തിരുവനന്തപുരം: മാന്‍ഡൂസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. കാസര്‍കോട് ഒഴികെ 13 ജില്ലകളിലും മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത പ്രവചിക്കുന്നു.
നാളെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ കര തൊട്ട മാന്‍ഡൂസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയതാണ് മഴ ശക്തമാകാന്‍ കാരണം. ചക്രവാതചുഴി വടക്കന്‍ കേരള കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. ഇത് കാരണം കേരളത്തില്‍ ഡിസംബര്‍ 13 വരെ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിട്ടുള്ളത്.
കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ 13 വരെ മത്സ്യബന്ധനത്തിനു പോകരുതെന്നും നിര്‍ദേശമുണ്ട്. നാളെയും മറ്റന്നാളും തെക്കു കിഴക്കന്‍ അറബിക്കടല്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, കേരള കര്‍ണാടക തീരം, ലക്ഷദ്വീപ് തീരം എന്നിവടിങ്ങളഇല് കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.