ന്യൂയോര്‍ക്: സ്‌കോട്ട്ലന്‍ഡിലെ ലോക്കര്‍ബിയില്‍ യാത്രാ വിമാനം പൊട്ടിത്തെറിച്ച് 270 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റാരോപിതന്‍ പിടിയില്‍. 1988 ഡിസംബര്‍ 21 നാണ് ദാരുണമായ സംഭവം നടന്നത്. മുന്‍ ലിബിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അബു അഗില മുഹമ്മദ് മസ്ഊദാണ് അമേരിക്കന്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. എങ്ങനെയാണ് ഇയാളെ അമേരിക്കയിലെത്തിച്ചതെന്ന് വ്യക്തമല്ല.
2020ല്‍ ദുരന്തത്തിന്റെ 32ാം വാര്‍ഷിക വേളയിലാണ് യു.എസ് നീതിന്യായ വകുപ്പ് മസ്ഊദിനെതിരെ കുറ്റപത്രം ചുമത്തിയതായി അറിയിച്ചത്.
ലോക്കര്‍ബി യു.എസ് ചരിത്രത്തിലെ രണ്ടാമത്തെ മാരകമായ വ്യോമാക്രമണമായാണ് കണക്കാക്കുന്നത്. ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട പാന്‍ ആം വിമാനം 103, സ്‌കോട്ട്ലന്‍ഡിലെ ലോക്കര്‍ബിക്കു മുകളില്‍ ബോംബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു. 243 യാത്രികരും 16 കാബിന്‍ക്രൂ അംഗങ്ങളും 11 ലോക്കര്‍ബി നിവാസികളും കൊല്ലപ്പെട്ടു. യാത്രക്കാരില്‍ 189 പേര്‍ അമേരിക്കന്‍ പൗരന്മാരായിരുന്നു.
കാസറ്റ് പ്ലെയറില്‍ ഒളിപ്പിച്ച് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡ് ഏരിയയില്‍ സ്ഥാപിച്ചിരുന്ന സിംടെക്സ് ബോംബ് 31,000 അടി ഉയരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വെച്ചാണ് ബോംബ് വെച്ചതെന്ന് കരുതുന്നു. അബ്ദുല്‍ ബാസിത് അല്‍ മെഗ്രാഹി, അല്‍ അമീന്‍ ഖൈലിഫ ഫിമ എന്നീ ലിബിയന്‍ പൗരന്മാരാണ് സ്ഫോടനത്തിന് പിന്നിലെന്ന് 1991 നവംബറില്‍ ബ്രിട്ടീഷ് അമേരിക്കന്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
പത്ത് വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ മെഗ്രാഹിക്ക് നെതര്‍ലന്‍ഡ്‌സിലെ നിഷ്പക്ഷ കോടതിയില്‍ സ്‌കോട്ടിഷ് ജഡ്ജിമാര്‍ വധശിക്ഷ വിധിച്ചു. 2001 മുതല്‍ സ്‌കോട്ട്ലന്‍ഡില്‍ തടവിലായിരുന്ന മെഗ്രാഹിയെ കാന്‍സര്‍ ബാധയെ തുടര്‍ന്ന് 2009ല്‍ വിട്ടയക്കുകയും 2012ല്‍ മരിക്കുകയും ചെയ്തു. തുടക്കം മുതല്‍ ഗൂഢാലോചനയില്‍ പങ്കില്ല എന്നാവര്‍ത്തിച്ച ലിബിയ 2003 ആഗസ്റ്റില്‍ കുറ്റം ഏറ്റുപറഞ്ഞ് കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും എയര്‍ലൈന്‍സിനും നഷ്ടപരിഹാരം നല്‍കാന്‍ തയാറായി.
ഉപരോധം നീക്കിക്കിട്ടാനാണ് കുറ്റമേല്‍ക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തതെന്ന് ലിബിയന്‍ പ്രധാനമന്ത്രി പിന്നീട് പറഞ്ഞു. 1986ല്‍ അമേരിക്ക ലിബിയയില്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഖദ്ദാഫിയുടെ ഇളയ മകള്‍ മരിച്ചതിനും 1988ല്‍ അമേരിക്ക അബദ്ധവശാല്‍ ഇറാനിയന്‍ യാത്രാവിമാനം വെടിവെച്ചു വീഴ്ത്തിയതിനുമുള്ള പ്രതികാരമായി ലോക്കര്‍ബി സംഭവത്തെ കണക്കാക്കുന്നവരുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.