അഹമ്മദാബാദ്: ചരിത്ര വിജയത്തോടെ ബിജെപി അധികാര തുടര്‍ച്ച നേടിയ ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ത്രിസഭയില്‍ ആദ്യ ഘട്ടത്തില്‍ 20 പേരുണ്ടാവുമെന്നാണ് വിവരം.
തിരഞ്ഞെടുപ്പില്‍ 182 അംഗ നിയമസഭയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി 156 സീറ്റുകളുമായാണ് ബിജെപി അധികാരത്തുടര്‍ച്ച നേടിയത്. തുടര്‍ച്ചയായ ഏഴാം തവണയാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ഇക്കാര്യത്തില്‍ ബംഗാളിലെ സിപിഎം റെക്കോര്‍ഡിനൊപ്പം ബിജെപിയും എത്തി.
17 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസും അഞ്ചു സീറ്റുമായി ആം ആദ്മി പാര്‍ട്ടി ശുഷ്‌കമായ പ്രതിപക്ഷത്തുണ്ട്. ഇതിനിടെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാന്‍ നീക്കം തുടങ്ങിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഭൂപദ് ബയാനി ഇന്ന് തിരുമാനം പ്രഖ്യാപിച്ചേക്കും. ഭൂപദിനൊപ്പം എഎപി പാര്‍ട്ടിയുടെ മറ്റ് നാല് എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ചയിലാണെന്നാണ് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെ മാധ്യമങ്ങളെ കണ്ട ഭൂപദ് ബയാനി താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് പറയുമ്പോഴും പൊതുജനങ്ങളോട് അവര്‍ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറയുന്നു. ഗുജറാത്തിലെ വിസാവാദര്‍ നിയമസഭാ സീറ്റില്‍ നിന്ന് എഎപി ടിക്കറ്റിലാണ് ഭയാനി വിജയിച്ചത്. നേരത്തെ ബിജെപിയിലായിരുന്ന ഭയാനി തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് എഎപി ടിക്കറ്റില്‍ മത്സരിച്ചു ജയിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.