അഗ്‌നിശമന സേനാംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനം നല്ല സമരിയാക്കാരന്റെ ഉപമയെ പ്രതിഫലിപ്പിക്കുന്നു: മാര്‍പ്പാപ്പ

അഗ്‌നിശമന സേനാംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനം നല്ല സമരിയാക്കാരന്റെ ഉപമയെ പ്രതിഫലിപ്പിക്കുന്നു: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: നല്ല സമരിയാക്കാരന്റെ ഉപമയെ പ്രതിഫലിപ്പിക്കുന്നതാണ് അഗ്‌നിശമന സേനാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സേവനവും സമര്‍പ്പണവുമെന്ന് ഫ്രാന്‍സിസ് പാപ്പ. പൗരജീവിതത്തിന് സുരക്ഷിതത്വവും പ്രശാന്തതയും ഉറപ്പു നല്‍കുന്നവരാണ് അഗ്‌നിശമന സേനാംഗങ്ങളെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയിലെ അഗ്‌നിശമന സേനാംഗങ്ങളുടെ മൂവായിരത്തോളം പ്രതിനിധികളെ ശനിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച് അവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. പോള്‍ ആറാമന്‍ ഹാളിലായിരുന്നു കൂടിക്കാഴ്ച്ച.

ഇറ്റാലിയന്‍ ദ്വീപായ ഇസ്‌ക്കിയയില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പാപ്പാ നന്ദിയോടെ ഓര്‍ത്തു. ദുരന്തങ്ങളെ നേരിടുന്നതിനും ആളുകളെ രക്ഷിക്കുന്നതിനുമുള്ള അവരുടെ വിലയേറിയ സേവനം നല്ല സമരിയാക്കാരന്റെ പ്രവൃത്തിക്കു തുല്യമാണെന്ന് പാപ്പ ഓര്‍മപ്പെടുത്തി.

മുറിവേറ്റവരെ സഹായിക്കാനുള്ള അഗ്‌നിശമന സേനാംഗങ്ങളുടെ നിസ്വാര്‍ത്ഥമായ സമര്‍പ്പണം, അവന്‍ നമ്മെ സ്നേഹിച്ചതുപോലെ അന്യോന്യം സ്നേഹിക്കണമെന്നുള്ള യേശുവിന്റെ കല്‍പ്പനയെ പ്രതിഫലിപ്പിക്കുന്നു. അവരുടെ സമര്‍പ്പണബോധം, നിസ്വാര്‍ത്ഥത, ധൈര്യം, ത്യാഗ സന്നദ്ധത എന്നിവയില്‍ അഭിമാനിക്കുന്നുവെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി.

ക്രിസ്തീയ വീക്ഷണത്തില്‍ അഗ്‌നിശമന സേനാംഗങ്ങളുടെ ദൗത്യം, കവര്‍ച്ച ചെയ്യപ്പെട്ട് മുറിവേറ്റു കിടന്നിരുന്ന മനുഷ്യനെ സഹായിക്കുന്ന നല്ല സമരിയാക്കാരന്റെ ഉപമയിലേക്കാണ് നമ്മെ ആനയിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. മുറിവേറ്റ ലോകത്തെ പുനര്‍നിര്‍മ്മിക്കാന്‍ നാം ചെയ്യേണ്ട പ്രവൃത്തിയെ വാചാലമായി അവതരിപ്പിക്കുകയാണ് ഈ ഉപമയെന്നും പാപ്പാ പറഞ്ഞു.

നിസംഗതയും കഠിനഹൃദയവും മൂലം ചിലര്‍ മുഖം തിരിച്ചു പോയപ്പോള്‍ നല്ല സമരിയക്കാരനാകട്ടെ, ഉപവിയും സന്നദ്ധതയും പ്രകടിപ്പിക്കുകയാണ് ചെയ്തതെന്ന് പാപ്പാ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇറ്റലിയിലെ ജനതയുടെ സുദീര്‍ഘമായ ഐക്യദാര്‍ഢ്യ പാരമ്പര്യത്തിന്റെ ആവിഷ്‌ക്കാരമാണെന്നും പാപ്പാ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26