'മരണത്തിന്റെ വ്യാപാരിയെ' റഷ്യയ്ക്ക് തിരികെ നല്‍കി ബാസ്‌കറ്റ്‌ബോള്‍ താരത്തെ മോചിപ്പിച്ച് അമേരിക്ക

'മരണത്തിന്റെ വ്യാപാരിയെ' റഷ്യയ്ക്ക് തിരികെ നല്‍കി ബാസ്‌കറ്റ്‌ബോള്‍ താരത്തെ മോചിപ്പിച്ച് അമേരിക്ക

അമേരിക്ക മോചിപ്പിച്ചത് തീവ്രവാദ സംഘടനകള്‍ക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ നല്‍കിയ കൊടും കുറ്റവാളിയെ

വാഷിങ്ടണ്‍: മരണത്തിന്റെ വ്യാപാരിയെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ ആയുധ ഇടപാടുകാരന്‍ വിക്ടര്‍ ബൗട്ടിനെ റഷ്യയ്ക്ക് തിരികെ നല്‍കി റഷ്യയില്‍ തടവിലായിരുന്ന ബാസ്‌കറ്റ്‌ബോള്‍ താരം ബ്രിട്‌നി ഗ്രൈനറെ മോചിപ്പിച്ച് അമേരിക്ക. ഇരു രാജ്യങ്ങളിലും ജയിലിലായിരുന്ന ഇവരെ ദുബായില്‍ വച്ച് കൈമാറി അതതു രാജ്യങ്ങളിലേക്കു കൊണ്ടുപോയി. ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്.

രണ്ടു തവണ ഒളിംപിക് സ്വര്‍ണ മെഡല്‍ നേടിയ യു.എസ് ടീം അംഗവും വനിതാ ദേശീയ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്റെ ഫീനിക്‌സ് മെര്‍ക്കുറി ടീമിലെ സൂപ്പര്‍ താരവുമായ ബ്രിട്‌നിയെ ലഹരിപദാര്‍ഥം കൈവശം വച്ചതിന് റഷ്യന്‍ അധികൃതര്‍ കഴിഞ്ഞ ഫെബ്രുവരി 17ന് മോസ്‌കോ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന ബ്രിട്‌നിയുടെ വാദം തള്ളി റഷ്യന്‍ കോടതി ഒന്‍പതു വര്‍ഷം തടവിന് ശിക്ഷിച്ചു. അവരെ മോചിപ്പിക്കുന്നതിന് ആരാധകരുടെ മുറവിളി ശക്തമായതോടെ അമേരിക്കന്‍ ഭരണകൂടം ഉന്നതതല ശ്രമം തുടങ്ങി. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലവ്‌റോവിനെ നേരിട്ടു വിളിച്ച് ബ്രിട്‌നിയുടെ മോചനത്തിനു വഴിയൊരുക്കി.


ബ്രിട്‌നി ഗ്രൈനര്‍

ലോകം തേടുന്ന ഏറ്റവും വലിയ കുറ്റവാളിയും അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ അനധികൃതമായി വിറ്റ മുന്‍ റഷ്യന്‍ സൈനികനുമായ ആയുധ വ്യാപാരി വിക്ടര്‍ ബൗട്ടിനെ 2008 ല്‍ തായ്‌ലന്‍ഡില്‍ വച്ച് യുഎസ് അധികൃതര്‍ പിടികൂടുകയായിരുന്നു. 'മരണ വ്യാപാരി' എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2012-ല്‍ അമേരിക്കന്‍ കോടതി ബൗട്ടിന് 25 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. ബൗട്ട് നിരപരാധിയാണെന്നും ശിക്ഷ അനീതിയാണെന്നുമായിരുന്നു റഷ്യയുടെ നിലപാട്.

മുന്‍ സോവിയറ്റ് സൈനിക ഉദ്യോഗസ്ഥനായ ഇയാള്‍ക്കെതിരെ അമേരിക്ക വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൊളംബിയന്‍ വിമതര്‍ക്ക് ഇയാള്‍ ആയുധങ്ങള്‍ വില്‍ക്കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതുകൂടാതെ യു.എന്‍ നിരോധനമുള്ള നിരവധി രാജ്യങ്ങള്‍ക്കും ഇയാള്‍ ആയുധങ്ങള്‍ വിറ്റഴിച്ചതായി ആരോപണമുണ്ട്.

2002 ല്‍ ഇന്റര്‍പോളും ബെല്‍ജിയവും ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ആയുധ വ്യാപാരത്തിന്റെ അധിപന്‍

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷമാണ് വിക്ടര്‍ ആയുധ വ്യാപാരത്തിലേക്ക് ചുവടു മാറ്റുകയും അനധികൃതമായ വഴികളിലൂടെ പണം സമ്പാദിച്ച് തന്റെ സാമ്രാജ്യം വളര്‍ത്തുകയും ചെയ്തത്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ വന്‍ തോതില്‍ ആയുധങ്ങള്‍ വിറ്റഴിച്ച് ആഭ്യന്തര യുദ്ധങ്ങള്‍ പ്രോത്സാഹിപ്പിച്ചു. സോവിയറ്റ് കാലത്തെ അറുപത് സൈനിക വിമാനങ്ങള്‍ സ്വന്തമാക്കി അവ ഉപയോഗിച്ചാണ് ലോകമെമ്പാടും തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റത്.


വിക്ടര്‍ ബൗട്ട്

നിരവധി തീവ്രവാദി സംഘടനകള്‍ക്കും വിമത ഗ്രൂപ്പുകള്‍ക്കും ഇയാള്‍ പണം, ആയുധങ്ങള്‍, വിമാനങ്ങള്‍ എന്നിവ വിറ്റതായി റിപ്പോര്‍ട്ടുണ്ട്. 1990 കാലഘട്ടങ്ങളില്‍ താലിബാനും അല്‍ ഖ്വയ്ദയ്ക്കും ഇയാള്‍ ആയുധങ്ങള്‍ നല്‍കിയതായിരുന്നതായി പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ അംഗോളയിലേക്കും ലൈബീരിയയിലേക്കും സിയേറ ലിയോണിലേക്കുമെല്ലാം വിമത ഗ്രൂപ്പുകള്‍ക്കായി ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഒന്നാം ലൈബീരിയന്‍ ആഭ്യന്തരയുദ്ധത്തില്‍ മുന്‍ ലൈബീരിയന്‍ പ്രസിഡന്റായ ചാള്‍സ് ടെയ്ലര്‍ക്ക് ആയുധമെത്തിച്ചു. ലോകത്തെ പലയിടങ്ങളിലും കള്ളപ്പണം വെളുപ്പിക്കലിലും ബൗട്ടിന് പങ്കുണ്ടായിരുന്നു.

1967ല്‍ സോവിയറ്റ് റഷ്യയിലെ താജിക്കിസ്ഥാനില്‍ ജനിച്ച ബൗട്ട് നിരവധി ഭാഷകളില്‍ പ്രാവീണ്യമുള്ളയാളാണ്. സൈനിക വിവര്‍ത്തകനായാണ് ഇയാള്‍ സോവിയറ്റ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.