'ട്രംപിന്റെ 66 ഹോട്ടലുകളുടെ സിഇഒ, ബാങ്ക് ബാലന്‍സ് 56 കോടി'; വിവാഹ തട്ടിപ്പ് വീരന്‍ ഒടുവില്‍ പൊലീസ് പിടിയില്‍

'ട്രംപിന്റെ 66 ഹോട്ടലുകളുടെ സിഇഒ, ബാങ്ക് ബാലന്‍സ് 56 കോടി'; വിവാഹ തട്ടിപ്പ് വീരന്‍ ഒടുവില്‍ പൊലീസ് പിടിയില്‍

കോട്ടയം: സംസ്ഥാനത്തൊട്ടാകെ സ്ത്രീകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത വിവാഹത്തട്ടിപ്പ് വീരന്‍ പൊലീസിന്റെ പിടിയിലായി. സജികുമാര്‍, ശ്രീഹരി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന തട്ടിപ്പുകാരനെയാണ് മാവേലിക്കര പൊലീസ് കോട്ടയം നാട്ടകം സിമന്റ് കവലയില്‍ നിന്നും പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ത്രീകളില്‍ നിന്നും ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്.

പിടിയിലാകുമ്പോള്‍ നാട്ടകം സിമന്റ് കവലയില്‍ ഒരു യുവതിയ്ക്കൊപ്പം താമസിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.

കോട്ടയം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായി നിരവധി സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചിരിക്കുന്നത്. മെട്രോ മാട്രിമൊണി എന്ന ഓണ്‍ലൈന്‍ മാട്രിമോണി സൈറ്റില്‍ വിവാഹ പരസ്യം കണ്ടാണ് ഇയാള്‍ സ്ത്രീകളെയും യുവതികളെയും ബന്ധപ്പെട്ടിരുന്നത്. ഓരോ സ്ത്രീകളോടും വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണ് ഇയാള്‍ പണം തട്ടിയിരുന്നത്. എറണാകുളം സ്വദേശിയായ യുവതിയോട് ഇയാള്‍ നവംബര്‍ മാസം വിവാഹം കഴിക്കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. അബുദാബിയില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ കമ്പനിയില്‍ ജോലിയാണ് എന്നാണ് ഇയാള്‍ ഇവരെ വിശ്വസിപ്പിച്ചത്. ഇത് വിശ്വസിച്ചാണ് സ്ത്രീകളില്‍ പലരും വിവാഹത്തിന് സമ്മതിച്ചിരുന്നത്.

ഒക്ടോബറിലാണ് എറണാകുളം സ്വദേശിയായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ ഇവരോട് നവംബര്‍ പകുതിയോടെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തു. ഇതിനിടെ സ്വന്തം കമ്പനിയില്‍ അപകടമുണ്ടായി നാലു പേര്‍ മരിച്ചെന്നും വിവാഹത്തിന് എത്തണമെങ്കില്‍ നാലര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇയാളുടെ ആവശ്യ പ്രകാരം യുവതി നാലര ലക്ഷം രൂപ നല്‍കി. ഈ പണം ലഭിച്ചതിനു പിന്നാലെ ഇയാള്‍ മെസേജ് അയക്കുന്നത് അടക്കം നിര്‍ത്തി. ഇതോടെയാണ് തങ്ങള്‍ തട്ടിപ്പിന് ഇരയായതായി ഇവര്‍ക്കു വ്യക്തമായത്.

ഇതിനിടെ മാവേലിക്കര സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ച് ഇയാള്‍ രണ്ടരലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. ഇവരോട് തന്റെ അക്കൗണ്ടില്‍ 56 കോടി രൂപയുണ്ടെന്നും കൈയ്യില്‍ 300 പവനുണ്ടെന്നും വിശ്വസിപ്പിച്ചാണ് വിവാഹ ആലോചന ക്ഷണിച്ചത്. മെട്രോ മാട്രി മോണി എന്ന സൈറ്റ് വഴിയാണ് ഇവര്‍ക്ക് വിവാഹാലോചന വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരും ബന്ധപ്പെട്ടത്. എന്നാല്‍, തന്റെ ഒന്നരക്കോടി രൂപ വില വരുന്ന കാര്‍ അപകടത്തില്‍പ്പെട്ടന്നും ഇതിന്റെ അറ്റകുറ്റപണികള്‍ക്കായി പണം ആവശ്യമുണ്ടെന്നും കാട്ടിയാണ് രണ്ടര ലക്ഷം രൂപ പ്രതി തട്ടിയെടുത്തത്.

പിന്നീട് ഇയാളെപ്പറ്റി വിവരമൊന്നുമുണ്ടായിരുന്നില്ല. ഇതിനിടെ പ്രതി അയച്ചു നല്‍കിയ ചിത്രത്തിലെ ടീഷര്‍ട്ടില്‍ ഇയാളുടെ ഹോട്ടലിന്റെ പേരുണ്ടായിരുന്നു. ഈ പേര് കണ്ടെത്തി ഹോട്ടലുമായി ബന്ധപ്പെട്ടാണ് ഇയാളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ പ്രതി ഇവിടെ നാട്ടകം സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത് ഒപ്പം താമസിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിയെ മാവേലിക്കര സ്വദേശിനി കണ്ടെത്തുകയും പൊലീസിനെ ഉപയോഗിച്ച് പിടികൂടുകയും ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.