കീവ്: പരിശുദ്ധ മറിയത്തിനോടുള്ള പ്രാര്‍ത്ഥനയ്ക്കിടെ ഉക്രെയ്ന്‍ ജനതയെ ഓര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ വിതുമ്പിക്കരഞ്ഞതിനു പിന്നാലെ പ്രതികരണവുമായി ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി. മാര്‍പ്പാപ്പയുടെ കണ്ണീരും വാക്കുകളും തങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതാണെന്നും പരിശുദ്ധ പിതാവിന്റെ ഈ അനുകമ്പ ഉക്രെയ്ന്‍ ജനതയുടെ ഹൃദയങ്ങളിലേക്ക് നേരിട്ടാണു ചെല്ലുന്നതെന്നും വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു
മാര്‍പ്പാപ്പ വാഗ്ദാനം ചെയ്യുന്ന ആത്മീയ പിന്തുണ തങ്ങള്‍ക്ക് ഏറെ അനിവാര്യമായ സമയമാണിത്. തീര്‍ച്ചയായും ഞങ്ങള്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. അതേസമയം റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇതുവരെ സമയമായിട്ടില്ലെന്നും ദിമിട്രോ കുലേബ പറഞ്ഞു.
റോമന്‍ കത്തോലിക്കാ സഭയിലും ഗ്രീക്ക് കത്തോലിക്കാ സഭയിലുമായി മാര്‍പ്പാപ്പയ്ക്ക് ഇവിടെ ധാരാളം അനുയായികളുണ്ട്. എന്നാല്‍ അതിനപ്പുറം, ഉക്രെയ്‌നിലെ വിശാലമായ സമൂഹം മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നവരാണ്. കാരണം ഫ്രാന്‍സിസ് പാപ്പ അനുകമ്പയുടെയും ആത്മീയ പിന്തുണയുടെയും പ്രതീകമാണ്. പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു - ദിമിട്രോ കുലേബ പറഞ്ഞു. സമാധാനത്തിനായി വത്തിക്കാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം റോമിലെ പിയാസ ഡി സ്പാഗ്നായിലെ അമലോത്ഭവ മാതാവിന്റെ രൂപത്തിനു മുമ്പാകെ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് ഉക്രെയ്നെ ഓര്‍ത്ത് പാപ്പാ കണ്ണീരണിഞ്ഞത്. ഉക്രെയ്‌നിലെ ജനങ്ങളുടെ ദുരിതം പരിശുദ്ധ കന്യകാമറിയത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചപ്പോഴാണ് മാര്‍പ്പാപ്പ വിതുമ്പിക്കരഞ്ഞത്. പാപ്പ കുറച്ചു നിമിഷങ്ങള്‍ നിശബ്ദനായി നിന്നതോടെ വിശ്വാസികള്‍ കരഘോഷം മുഴക്കുകയും മാതാവിന്റെ മുന്‍പില്‍ വീണ്ടും പ്രതീക്ഷകളോടെ, വിശ്വാസത്തോടെ ഉക്രെയ്ന്‍ ജനതക്കുവേണ്ടി പ്രാര്‍ത്ഥന തുടരുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.