അടിസ്ഥാന സൗകര്യ മേഖലയില്‍ ശ്രദ്ധയോടെ നിക്ഷേപം; ഗള്‍ഫ് രാജ്യങ്ങളുടെ വികസന മാതൃക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

അടിസ്ഥാന സൗകര്യ മേഖലയില്‍ ശ്രദ്ധയോടെ നിക്ഷേപം; ഗള്‍ഫ് രാജ്യങ്ങളുടെ വികസന മാതൃക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

നാഗ്പുര്‍: ഗല്‍ഫ് രാജ്യങ്ങളുടെ വികസന മാതൃക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗള്‍ഫ് രാജ്യങ്ങളും സിംഗപ്പൂരും അടക്കമുള്ളവ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയത് അടിസ്ഥാന സൗകര്യ മേഖലയില്‍ ശ്രദ്ധയോടെ നിക്ഷേപം നടത്തിയതുകൊണ്ടാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നാഗ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ കുറുക്കു വഴികള്‍ സ്വീകരിക്കുന്നതുകൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകാന്‍ പോകുന്നില്ല. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്ത് വികസനം ഉറപ്പാക്കുന്നതിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ വികസനത്തിന് ദീര്‍ഘ വീക്ഷണം അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനമാണ് വികസനത്തിന്റെ അടിസ്ഥാന ഘടകമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദക്ഷിണ കൊറിയ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ് വന്‍ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ മേഖലയില്‍ നടത്തിയ ആധുനികവത്കരണമാണ് ഗള്‍ഫ് രാജ്യങ്ങളെ പുരോഗതിയുടെ മുന്‍പന്തിയിലെത്തിച്ചത്.

അടിസ്ഥാന സൗകര്യ വികസനവും ശരിയായ സാമ്പത്തിക നയങ്ങളുമാണ് സിംഗപ്പൂരിന്റെ വികസന കുതിപ്പിനു പിന്നില്‍. സാധാരണ ദ്വീപ് രാഷ്ട്രമായിരുന്ന സിംഗപ്പൂര്‍ ഇന്ന് സാമ്പത്തിക രംഗത്തെ വലിയ ശക്തിയാണ്. കുറുക്കുവഴിയിലൂടെയുള്ള രാഷ്ട്രീയവും നികുതി ദായകരുടെ പണം അപഹരിക്കലുമാണ് നടന്നിരുന്നതെങ്കില്‍ ആ രാജ്യത്തിന് ഇന്നത്തെ നിലയില്‍ എത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ മുമ്പ് ഇന്ത്യയിലെ അവസ്ഥ മറിച്ചായിരുന്നു. അഴിമതി നടത്തുന്നതിനും വോട്ട് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുമാണ് മുമ്പ് നികുതിദായകരുടെ പണം വിനിയോഗിച്ചിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.