വത്തിക്കാൻ സ്ഥാപനങ്ങളെ കൂരിയയുടെ സാമ്പത്തിക നിയമവ്യവസ്ഥയുടെ നിയന്ത്രണത്തിന് വിധേയമാക്കി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സ്ഥാപനങ്ങളെ കൂരിയയുടെ സാമ്പത്തിക നിയമവ്യവസ്ഥയുടെ നിയന്ത്രണത്തിന് വിധേയമാക്കി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തികരംഗത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാന്റെ കീഴിൽ സ്ഥാപിതമായതും ഇതുവരെ ഒരു നിശ്ചിത അളവിൽ സ്വയംഭരണാധികാരം നിലനിർത്തിയിരുന്നതുമായ സ്ഥാപനങ്ങൾ ഇനി മുതൽ റോമൻ കൂരിയായിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന നിയമവ്യവസ്ഥയ്ക്ക് കീഴിലായിരിക്കും പ്രവർത്തിക്കുക.

കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച 'മോട്ടു പ്രോപ്രിയോ ' എന്ന തന്റെ അപ്പോസ്‌ത്തോലിക ലേഖനലൂടെയാണ് മാർപാപ്പയുടെ ഈ അറിയിപ്പുണ്ടായത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാറാം അധ്യായം പത്താം വാക്യത്തിലെ "ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായവൻ പ്രധാനപ്പെട്ട കാര്യങ്ങളിലും വിശ്വസ്തനാണ്" എന്ന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ പുതിയ മോട്ടു പ്രോപ്രിയോ രേഖ പുറത്തിറക്കിയത്.

സാമ്പത്തിക കാര്യങ്ങൾക്കായുള്ള കൗൺസിലിന്റെ നിയമപ്രകാരം (ആർട്ടിക്കിൾ 1 § 1) രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന നൈയാമിക വ്യക്തിത്വമുള്ള എല്ലാ സ്ഥാപനങ്ങളും ഇനി മുതൽ പുതിയ ഈ നിയമവ്യവസ്ഥയ്ക്ക് കീഴിലായിരിക്കും പ്രവർത്തിക്കുക.

നിയന്ത്രണവും മേൽനോട്ടവും

വത്തിക്കാനിലെ വിവിധ ഫൗണ്ടേഷനുകൾ ഇത്രയും നാൾ ഒരു നിശ്ചിത ഭരണപരമായ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നെങ്കിലും, മന്ത്രാലയത്തിന്റെ സേവനത്തിലുള്ള ക്യൂറിയൽ സ്ഥാപനങ്ങൾക്ക് ഉചിതമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ അവ പ്രധാന പങ്കുവഹിക്കുന്നുവെന്ന് മാർപ്പാപ്പ പറയുന്നു. പത്രോസിന്റെ പിൻഗാമിയുടെ സേവനരംഗത്ത് സഹായമാകാനാണ് അവ നിലനിൽക്കുന്നതെന്ന കാര്യവും പാപ്പാ നിയമസംബന്ധിയായ പുതിയ രേഖയിൽ വ്യക്തമാക്കി.

ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കൾ അപ്പസ്തോലിക സിംഹാസനത്തിന്റെ പൊതുവായ പിതൃസ്വത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ റോമൻ കൂരിയായിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന ഘടകങ്ങൾക്ക് കീഴിലായിരിക്കും എല്ലാ ഫൗണ്ടേഷനുകളും.

ഇന്ന് മുതൽ (ഡിസംബർ എട്ടാം തീയതി) പ്രാബല്യത്തിൽ വന്ന പുതിയ മോട്ടു പ്രോപ്രിയോ നിർദ്ദേശിക്കുന്ന വ്യത്യാസങ്ങൾ വരുന്ന മൂന്ന് മാസത്തിനുള്ളിൽ വത്തിക്കാന് കീഴിൽ നൈയാമിക വ്യക്തിത്വമുള്ള എല്ലാ സ്ഥാപനങ്ങളും പ്രാബല്യത്തിൽ വരുത്തണം.

സെക്രട്ടേറിയറ്റിന്റെ സാമ്പത്തിക ചുമതല

എട്ട് ഭാഗങ്ങൾ ചേർന്ന മോട്ടു പ്രോപ്രിയോയുടെ മൂന്നാമത്തെ ഭാഗം സാമ്പത്തിക കാര്യങ്ങളിലെ മേൽനോട്ടവും നിയന്ത്രണവും സംബന്ധിച്ചുള്ളതാണ്. ഇതനുസരിച്ച് സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടറിയേറ്റിന് അതിന്റെ ചട്ടങ്ങൾക്കനുസൃതമായി നൈയാമിക വ്യക്തികളുടെമേൽ മേൽനോട്ടം വഹിക്കാനും നിയന്ത്രണങ്ങൾ നടത്തുവാനും അധികാരമുണ്ടായിരിക്കും.

മാത്രമല്ല അതിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് നിയമസംബന്ധിയായ ഉചിതമായ വ്യക്തികളെ ദത്തെടുക്കുകയോ ശുപാർശ ചെയ്യുകയോ ചെയ്യാനും കുറ്റകരമായ പ്രവർത്തനങ്ങൾ തടയുന്നതിനും ഈ നടപടിയിലൂടെ സെക്രട്ടറിയേറ്റിന് അധികാരം ലഭിക്കും. സ്ഥാപനങ്ങളിൽ കുറ്റമറ്റ പ്രവർത്തനങ്ങൾ നടക്കുന്നതിന് വേണ്ടിയാണ് ഈ പരിഷ്കരണ പ്രവർത്തങ്ങൾ.

നാലാമത്തെയും അഞ്ചാമത്തെയും ആർട്ടിക്കിളുകൾ അക്കൗണ്ടിംഗ് രേഖകളെയും വിവര കൈമാറ്റത്തെയും നിയന്ത്രിക്കുന്നതിനുള്ളതാണ്. ഇത് പ്രകാരം എല്ലാ ഫൗണ്ടേഷനുകളും സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടറിയേറ്റിന് മുൻപിൽ തങ്ങളുടെ ബജറ്റുകൾ സമർപ്പിക്കണം. ഫൗണ്ടേഷനുകളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടിംഗ് രേഖകൾ, സഹായ രേഖകൾ തുടങ്ങി എല്ലാ രേഖകളും എപ്പോഴും പരിശോധിക്കാൻ സാമ്പത്തിക കാര്യങ്ങൾക്കായുള്ള സെക്രട്ടേറിയറ്റിനും ഓഡിറ്റർ ജനറലിന്റെ ഓഫീസിനും അവകാശമുണ്ടായിരിക്കും.

പുതിയ മോട്ടു പ്രോപ്രിയോയിൽ വത്തിക്കാൻ ആസ്ഥാനമായുള്ള നിയമപരമായ വ്യക്തികൾക്ക് മൗലികവും കാലികവുമായ ഒരു അച്ചടക്കം നൽകേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് മറ്റൊരു നിയമവും വത്തിക്കാനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഈ പരിഷ്കരണ നിയമത്തിന്റെ പരിധിയിൽ നിന്ന് വത്തിക്കാൻ കൂരിയയുടെ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഗോവെർണറേറ്റ്, സാമ്പത്തികസ്വഭാവമുള്ള പ്രവർത്തനങ്ങൾ പ്രൊഫെഷണലായി നടത്തുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രെദിക്കാത്തെ ഏവഞ്ചെലിയും എന്ന അപ്പസ്തോലിക രേഖവഴി സഭയിൽ നടത്തിവരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയമനിർമ്മാണം.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ....

https://cnewslive.com/author/38269/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.