എസികളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ച് ഉഗ്ര സ്ഫോടനം; തളിപ്പറമ്പില്‍ തീ വിഴുങ്ങിയത് കോടികള്‍

എസികളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ച് ഉഗ്ര സ്ഫോടനം; തളിപ്പറമ്പില്‍ തീ വിഴുങ്ങിയത് കോടികള്‍

കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തില്‍ ഉണ്ടായ വന്‍ തീപിടത്തത്തില്‍ കോടികളുടെ നാശനഷ്ടം. തീപിടത്തം ഉണ്ടായി മൂന്നരമണിക്കൂറുകള്‍ക്ക് ശേഷമാണ് തീയണയ്ക്കാനായത്. ഫയര്‍ഫോഴ്സിന്റെ പന്ത്രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

സൂപ്പര്‍ മാര്‍ക്കറ്റ്, പെയിന്റ് കട ഉള്‍പടെ കത്തിയമര്‍ന്നു. ഏകദേശം 10 കോടിയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. തളിപ്പറമ്പ് ദേശീയപാതക്ക് സമീപം നഗരസഭ ബസ്റ്റാന്റിന് തൊട്ടടുത്തുള്ള കെ.വി കോംപ്ലക്സിലെ മിട്രെഡ്സ് എന്ന ഷോപ്പില്‍ നിന്നുണ്ടായ ചെറിയ തീപിടിത്തം നിമിഷങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. വൈകുന്നേരം 4:55 നാണ് തീപിടിത്തം തുടങ്ങിയതെങ്കിലും ഏറെ വൈകിയാണ് കരിമ്പത്തെ തളിപ്പറമ്പ് അഗ്‌നിശമന നിലയത്തില്‍ നിന്നും അഗ്‌നിശമന സേന എത്തിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ആദ്യം ഒരു യൂണിറ്റ് മാത്രമേ എത്തിയിരുന്നുള്ളൂ അപ്പോഴേക്കും കെ.വി കോംപ്ലക്സിലെ ഹൈവേറോഡിനോട് അഭിമുഖമായി കിടക്കുന്ന ഭാഗത്തെ കടകളിലേക്കെല്ലാം തന്നെ തീപിടര്‍ന്നിരുന്നു. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ മുപ്പതിലേറെ കടകള്‍ തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു.

നഗരത്തിലെ പ്രധാന ജ്വല്ലറികളിലൊന്നായ ജയഫാഷന്‍ ജ്വല്ലറിയുടെ മുകള്‍ഭാഗത്തേക്ക് പടര്‍ന്ന തീയണക്കാന്‍ അഗ്‌നിശമന സേനകള്‍ ശ്രമം തുടരുന്നു. കടുത്ത ചൂടില്‍ തീപിടിച്ച കടകള്‍ക്ക് അഭിമുഖമായുള്ള റോഡിന്റെ എതിര്‍ഭാഗത്തെ കടകളുടെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചു. ദേശീയപാതയില്‍ വാഹനഗതാഗതവും പൂര്‍ണമായി നിലച്ചു. തീപിടിത്തം ഉണ്ടായതിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പഴയങ്ങാടി വഴി തിരിച്ചുവിട്ടു.

പ്രാഥമിക കണക്ക് പ്രകാരം പത്തുകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഫയര്‍ ഫോഴ്സിന്റെ നിഗമനം. തീ നിയന്ത്രണ വിധേയമായാല്‍ മാത്രമേ നഷ്ടം പൂര്‍ണമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.