ലോകകപ്പ് മത്സരത്തിനിടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

ലോകകപ്പ് മത്സരത്തിനിടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു

മരിച്ചത് റെയിന്‍ബോ ടീഷര്‍ട്ട് ധരിച്ചെത്തിയതിന് ഖത്തര്‍ തടഞ്ഞുവെച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തി

ദോഹ: അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗ്രാന്റ് വാല്‍ ഖത്തറില്‍ അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. 48 വയസായിരുന്നു.

ലുസൈല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗ്രാന്റ് കുഴഞ്ഞുവീണത്. മത്സരത്തിന്റെ അധികസമയത്ത് ലുസൈല്‍ സ്റ്റേഡിയത്തിലെ മീഡിയ പ്രസ് ബോക്‌സിലിരിക്കെയാണ് അദ്ദേഹം കുഴഞ്ഞുവീണതെന്നും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന് ഒപ്പമിരുന്ന യുഎസ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തിന് നിരോധനമുള്ള ഖത്തറില്‍ ലോകകപ്പ് മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ നവംബര്‍ 21ന് 'മഴവില്‍' ടീഷര്‍ട്ട് ധരിച്ചെത്തിയപ്പോള്‍, തന്നെ അമേരിക്ക - വെയില്‍സ് മത്സരം നടക്കുന്ന അല്‍ റയാനിലെ അഹമ്മദ് ബിന്‍ സ്റ്റേഡിയത്തില്‍ തടഞ്ഞുവെച്ചെന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിക്ക് പിന്തുണ അറിയിച്ചാണ് മഴവില്‍ ടിഷര്‍ട്ട് ധരിച്ചത്.

മഴവില്‍ ടീഷര്‍ട്ട് മാറ്റാന്‍ സംഘാടകര്‍ തന്നോട് ആവശ്യപ്പെട്ടെന്നും സംഭവത്തിന് പിന്നാലെ മറ്റൊരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സമീപിച്ച് ക്ഷമാപണം നടത്തി അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്നും ഫിഫയുടെ പ്രതിനിധി ക്ഷമ ചോദിച്ചതായും ഗ്രാന്റ് വാല്‍ ട്വീറ്റ് ചെയ്തിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സ തേടിയതായി കഴിഞ്ഞ ദിവസം ഗ്രാന്റ് വാല്‍ ട്വീറ്റ് ചെയ്തതായി ഇ എസ് പി എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉറക്കക്കുറവും സമ്മര്‍ദ്ദവും സ്ട്രസ്സും ജോലി ഭാരവും തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നായിരുന്നു വാല്‍ കുറിച്ചത്. കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രധാന മീഡിയ സെന്ററിലുള്ള മെഡിക്കല്‍ ക്ലിനിക്കിലെത്തി. പരിശോധനയ്ക്ക് ശേഷം ആന്റിബയോട്ടിക്കുകളും ചുമയ്ക്കുള്ള മരുന്നും നല്‍കിയതായും ഇപ്പോള്‍ ഭേദം തോന്നുന്നുവെന്നും വാല്‍ അറിയിച്ചിരുന്നു.

കരിയറിലെ എട്ടാമത്തെ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായിരുന്നു ഗ്രാന്റ് വാല്‍ ഖത്തറിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.