍, പൗഡിക്കോണം മാര്‍ത്താ മറിയം ആശ്രമം, കൊല്ലം ചാത്തന്നൂര്‍ മാര്‍ത്താ മറിയം ആശ്രമം എന്നിവിടങ്ങളിലെല്ലാം വിസിറ്റര്‍ ബിഷപ്പുമായിരുന്നു. 1982 മുതല്‍ 2007 വരെ കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ പ്രൊഫസറായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.