വത്തിക്കാന്‍ സിറ്റി: യുദ്ധത്തില്‍ കൊടിയ ദുരിതം അനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കവേ വിതുമ്പിക്കരഞ്ഞ് ഫ്രാന്‍സിസ് പാപ്പാ. റോമിലെ പിയാസ ഡി സ്പാഗ്‌നായിലെ അമലോത്ഭവ മാതാവിന്റെ രൂപത്തിനു മുമ്പാകെ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് ഉക്രെയ്‌നെ ഓര്‍ത്ത് പാപ്പാ കണ്ണീരണിഞ്ഞത്.
പരിശുദ്ധ അമ്മയിലേക്ക് കണ്ണുകള്‍ നട്ടുകൊണ്ട്, 'നാളുകളായി കര്‍ത്താവിനോട് ചോദിക്കുന്ന സമാധാനത്തിനു വേണ്ടി നമുക്ക് യാചിക്കാം'- എന്നു പറഞ്ഞ് മാര്‍പ്പാപ്പ വികാരാധീനനായി, ശബ്ദം വിറയ്ക്കാന്‍ തുടങ്ങി. 30 സെക്കന്‍ഡ് സംസാരിക്കാന്‍ കഴിയാതെ പരിശുദ്ധ പിതാവിന് പ്രാര്‍ത്ഥന നിര്‍ത്തേണ്ടി വന്നു. തുടര്‍ന്ന് പ്രാര്‍ത്ഥന പുനരാരംഭിച്ചപ്പോഴും ശബ്ദം ഇടറിയിരുന്നു.
മാര്‍പാപ്പയുടെ അടുത്തുണ്ടായിരുന്ന റോം മേയര്‍ റോബര്‍ട്ടോ ഗ്വാള്‍ട്ടിയേരി ഉള്‍പ്പെടെയുള്ള ജനക്കൂട്ടം, പാപ്പ വികാരാധീനനായെന്നു മനസിലാക്കിയപ്പോള്‍ കൈയടിച്ച് പിന്തുണ അറിയിച്ചു.
പരിശുദ്ധാത്മാവിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് എപ്പോഴും സ്ഥൈര്യമുള്ളവരായിരിയ്ക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. യുദ്ധത്തിന്റെ ക്രൂരതകളാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ച് പീഡിതരായ ഉക്രെയ്ന്‍ ജനതതിക്ക് ആശ്വാസമാകാന്‍ പരിശുദ്ധ അമ്മയോട് ഫ്രാന്‍സിസ് പാപ്പാ അപേക്ഷിച്ചു.
ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍, ഫ്രാന്‍സിസ് പാപ്പ തന്റെ മിക്കവാറും എല്ലാ പൊതുവേദികളിലും ഉക്രെയ്‌നെ പരാമര്‍ശിക്കുകയും റഷ്യയെ വിമര്‍ശിക്കുകയും ചെയ്യാറുണ്ട്.
അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ഉച്ച കഴിഞ്ഞാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മരിയ മേജര്‍ ബസലിക്കയിലെ പരിശുദ്ധ അമ്മയുടെ രൂപത്തിനു മുന്‍പില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയത്. പ്രാര്‍ത്ഥനക്കു ശേഷം സ്പാനിഷ് എംബസിയുടെ വാതിലുകളില്‍ നിന്ന് തന്നെ ശ്രദ്ധിക്കുന്ന നയതന്ത്രജ്ഞരെയും അവിടെ സന്നിഹിതരായിരുന്ന രോഗികളെയും മാധ്യമപ്രവര്‍ത്തകരെയും പാപ്പാ അഭിവാദ്യം ചെയ്യുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തില്‍, 'യുദ്ധം മനുഷ്യരാശിയുടെ വലിയ വേദനയും പരാജയവുമാണെന്ന്' മാര്‍പാപ്പ വെളിപ്പെടുത്തുകയും ഉക്രെയ്‌നായി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മിഞ്ഞനെല്ലി ചത്വരം എന്ന പേരിലുള്ള സ്പാനിഷ് ചത്വരത്തില്‍ 1857 ഡിസംബര്‍ എട്ടിന് സ്ഥാപിക്കപ്പെട്ട പരിശുദ്ധ അമ്മയുടെ രൂപത്തിനു മുന്നിലാണ് പാപ്പാ വികാരാധീനനായത്. 1953-ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പയാണ് ഡിസംബര്‍ എട്ടിന് ഇവിടെ വന്നു പ്രാര്‍ത്ഥിക്കുന്ന പതിവ് ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് പാപ്പ ഇവിടെ വിശ്വാസികള്‍ക്കൊപ്പം പരസ്യമായി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നു 2020-ലും, 2021-ലും പാപ്പ ഒറ്റയ്ക്കാണ് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.