ഴാങ് പിയര്‍ അര്‍മാന്‍ഡ് ഡേവിഡ്: ചീന നാട്ടിലെ ഫ്രഞ്ച് വൈദികനായ ശാസ്ത്രീയ പര്യവേഷകന്‍

ഴാങ് പിയര്‍ അര്‍മാന്‍ഡ് ഡേവിഡ്: ചീന നാട്ടിലെ ഫ്രഞ്ച് വൈദികനായ ശാസ്ത്രീയ പര്യവേഷകന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ മുപ്പത്തൊമ്പതാം ഭാഗം.

പൗരസ്ത്യ നാടുകളോട് പാശ്ചാത്യര്‍ക്ക് കൗതുകം തോന്നുക പുതിയ കാര്യമല്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് മുതല്‍ തന്നെ പൗരസ്ത്യ പാശ്ചാത്യ നാടുകളിലുള്ളവര്‍ വ്യാപാരം, സാംസ്‌കാരികം, സാഹിത്യം, മതം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം പരസ്പര സഹകരണം വളര്‍ത്തുകയും സഹായിക്കുകയും ചെയ്തു.

പാശ്ചാത്യര്‍ പലരും പൗരസ്ത്യ നാടുകളില്‍ വന്നു ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തുകയും ഈ നാടിനെപ്പറ്റി വളരെയേറെ- ഒരുപക്ഷെ ഈ നാട്ടിലുള്ളവര്‍ക്ക് അറിയാവുന്നതിലും അധികം അറിയുകയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഫ്രാന്‍സില്‍ നിന്ന് ചൈനയിലെത്തി അവിടെ ശാസ്ത്രം വളര്‍ത്തിയ ഒരാളാണ് ഴാങ് പിയര്‍ അര്‍മാന്‍ഡ് ഡേവിഡ്.

1826 സെപ്റ്റംബര്‍ 27 നാണ് ഴാങ് പിയര്‍ അര്‍മാന്‍ഡ് ഡേവിഡ് ജനിക്കുന്നത്. ഫ്രഞ്ചുകാരനായ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു ലാസറിസ്‌റ് വിന്‍സെന്‍ഷ്യന്‍ സമൂഹമായ കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ എന്ന സന്യാസ സഭയില്‍ ചേര്‍ന്നു.

വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ ദിനത്തില്‍ ജനിച്ച ഴാങ് പിയര്‍ അര്‍മാന്‍ഡ് ഡേവിഡ് വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷനില്‍ അംഗമായത് ആകസ്മികമെന്ന് കരുതാന്‍ വയ്യ. ദൈവപരിപാലന അദ്ദേഹത്തെ അവിടെ എത്തിച്ചു എന്നതാവും കൂടുതല്‍ ശരി.

1862 ല്‍ ഴാങ് പിയര്‍ ചൈനയില്‍ ബെയ്ജിങ്ങിലേക്ക് അയക്കപ്പെട്ടു. ചൈനയില്‍ സുവിശേഷം അറിയിക്കുക, സുവിശേഷത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ചീന നാട്ടില്‍ കാലുകുത്തിയതെങ്കിലും സാവകാശം അവിടെയുള്ള പ്രകൃതിയുടെ വശ്യതയിലേക്ക് കൂടുതല്‍ ആകൃഷ്ടനാവുകയായിരുന്നു.

ചൈനയില്‍ എത്തിയ അദ്ദേഹം അവിടെയുള്ള ജീവവംശങ്ങളുടെ- ചെടികളുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും ശേഖരണം ആരംഭിച്ചു. അവ പാരിസിലേക്ക് അയക്കുക എന്നതായിരുന്നു ലക്ഷ്യം. അദ്ദേഹത്തിന്റെ യാത്രകളുടെയും നിരീക്ഷണങ്ങളുടെയും കുറിപ്പുകളും ഖണ്ഡശ പ്രസിദ്ധീകരിക്കുകയുണ്ടായി.

