അബുജ: നൈജീരിയൻ സൈന്യം പതിനായിരക്കണക്കിന് സ്ത്രീകളിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിലും രഹസ്യമായി കൂട്ട ഗർഭച്ഛിദ്ര പരിപാടി നടത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളുമായി അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ്. ബോക്കോ ഹറാം തീവ്രവാദികൾ തട്ടികൊണ്ട് പോയ സ്ത്രീകളിൽ 2013 മുതൽ നൈജീരിയൻ സൈന്യം രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ രഹസ്യവും വ്യവസ്ഥാപിതവും നിയമവിരുദ്ധവുമായ ഗർഭച്ഛിദ്ര പരിപാടികൾ നടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ.
ബോക്കോ ഹറാം തീവ്രവാദികൾ തട്ടികൊണ്ട് പോകുന്ന സ്ത്രീകളിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണ് എന്നത് മറ്റൊരു യാഥാർഥ്യം. നൈജീരിയൻ സൈന്യത്തിന്റെ കസ്റ്റഡിയിലായിരിക്കെ ഗർഭച്ഛിദ്രത്തിന് വിധേയരായതായി കണ്ടെത്തിയ 33 സ്ത്രീകളുമായും പെൺകുട്ടികളുമായും നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റോയിട്ടേഴ്‌സിന്റെ അന്വേഷണം.
ഗർഭിണികളെ ഗർഭച്ഛിദ്ര സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സായുധ ഗാർഡുകൾ പോലുള്ള സൈനികരും മറ്റ് സർക്കാർ ജീവനക്കാരും ഉൾപ്പെടെ ഈ ഗർഭച്ഛിദ്ര പരിപാടിയിൽ പങ്ക്ചേർന്ന അഞ്ച് ആരോഗ്യ പ്രവർത്തകരുമായും ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖവും റിപ്പോർട്ടിൽ ഉണ്ട്. കൂടാതെ ആയിരക്കണക്കിന് അബോർഷൻ നടപടിക്രമങ്ങൾ വിവരിക്കുന്നതോ കണക്കാക്കുന്നതോ ആയ സൈനിക രേഖകളുടെയും ആശുപത്രി രേഖകളുടെയും പകർപ്പുകളും വിലയിരുത്തുകയും ചെയ്ത ശേഷമാണ് ആശങ്കയുളവാക്കുന്ന ഈ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുള്ളത്.
നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളായ ബോക്കോ ഹറാം ഒട്ടേറെ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്യാറുണ്ട്. എതിർക്കുന്നവരെ മർദ്ദിക്കുകയോ തോക്കിൻ മുനയിൽ നിർത്തുകയോ മയക്കുമരുന്ന് നൽകുകയോ ചെയ്ത് അവർ ഉദ്ദിഷ്ടകാര്യം സാധിക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.
അത്തരത്തിൽ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കപ്പെട്ടവരിൽ ഒരാളാണ് ഫാത്തി. ഇരുപതാം വയസിലാണ് അവളെ ഇസ്ലാമിസ്റ്റ് വിമതർ തടവിലാക്കിയത്. ഒരു കലാപകാരിയുമായി നിർബന്ധിത വിവാഹത്തിന് അവൾക്ക് വഴങ്ങേണ്ടി വന്നു. അയാൾ അവളെ മർദ്ദിക്കുകയും തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ചെയ്തു. അതിന്റെ ഫലമായി അവളുടെ ഉദരം ജീവന്റെ തുടിപ്പറിഞ്ഞു.
ഫാത്തി (സുരക്ഷാ കാരണങ്ങളാൽ കണ്ണുകൾ മറച്ചിരിക്കുന്നു)
ഫാത്തിയടക്കം ബന്ദികളാക്കപ്പെട്ട നിരവധി സ്ത്രീകൾ കഴിഞ്ഞിരുന്നത് വടക്കുകിഴക്കൻ ബോർണോ സ്റ്റേറ്റിലെ ലേക് ചാഡ് ദ്വീപ് ഗ്രാമത്തിലായിരുന്നു. ഒരുദിവസം പെട്ടെന്ന് നൈജീരിയൻ പട്ടാളക്കാർ ഗ്രാമം വളഞ്ഞു. ഷെല്ലുകൾ പൊട്ടിത്തെറിച്ചു, വെടിയുണ്ടകൾ ചീറിപ്പാഞ്ഞു ഭീതിയോടെ അവൾ ആ ദിവസത്തെ ഓർത്തെടുത്തു.
