എം.വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

 എം.വി ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ച്  സിപിഐ

കൊച്ചി: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനയില്‍ അതൃപ്തിയുമായി സിപിഐ നേതൃത്വം.

യുഡിഎഫിലെ ഒരു കക്ഷിയെ പുകഴ്‌ത്തേണ്ട കാര്യം ഇല്ലായിരുന്നുവെന്നും യുഡിഎഫ് വിടില്ലെന്ന ലീഗ് മറുപടി ചോദിച്ചു വാങ്ങിയത് പോലെയായെന്നും മുതിര്‍ന്ന സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം പറഞ്ഞു.

ഇപ്പോള്‍ ലീഗിനെ ഇടത് മുന്നണിയില്‍ എടുക്കുന്നുവെന്ന ചര്‍ച്ചകള്‍ അപക്വമാണ്. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു. ഇനിയും ചര്‍ച്ച ചെയ്യുന്നത് വാര്‍ത്താ ദാരിദ്ര്യമാണന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഏക സിവില്‍ കോഡ് ബില്‍ ചര്‍ച്ചക്ക് എടുത്തു കൂട എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവെക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എന്നാല്‍ വര്‍ഗീയമായ ചില ചാഞ്ചാട്ടങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലന്നും അവരെ എസ്ഡിപിഐ, പിഎഫ്‌ഐ പോലെ വര്‍ഗീയ പാര്‍ട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുസ്ലീം ലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയില്‍ കുരുങ്ങാതെയാണ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇതിനോട് പ്രതികരിച്ചത്. എം.വി ഗോവിന്ദന്‍ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

സിപിഎമ്മിന്റെ മനസിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതികരിച്ചു. ഇതിന് പിന്നാലെ കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് തന്റെ പ്രശംസ വിശദീകരിച്ച് എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.