ഗുജറാത്തിനെ വീണ്ടും ഭൂപേന്ദ്ര പട്ടേല്‍ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

ഗുജറാത്തിനെ വീണ്ടും ഭൂപേന്ദ്ര പട്ടേല്‍ നയിക്കും; സത്യപ്രതിജ്ഞ തിങ്കളാഴ്ച

അഹമ്മദാബാദ്: ചരിത്ര വിജയത്തിന് പിന്നാലെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഭൂപേന്ദ്ര പട്ടേല്‍. ബിജെപി നിയമസഭാംഗങ്ങളുടെ യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിനെ നാമനിര്‍ദേശം ചെയ്തു. സത്യപ്രതിജ്ഞ ഡിസംബര്‍ 12 തിങ്കളാഴ്ച നടക്കും.

എംഎല്‍എ കനു ദേശായി ആണ് പട്ടേലിന്റെ പേര് നിര്‍ദേശിച്ചത്. ബിജെപി എംഎല്‍എമാര്‍ നാമനിര്‍ദേശം അംഗീകരിച്ചു. ഘട്ലോദിയ മണ്ഡലത്തില്‍ നിന്ന് 1.92 ലക്ഷം വോട്ടുകളുടെ പിന്‍ബലത്തിലാണ് ഭൂപേന്ദ്ര പട്ടേലിന്റെ വിജയം.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഗാന്ധിനഗറിലാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നത്. വിജയിച്ച എംഎല്‍എമാര്‍ക്ക് പുറമെ പാര്‍ട്ടി നിരീക്ഷകരും മുതിര്‍ന്ന നേതാക്കളുമായ രാജ്നാഥ് സിങ്, ബിഎസ് യെദ്യൂരപ്പ, അര്‍ജുന്‍ മുണ്ട എന്നിവര്‍ പങ്കെടുത്തു. ഡിസംബര്‍ 12 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.

182 അംഗ നിയമസഭയില്‍ 156 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. തുടര്‍ച്ചയായി ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത്. 2017 ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.