ശ്രീനിജന്റെ പരാതിക്കു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയെന്ന് സാബു എം. ജേക്കബ്

 ശ്രീനിജന്റെ പരാതിക്കു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയെന്ന് സാബു എം. ജേക്കബ്

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി.വി ശ്രീനിജന്‍ നല്‍കിയ പരാതിയില്‍ തനിക്കെതിരെ പൊലീസ് കേസെടുത്തത് വ്യക്തമായ ഗൂഢാലോചനയെന്ന് ട്വന്റി 20 കോ ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്.

വേദിയില്‍ വച്ച് അപമാനിച്ചെന്നും പലതവണ വിവേചനപരമായി പെരുമാറിയെന്നും കാണിച്ച് പി.വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ പുത്തന്‍കുരിശ് പൊലീസാണ് കേസെടുത്തത്. സാബു എം.ജേക്കബാണ് പ്രധാന പ്രതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കാണ് രണ്ടാം പ്രതി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ട്വന്റി 20യെ ഇല്ലാതാക്കാനായി ശ്രീനിജന്‍ തന്റെ കമ്പനികളെ ആക്രമിച്ചതായും അങ്ങനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും സാബു എം. ജേക്കബ് പറഞ്ഞു.

തിരുവാണിയൂര്‍ പഞ്ചായത്തില്‍ ഡിസംബര്‍ ആറിന് പതിനായിരത്തോളം പേര്‍ പങ്കെടുത്ത ട്വന്റി 20 പരിപാടിയെ തുടര്‍ന്ന് കുന്നത്തുനാട്ടിലെ ഒരു പഞ്ചായത്ത് കൂടി തങ്ങള്‍ക്ക് നഷ്ടമാകും എന്ന ഭയപ്പാടില്‍ നല്‍കിയ കേസാണിതെന്നും സാബു ജേക്കബ് ആരോപിച്ചു.

എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിടണമോ എന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്നും മുഖ്യധാരാ പാര്‍ട്ടികളുടെ നേതാക്കളുടെ ഒരു പരിപാടിയിലും വേദി പങ്കിടണ്ട എന്നതാണ് പാര്‍ട്ടി തീരുമാനമെന്നും സാബു ജേക്കബ് വ്യക്തമാക്കി.

അതിനാലാണ് ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്ക് അടക്കം വേദിയില്‍ നിന്നും മാറി സദസിലിരുന്നത്. അതിനെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കുന്നത് അധികാരം വച്ച് എന്ത് വൃത്തികേടും കാണിക്കുന്നതിന് തുല്യമാണെന്ന് സാബു എം.ജേക്കബ് ആരോപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.