ന്യൂഡല്‍ഹി: കഫ് സിറപ്പ് ബാച്ചുകളുടെ പരിശോധന ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡിജിഎച്ച്എസ്). കോള്‍ഡ്രിഫ് കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് 20 കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യമെങ്ങുമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ ഡിജിഎച്ച്എസ് നിര്‍ദേശം നല്‍കിയത്.
അസംസ്‌കൃത വസ്തുക്കളുടെയും നിര്‍മാണം പൂര്‍ത്തിയായ ഉല്‍പന്നത്തിന്റെയും ഓരോ ബാച്ചും കര്‍ശനമായി പരിശോധിക്കുകയും ശരിയായ പരിശോധനാ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഡ്രഗ്‌സ് നിയമങ്ങളിലെ 74 (c), 78 (c) (ii) വകുപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിര്‍മാണശാലകളില്‍ പരിശോധനകള്‍ ഉറപ്പാക്കാനും നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഡ്രഗ് കണ്‍ട്രോളര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡ്രഗ് കണ്‍ട്രോളര്‍മാര്‍ നിര്‍മാണത്തിന് മുമ്പും വിപണിയില്‍ ബാച്ച് പുറത്തിറക്കുന്നതിന് മുമ്പും പരിശോധന ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. നിര്‍മാതാക്കള്‍ അംഗീകാരമുള്ള വിശ്വാസ യോഗ്യരായ വില്‍പനക്കാരില്‍ നിന്നുമാത്രമുള്ള അസംസ്‌കൃത വസ്തുക്കളാണ് (എക്‌സിപിയന്റുകള്‍ ഒഴികെ) ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം മധ്യപ്രദേശില്‍ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കാന്‍ പാടില്ലാത്ത ചില കഫ് സിറപ്പുകള്‍ ഇപ്പോഴും വില്‍ക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സംഭവം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കോള്‍ഡ്രിഫിന്റെ തമിഴ്നാട് ആസ്ഥാനമായുള്ള നിര്‍മാതാക്കള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.