തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയം; ബെംഗളൂരു എഫ്.സിയേും തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ജയം; ബെംഗളൂരു എഫ്.സിയേും തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

 കൊച്ചി: വിജയപാതയില്‍ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ ജൈത്രയാത്ര തുടരുന്നു. ഹോം ഗ്രൗണ്ടില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മിന്നും പ്രകടനം നടത്തി ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. 

ഐഎസ്എല്ലില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ ജയിക്കുന്നത്. മാര്‍ക്കോ ലെസ്‌കോവിച്ച്, ദിമിത്രിയോസ് ഡയമന്റക്കോസ്, അപ്പോസ്തൊലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്‌കോറര്‍മാര്‍. ബെംഗളൂരുവിനായി സുനില്‍ ഛേത്രി, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു.

കഴിഞ്ഞ മത്സരത്തില്‍ നിന്നും മാറ്റമില്ലാത്ത ആദ്യ ഇലവനെയാണ് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമനോവിച്ച് ഇന്നലെ ഗ്രൗണ്ടിലെത്തിച്ചത്. പ്രതിരോധത്തില്‍ സന്ദീപ് സിംഗും ഹോര്‍മിപാമും നിഷു കുമാറും ലെസ്‌കോവിച്ചും അണിനിരന്നപ്പോള്‍ മധ്യനിരയില്‍ ഇവാന്‍ കലിയൂഷ്നി ജീക്സണ്‍സിംഗ്, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ എന്നിവരെത്തി. ദിമിത്രിയെ മുന്നേറ്റത്തിന്റെ ചുമതലയേല്‍പ്പിച്ചു. 

പ്രഭ്‌സുഖന്‍ ഗില്‍ ഗോള്‍വല കാത്തു. ബംഗളൂരുവില്‍ ഇന്ത്യന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി നയിക്കുന്ന മുന്നേറ്റ നിരയില്‍ റോയ് കൃഷ്ണയും ഡനീഷ് ഫറൂഖും ഇടം പിടിച്ചു. ഏറെക്കാലം ബ്ലാസ്റ്റേഴ്സിനായി കളിച്ച് സന്ദേശ് ജിങ്കനും ബാംഗ്ലൂരിനായി കളത്തിലിറങ്ങി.

കളിയുടെ ആദ്യമിനിറ്റുകളില്‍ തന്നെ ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചെങ്കിലും അത് ഗോളിലേക്കെത്തികാന്‍ കഴിഞ്ഞില്ല. 12 ാം മിനിറ്റില്‍ എതിരാളികളായ ബംഗളൂരുവിന് ഗോള്‍ വല കുലുക്കാന്‍ അവസരം ലഭിച്ചു. അനുകൂലമായി ലഭിച്ച പെനാല്‍ട്ടിയിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. 

ബംഗളൂരു ലീഡ് നേടിയതോടെ ഗോള്‍ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ആരംഭിച്ചു. ബോക്‌സിന് തൊട്ട് മുന്നില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ക്യാപ്റ്റന്‍ ലൂണ പാഴാക്കിയതും മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. കിട്ടിയ അവസരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്തേയ്ക്ക് ഓടിയെത്തിക്കൊണ്ടിരുന്ന റോയി കൃഷ്ണയായിരുന്നു ഏറെ അപകടകാരി. 

25-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ബോക്‌സിന് വെളിയില്‍ ദിമിത്രിയോസിനെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് എടുത്ത ലൂണയുടെ കിക്ക് പോസ്റ്റിലിടിച്ച് വെളിയിലേയ്ക്ക്. സന്ദീപ് സിംഗിലേക്ക് എത്തിയ പന്ത് ബോക്സിലേക്ക് നീട്ടി നല്‍കിയതും കാത്തുനിന്ന പ്രതിരോധ താരം ലെസ്‌കോവിച്ച് അത് ഗോളാക്കി മാറ്റി. സമനിലയിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ആക്രമണം ആരംഭിച്ചു. 43-ാം മിനിറ്റില്‍ ദിമിത്രിയോസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.  

രണ്ടാം പകുതി ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളുമായി മത്സരിച്ചു കളിച്ചു. ഇരു കൂട്ടര്‍ക്കും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ 81ാം മിനിറ്റില്‍ ബംഗളൂരു രണ്ടാം ഗോള്‍ നേടി. ജാവിയര്‍ ഹെര്‍ണാണ്ടസാണ് ബംഗളൂരുവിനായി രണ്ടാം ഗോള്‍ നേടിക്കൊടുത്തത്. തുടര്‍ന്ന് സമനിലയ്ക്കായുള്ള ബംഗളൂരുവിന്റെ ശ്രമങ്ങള്‍ ബ്ലാസ്റ്റേഴ്സ് വിഫലമാക്കി. ഇന്നലത്തെ ജയത്തോടെ 18 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്തേയ്ക്ക് ഉയരാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.