ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് വളം വെയ്ക്കുന്ന നിലപാട് പാകിസ്ഥാന്‍ തുടരുന്ന കാലത്തോളം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം സാധ്യമല്ലെന്ന് ജയശങ്കര്‍ തുറന്നടിച്ചു.
2023 ലെ ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേയ്ക്ക് പോകില്ല എന്ന് ബിസിസിഐയും വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ നിലപാടിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തു വന്നു. എന്നാല്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും പാകിസ്ഥാന്‍ വിട്ടു നില്‍ക്കാതെ ഒരു ചര്‍ച്ചയ്ക്കും ബന്ധങ്ങള്‍ക്കും തയ്യാറല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
'ടൂര്‍ണമെന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്, എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കും. ഇത് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. ഞാന്‍ നിങ്ങളുടെ തലയില്‍ തോക്ക് വച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാന്‍ കഴിയുമോ? നിങ്ങളുടെ അയല്‍ക്കാരന്‍ തീവ്രവാദത്തെ പരസ്യമായി സഹായിക്കുകയാണെങ്കില്‍ അയാളുമായി സന്ധി ചേരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അതിര്‍ത്തി കടന്നുള്ള ഭീകരത സാധാരണമാണെന്ന് നാം ഒരിക്കലും കരുതരുത്. തീവ്രവാദത്തെ സഹായിക്കുന്ന മറ്റേതെങ്കിലും ഒരു അയല്‍ രാജ്യത്തെ നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ? അങ്ങനെ മറ്റൊരു രാജ്യമില്ല. അതിനാല്‍ പാകിസ്ഥാനുമായി ഒരു ബന്ധത്തിനും ഇന്ത്യ തയ്യാറല്ല' എന്ന് എസ്. ജയശങ്കര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ടീം പാകിസ്ഥാനിലേയ്ക്ക് വരില്ല എന്ന കാരണം കൊണ്ട് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കി മറ്റൊരു വേദിയില്‍ മത്സരം നിശ്ചയിച്ചാല്‍ ടൂര്‍ണമെന്റ് തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റുമെന്ന് ഒക്ടോബറില്‍ ബിസിസിഐ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ ജയ് ഷാ വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെയ്താല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്നായിരുന്നു അന്ന് പാകിസ്ഥാന്റെ ഭീഷണി. 2012 ലാണ് ഇരു ടീമുകളും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.