തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം. ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ക്രിസ്മസ് ആഘോഷ വേളയില്‍ മതപുരോഹിതരാണ് എത്തിയത്.
ഇന്നലെ രാജ്ഭവനില്‍ നിന്നയച്ച ക്ഷണക്കത്തില്‍ ഈ മാസം 14 ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാകും.
മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടല്‍ തുടരുമ്പോഴുള്ള ഗവര്‍ണറുടെ ക്ഷണം, ഓണാഘോഷത്തിന് സര്‍ക്കാര്‍ പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കാത്തതിലുള്ള മധുരപ്രതികാരമായാണ് വിലയിരുത്തപ്പെടുന്നത്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടായാലും രാജ്ഭവനില്‍ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലര്‍ത്തുന്ന കീഴ്വഴക്കം.
സ്പീക്കര്‍ എ.എന്‍ ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13 ന് പൂര്‍ത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവര്‍ണര്‍ ആഘോഷം 14 ന് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഈ വര്‍ഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.