ഫാത്തിയെ തടവിലാക്കിയിരുന്ന തീവ്രവാദികൾ അവിടെ നിന്നും ഓടിപ്പോയപ്പോൾ നാലുമാസം ഗർഭിണിയായിരുന്ന അവൾ ഭയന്നുവിറച്ചു. സൈന്യം തന്നെയും വധിക്കുമെന്നാണ് അവൾ കരുതിയിരുന്നത്. പിന്നീട് ബോധരഹിതയായി വീണ അവൾ അടുത്തുള്ള ഒരു സൈനിക ക്യാമ്പിൽ ആണ് ഉണർന്നത്. തന്റെ ജീവിതത്തിൽ അനുഭവിച്ചതിൽ വച്ച് ഏറ്റവും സന്തോഷം തനിക്ക് അനുഭവപ്പെട്ടുവെന്ന് അവൾ ആ നിമിഷത്തെക്കുറിച്ച് പറയുന്നു.
തടവറയിൽ നിന്നും രക്ഷപെട്ട് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാന തലസ്ഥാനമായ മൈദുഗുരിയിലെ ഒരു സൈനിക ബാരക്കിലെ ഇടുങ്ങിയതും മങ്ങിയതുമായ മുറിയിൽ ഒരു പായയിൽ സൈനികർ അവളെ കിടത്തി. അവിടെ നിലത്തുകൂടെ പാറ്റകൾ പായുന്നുണ്ടായിരുന്നു. അവൾക്കൊപ്പം മറ്റ് അഞ്ച് സ്ത്രീകളും ഉണ്ടായിരുന്നു.
ആ മുറിയിൽ വെച്ച് യൂണിഫോമിട്ട പുരുഷന്മാർ ചില കുത്തിവയ്പ്പുകളും ഗുളികകളും നൽകി. എന്നാൽ അത് എന്തിനാണെന്ന് അവർക്ക് അറിയില്ലായിരുന്നു. ഏകദേശം നാല് മണിക്കൂറിന് ശേഷം തന്റെ അടിവയറ്റിൽ തീവ്രമായ വേദന അനുഭവപ്പെടുകയും കറുത്ത രക്തം പുറത്തേക്ക് ഒഴുകുകയും ചെയ്തതായി അന്ന് നാല് മാസം ഗർഭിണിയായിരുന്ന ഫാത്തി പറഞ്ഞു.
തന്നോടൊപ്പം മുറിയിലുണ്ടായിരുന്ന മറ്റ് സ്ത്രീകളും രക്തം വാർന്ന് വേദനയാൽ തറയിൽ കിടന്ന് പുളയുകയായിരുന്നുവെന്നും അവൾ ഓർമിച്ചു. തങ്ങളെ കൊല്ലാനാണ് സൈനികർ ഇവിടെ എത്തിച്ചത് എന്ന് അവൾ ചിന്തിച്ചു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അവൾക്ക് മനസിലായി, അവർ കൊല്ലുകയായിരുന്നു. പക്ഷെ അത് തന്നെ അല്ല, തനിക്കുള്ളിൽ വളരുന്ന ജീവനെയായിരുന്നു.
ആ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ ആരെങ്കിലുമായി ഇക്കാര്യം പങ്കുവെച്ചാൽ ക്രൂരമായ മർദ്ദനത്തിന് ഇരയാകേണ്ടിവരുമെന്ന് സൈനികർ അവൾക്ക് മുന്നറിയിപ്പും നൽകി. സൈനികർ തങ്ങളോട് ചോദിക്കാതെയാണ് അല്ലെങ്കിൽ തങ്ങളുടെ അനുവാദമില്ലാതെയാണ് ഗർഭം അലസിപ്പിച്ചതെന്നും ഫാത്തി വ്യക്തമാക്കി. ഇത്തരത്തിൽ ആ സൈനിക ക്യാമ്പിൽ അനേകായിരം ഗർഭച്ഛിദ്രങ്ങൾ നടന്നുകൊണ്ടെയിരിക്കുന്നു.
നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയായ ചില സ്ത്രീകൾ
ഗർഭച്ഛിദ്രങ്ങൾ മിക്കവാറും വ്യക്തിയുടെ സമ്മതമില്ലാതെയാണ് നടത്തിയത്. കണക്കുകൾ പ്രകാരം സൈനിക ക്യാമ്പിൽ എത്തിയ സ്ത്രീകളും പെൺകുട്ടികളും ഏതാനും ആഴ്ചകൾ മുതൽ എട്ട് മാസം വരെ ഗർഭിണികളായിരുന്നു. ചില പെൺകുട്ടികൾക്ക് 12 വയസ് മാത്രമായിരുന്നു പ്രായം.
എന്നാൽ സൈന്യം നടത്തുന്ന ഈ ഗർഭച്ഛിദ്ര പരിപാടിയെക്കുറിച്ച് ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിവസങ്ങളോ ആഴ്‌ചകളോ സൈനിക തടങ്കലിൽ പാർപ്പിക്കുന്ന സ്ത്രീകൾക്ക് നേരെ സൈനികർ നടത്തുന്നശാരീരിക, മാനസിക അതിക്രമം എന്ന വിധത്തിലാണ് പ്രചരണം നടന്നിരുന്നത്.
ഗർഭിണിയായശേഷം പലപ്പോഴും തളർന്ന് വീഴുന്ന സ്ത്രീകൾക്ക് ഗുളികകളും കുത്തിവയ്പ്പുകളും അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും മലേറിയ പോലുള്ള രോഗങ്ങളെ ചെറുക്കുന്നതിനുമുള്ളതാണെന്ന് വിശ്വസിപ്പിച്ചാണ് സാധാരണയായി ഇവർക്ക് സൈനികർ ചികിത്സ നല്കാറുള്ളതെന്ന് മൂന്ന് സൈനികരും ഒരു ഗാർഡും പറഞ്ഞു.
എന്നാൽ ചില സന്ദർഭങ്ങളിൽ സംശയം തോന്നി എതിർത്ത സ്ത്രീകളെ മർദിക്കുകയോ ചൂരൽ കൊണ്ടിടുകയോ തോക്കിന് മുനയിൽ നിർത്തുകയോ മയക്കുമരുന്ന് നൽകുകയോ ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ ഉള്ളിൽ തിരുകേണ്ടതിനാൽ ചിലരെ ബന്ധിക്കുകയോ കുത്തിപ്പിടിക്കുയോ ചെയ്തുവെന്നും ഒരു ഗാർഡും ആരോഗ്യ പ്രവർത്തകനും പറഞ്ഞു.
സൈനികർ തന്റെ അനുവാദമില്ലാതെ നിർബന്ധിതമായി ഗർഭം അലസിപ്പിച്ചുവെന്ന് മുപ്പത് വയസിനോട് അടുത്ത ബിന്റു ഇബ്രാഹിം വെളിപ്പെടുത്തി. ഏകദേശം മൂന്ന് വർഷം മുമ്പ് തീവ്രവാദികളിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ഒരു കൂട്ടം സ്ത്രീകളോടൊപ്പം തന്നെയും കൂട്ടിക്കൊണ്ടുപോയതിന് ശേഷം സൈനികർ അവരുടെ സമ്മതമില്ലാതെ രണ്ട് കുത്തിവയ്പ്പുകൾ നൽകുകയായിരുന്നുവെന്ന് ബിന്റു വ്യക്തമാക്കി.
രക്തവും അടിവയറ്റിൽ ഭീകരമായ വേദനയും വന്നപ്പോളാണ് തനിക്കും മറ്റുള്ളവർക്കും ഗർഭച്ഛിദ്രം നടത്തിയതായി അവൾ തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളെ നഷ്ടമായി എന്നറിഞ്ഞ ആ സ്ത്രീകൾ എന്തുകൊണ്ടാണ് തങ്ങളുടെ അനുവാദമില്ലാതെ ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് ചോദിച്ചു. സൈനികർ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് വരെ അവർ പ്രതിഷേധിക്കുകയും ചെയ്തു.
