തൊടുപുഴ: കണ്ടെയ്‌നര്‍ ലോറിക്കുള്ളില്‍ ഗ്രാനൈറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഉടുമ്പന്‍ചോല പൊത്തക്കള്ളിയിലാണ് അപകടം ഉണ്ടായത്. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയില്‍ കയറ്റാനായി പുറത്തിറക്കുന്നതിനിടെയായിരുന്നു അപകടം.
പശ്ചിമബംഗാള്‍ സ്വദേശികളായ പ്രദീപ് (38), സുധന്‍ (30) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 4.30ന് കണ്ടയ്നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ടയ്നറിനുള്ളില്‍ ഒരു വശത്തായി അടുക്കി വെച്ചിരുന്ന ഗ്രാനൈറ്റ് പാളികള്‍ പ്രദീപിന്റെയും സുധന്റെയും ദേഹത്തേക്ക് പതിക്കുകയായിരുന്നു.
250 കിലോ ഭാരം വരുന്നതാണ് ഒരു ഗ്രാനൈറ്റ് പാളി. 20 ഗ്രാനൈറ്റ് പാളികളാണ് ഇവരുടെ ദേഹത്തേക്ക് പതിച്ചത്. ഇവര്‍ നിന്നിരുന്ന മറുവശത്തും ഗ്രാനൈറ്റ് പാളികള്‍ അടുക്കിയിരുന്നു. ഇതിനിടയില്‍പെട്ട് പ്രദീപിന്റെയും സുധന്റെയും മുഖവും തലച്ചോറും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ പുറത്തെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു.
ഒന്നര മണിക്കൂറോളം നാട്ടുകാരും നെടുങ്കണ്ടം ഫയര്‍ഫോഴ്സും തീവ്രശ്രമം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പടുകൂറ്റന്‍ ഗ്രാനൈറ്റ് പാളികള്‍ ഇരുപതോളം പേര്‍ ചേര്‍ന്ന് എടുത്ത് പുറത്തേക്ക് മാറ്റിയും ഗ്രാനൈറ്റ് പാളികള്‍ കയറില്‍ കെട്ടി ഉയര്‍ത്തിയുമാണ് രക്ഷ പ്രവര്‍ത്തകര്‍ക്ക് മൃതദേഹം പുറത്തെടുക്കാനായത്.
പൊത്തക്കള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ വീട്ടില്‍ പതിക്കാനായാണ് ഗ്രാനൈറ്റ് എത്തിച്ചത്. കണ്ടയ്നര്‍ ലോറിയില്‍ നിന്നും ഗ്രാനൈറ്റ് മറ്റൊരു ലോറിയിലേക്ക് കയറ്റാനാണ് കരാറുകാരന്‍ അതിഥി തൊഴിലാളികളെ എത്തിച്ചത്. കണ്ടയ്നര്‍ ലോറി റോഡിന്റെ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടന്നതും തൊഴിലാളികളുടെ വൈദഗ്ദ്യ കുറവും അപകടത്തിനിടയാക്കി. മരിച്ച സുധന്റെയും പ്രദീപിന്റെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.