ബിജെപിയുടെ തേരോട്ടത്തിലും അടിപതറാതെ ജിഗ്‌നേഷ് മേവാനി; സിറ്റിംഗ് സീറ്റില്‍ തിളക്കമാര്‍ന്ന വിജയം

ബിജെപിയുടെ തേരോട്ടത്തിലും അടിപതറാതെ ജിഗ്‌നേഷ് മേവാനി;  സിറ്റിംഗ് സീറ്റില്‍ തിളക്കമാര്‍ന്ന വിജയം

അഹമ്മദാബാദ്: ബിജെപിയുടെ തേരോട്ടത്തില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞെങ്കിലും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജിഗ്നേഷ് മേവാനിക്ക് തിളക്കമാര്‍ന്ന ജയം.

വാദ്ഗാം സീറ്റില്‍ നിന്നാണ് ജിഗ്നേഷ് മേവാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 2017 ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വാദ്ഗാം സീറ്റില്‍ നിന്ന് ജിഗ്‌നേഷ് മേവാനി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് ജിഗ്‌നേഷ് മേവാനിക്ക് ഇവിടെ പിന്തുണ കൊടുക്കുകയായിരുന്നു. പിന്നീട് 2021 ല്‍ ആണ് ജിഗ്‌നേഷ് മേവാനി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിജെപിയുടെ മണിഭായ് ജേതാഭായ് വഗേലയെയും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ദല്‍പത്ഭായ് ദഹ്യാഭായ് ഭാട്ടിയയെയും പരാജയപ്പെടുത്തിയാണ് മേവാനി സീറ്റ് നിലനിര്‍ത്തിയത്. ജിഗ്‌നേഷ് മേവാനി 61,703 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിരാളിയായ മണിഭായ് ജേതാഭായ് വഗേല 57,625 വോട്ടുകള്‍ നേടി.

വോട്ടെണ്ണലിന്റെ തുടക്കം മുതലെ ലീഡ് നില മാറി മറിഞ്ഞ വാദ്ഗാമില്‍ മണിഭായി ജേതാഭായ് വഗേലയെ 4078 വോട്ടുകള്‍ക്കാണ് മേവാനി പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ 182 നിയോജക മണ്ഡലങ്ങളില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത മണ്ഡലമാണ് വദ്ഗാമം.

ബനസ്‌കന്ത ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വദ്ഗാം പടാന്‍ ലോക്‌സഭാ മണ്ഡലത്തിലാണ്. 40,000 ത്തോളം പട്ടികജാതി വോട്ടര്‍മാരും 10,000 ത്തോളം പട്ടികവര്‍ഗ വോട്ടര്‍മാരും അടക്കം ആകെ 2,70,000 വോട്ടര്‍മാരാണ് വദ്ഗാമില്‍ ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.