നൂറ്റിപതിമൂന്ന് ദിവസത്തിനു ശേഷം വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നിര്‍മാണ സാമഗ്രികള്‍ എത്തി

നൂറ്റിപതിമൂന്ന് ദിവസത്തിനു ശേഷം വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നിര്‍മാണ സാമഗ്രികള്‍ എത്തി

തിരുവനന്തപുരം: സമരം പിന്‍വലിച്ച് പന്തല്‍ പൊളിച്ചു നീക്കിയതിനു പിന്നാലെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചു. 113 ദിവസങ്ങള്‍ക്ക് ശേഷമാണ് പദ്ധതി പ്രദേശത്തേക്ക് നിര്‍മാണ സാമഗ്രികള്‍ എത്തുന്നത്. വ്യാഴാഴ്ച്ച 40 ലോഡ് പാറയാണ് ഇവിടേക്ക് എത്തിച്ചത്. തുറമുഖ നിര്‍മാണത്തിന്റെ തുടര്‍ന്നുള്ള സമയക്രമം നിശ്ചയിക്കാന്‍ തിങ്കളാഴ്ച സര്‍ക്കാരും അദാനി ഗ്രൂപ്പും അവലോകന യോഗം ചേരും.

വ്യാഴാഴ്ച്ച രാവിലെ 20 ലോഡ് പാറയാണ് ആദ്യം എത്തിച്ചത്. ഇതിനു പിന്നാലെയാണ് 20 ലോഡ് പാറ കൂടി പദ്ധതി പ്രദേശത്തേക്ക് എത്തിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് വെള്ളിയാഴ്ച്ച മുതല്‍ കൂടുതല്‍ ലോഡുകളെത്തും.

മുതലപ്പൊഴിയില്‍ നിന്ന് കടല്‍മാര്‍ഗം പാറയെത്തിക്കാന്‍ രണ്ടുദിവസം കൂടി താമസമുണ്ടാകും. പാറ എത്തിത്തുടങ്ങിയെങ്കിലും ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കില്ല. പദ്ധതി പ്രദേശത്തെ അടിയന്തരമായി തീര്‍ക്കേണ്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തുറമുഖ നിര്‍മാണം പുനരാരംഭിക്കൂ.

തുടര്‍ന്ന് രാപ്പകലില്ലാതെ തുറമുഖം നിര്‍മിച്ച് ഓണത്തിന് കപ്പലടുപ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇതിന് കൂടുതല്‍ പാറമടകള്‍ അനുവദിക്കണമെന്ന് അദാനിഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രണ്ട് ക്വാറികളില്‍ നിന്നാണ് പാറയെത്തുന്നത്.

സമരം മൂലം നിര്‍മാണം മുടങ്ങിയകാലത്തെ നഷ്ടപരിഹാരം സംബന്ധിച്ചും ധാരണയിലെത്തണം. ഇക്കാര്യങ്ങളെല്ലാം തിങ്കളാഴ്ച ചേരുന്ന അവലോകനയോഗത്തില്‍ ചര്‍ച്ചയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.