"എനിക്ക് എന്റെ കുഞ്ഞിനെ വേണമായിരുന്നു. അവർ എന്നെ കുഞ്ഞിനൊപ്പം വെറുതെ വിട്ടിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു" എന്ന് ബിന്റു വിലപിക്കുന്നു.
സൈനിക സൗകര്യങ്ങളിലും അല്ലാതെയും നടന്ന ഗർഭഛിദ്രങ്ങൾ ചില സ്ത്രീകൾക്കും ഗുരുതരമായി ഭവിച്ചു. ഗർഭച്ഛിദ്രം മൂലം സ്ത്രീകൾ മരിക്കുന്നത് തങ്ങൾ കാണുകയും മനസിലാക്കുകയും ചെയ്തതായി നാല് സൈനികരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ക്രൂര നടപടി ആരംഭിച്ച് ഏകദേശം 10 വർഷം പിന്നിടുമ്പോൾ ഇതുമൂലമുണ്ടായ മരണങ്ങളുടെ മുഴുവൻ വ്യാപ്തിയും നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല.
തന്നോടൊപ്പം നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമായ ഒരു സ്ത്രീ കുത്തിവയ്പ്പിന് ശേഷം മരിക്കുന്നത് താൻ നേരിൽ കണ്ടതായി ബിന്റു വെളിപ്പെടുത്തി. “ആ സ്ത്രീ ഞങ്ങളെക്കാൾ മുമ്പേ ഗർഭിണിയായിരുന്നു. ഏകദേശം ആറോ ഏഴോ മാസത്തെ വളർച്ച കുഞ്ഞിനുണ്ടായിരുന്നു" ബിന്റു പറഞ്ഞു.
“അവൾ കരയുകയായിരുന്നു... ഉറക്കെ അലറി കരയുകയായിരുന്നു... വേദനകൊണ്ട് നിലത്ത് പുളയുകയായിരുന്നു.. ഒടുവിൽ അവൾ നിലത്ത് ഉരുളുന്നതും നിലവിളിയും നിർത്തി. അവൾ വളരെ ക്ഷീണിതയായിത്തീർന്നു. പിന്നീട് ഞങ്ങളുടെ മുന്നിൽ അവളുടെ ശ്വാസം നിലച്ചു" ബിന്റു വേദനയോടെ വിവരിച്ചു.
"സൈനികർ ഒരു കുഴി കുഴിച്ചു, അവളെ അതിൽ വെച്ച് മുകളിൽ മണ്ണിട്ട് അടക്കം ചെയ്തു."
അതേസമയം സൈന്യമോ അല്ലെങ്കിൽ സർക്കാരോ ആരാണ് ഇത്തരം ഒരു ക്രൂരമായ ഗർഭച്ഛിദ്ര പരിപാടികൾക്ക് ആഹ്വാനം ചെയ്തതെന്ന് കണ്ടെത്താൻ റിപ്പോർട്ടിൽ കഴിഞ്ഞില്ല. നൈജീരിയൻ സൈനിക നേതാക്കൾ ഈ പരിപാടി നിലവിലില്ലെന്നാണ് പറയുന്നത്. മാത്രമല്ല വിമതർക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ദുർബലപ്പെടുത്താനുള്ള വിദേശ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണ് ആരോപണമെന്നും അവർ പറയുന്നു.
ഇത്തരം ഒരു പരിപാടി നൈജീരിയയിലല്ലയെന്ന് വടക്കുകിഴക്കൻ മേഖലയിൽ സൈന്യത്തിന്റെ മേജർ ജനറൽ ക്രിസ്റ്റഫർ മൂസ പറഞ്ഞു. സൈന്യം എല്ലാ ജീവിതത്തെയും, കുടുംബത്തെയും സ്ത്രീകളെയും കുട്ടികളെയും ജീവാത്മാക്കളെയും ബഹുമാനിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിപ്പോർട്ട് തുടരും...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.