റോം: പാലസ്തീന്‍ അനുകൂലികള്‍ റോമില്‍ നടത്തിയ പ്രകടനത്തിനിടെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രതിമ നശിപ്പിച്ചു. ടെര്‍മിനി റെയില്‍വേ സ്റ്റേഷന് പുറത്തുള്ള പിയാസ സിന്‍ക്വെസെന്റോയില്‍ സ്ഥാപിച്ചിട്ടുള്ള ജോണ്‍ പോള്‍ രണ്ടാമന്റെ പ്രതിമയാണ് അക്രമികള്‍ നശിപ്പിച്ചത്.
പ്രതിമയില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് 'ഫാസിസ്റ്റ്' എന്നെഴുതുകയും കമ്മ്യൂണിസ്റ്റ് ചിഹ്നമായ അരിവാളും ചുറ്റികയും പതിക്കുകയും ചെയ്തു. സ്വന്തം നാട്ടില്‍ നാസികളുടെ പീഡനങ്ങള്‍ അതിജീവിച്ച പോളണ്ടുകാരനായ പോപ്പിന്റെ പ്രതിമയില്‍ പാലസ്തീന്‍ കഫിയയും ശിരോ വസ്ത്രവും പൊതിയുകയും ചെയ്തു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് റോമില്‍ നടന്ന ഒരു പലസ്തീന്‍ അനുകൂല പ്രതിഷേധ പ്രകടനത്തിന് ഇടയിലാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പ്രതിമയ്ക്ക് നേരെ അതിക്രമമുണ്ടായത്.

സംഭവത്തെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയും അപലപിച്ചു. സമാധാനത്തിനായി തെരുവിലിറങ്ങുകയാണ് എന്ന് അവകാശപ്പെടുന്നവര്‍ യാഥാര്‍ത്ഥ സമാധാന ദൂതനായ ഒരു മനുഷ്യന്റെ ഓര്‍മകളെ അപമാനിക്കുകയാണ് ചെയ്തതെന്ന് ജോര്‍ജിയ മെലോണി പറഞ്ഞു.
പ്രത്യയശാസ്ത്രത്താല്‍ അന്ധരായ ആളുകള്‍ ചെയ്ത ഈ ദുഷ്പ്രവൃത്തി, ചരിത്രത്തെയും അതിന്റെ നായകന്മാരെയും കുറിച്ചുള്ള പൂര്‍ണ അജ്ഞതയാണ് പ്രകടമാക്കുന്നതെന്നും മെലോണി വ്യക്തമാക്കി. 'ഈ വിഡ്ഢികള്‍ക്ക് വേണ്ടി ഒരു തലച്ചോറ് തേടുകയാണ്' എന്നായിരുന്നു ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയുടെ പരിഹാസം.
പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 35 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അക്രമികളെ തുരത്താന്‍ പൊലീസിന് പിന്നീട് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും വൈകാതെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ഇറ്റാലിയന്‍ പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.