Nouvelles archives du museum d'histoire naturelle എന്ന മാസികയിലാണ് അദ്ദേഹം ഇവ പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍ ജയന്റ് പാണ്ഡ ആണ്. 1869 ല്‍ ആണ് ഇതിനെ കണ്ടെത്തിയത്. 1865 ല്‍ അദ്ദേഹം ഒരു പ്രത്യേക തരം മാനിനെ കണ്ടെത്തിയിരുന്നു. രാജാവിനായി പരിപാലിച്ചിരുന്ന കൂട്ടത്തിലുള്ള ആ പ്രത്യേക ഇനം മാന്‍ സ്വാഭാവിക വനങ്ങളില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായിരുന്നു.

സാമാന്യ ജനം അതിനെ 'നാലും അല്ലാത്തത്' '(sibuxiang) എന്നാണ് വിളിച്ചിരുന്നത്. മാന്‍, പശു, കുതിര, കഴുത എന്നിവയോട് സാമ്യം തോന്നുകയും എന്നാല്‍ ഇവയില്‍ ഒന്നു പോലുമല്ലാതിരിക്കുകയും ചെയ്യുന്നതിനാലാണ് അതിനെ 'നാലും അല്ലാത്തത് ' അല്ലെങ്കില്‍ പിയര്‍ ഡേവിഡിന്റെ മാന്‍ എന്ന് വിളിച്ചത്.

ഇതില്‍ ചില മാനുകളെ അദ്ദേഹം യൂറോപ്പിലേക്ക് അയച്ചു. ഇങ്ങനെ അയക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചത് കാലാന്തരത്തില്‍ വളരെ പ്രയോജനപ്പെട്ടു. 1890 കളിലെ ക്ഷാമവും തുടര്‍ന്ന് നടന്ന ബോക്സര്‍ വിപ്ലവ കാലഘട്ടവും ചൈനയില്‍ ഒട്ടേറെ മൃഗ വര്‍ഗങ്ങളുടെ അപ്രത്യക്ഷത്തിലേക്ക് നയിച്ചു.

എന്നാല്‍ അതിനു മുമ്പുതന്നെ അദ്ദേഹം കുറച്ച് മാനുകളെ യൂറോപ്പിലേക്ക് അയച്ചിരുന്നതിനാല്‍ അവ വംശനാശം വരാതെ സൂക്ഷിക്കപ്പെട്ടു. 1980 ല്‍ അവയില്‍ ചിലതിനെ ചൈനയിലേക്ക് തിരികെ കൊണ്ടുവന്നു. ഇപ്രകാരം ആ വംശം ചൈനയില്‍ ഇന്നും നിലനില്‍ക്കുന്നു. ഇന്ന് അവ ആയിരക്കണക്കായി ചൈനയില്‍ നിലനില്‍ക്കുന്നതിന്റെ കാരണം അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ്.

അതേപോലെ തന്നെ കാറ്റ് വരുമ്പോള്‍ ഒരു അരിപ്രാവിനെപ്പോലെ വായുവില്‍ പറക്കുന്ന വെളുത്ത പുഷ്പങ്ങളുള്ള ഒരു ചെടി ആദ്യം കണ്ടെത്തുന്നത് അദ്ദേഹമാണ്. ഇന്ന് കൈത്തൂവാല ചെടി (handkerchief tree) അല്ലെങ്കില്‍ പ്രാവ് ചെടി (dove tree) എന്നൊക്കെ വിളിക്കപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം Davidia involucrata എന്നാണ്. അര്‍മാന്‍ഡോ ഡേവിഡ് എന്ന നാമത്തില്‍ നിന്നാണ് ഈ പേരുവന്നത് എന്നത് പ്രത്യകം പറയണ്ടല്ലോ.

ചൈനയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ കണ്ടെത്തിയത് ഉദ്ദേശം 200 മൃഗ വര്‍ഗങ്ങളെയാണ്. അതില്‍ 63 എണ്ണം അന്നുവരേയും ജീവശാസ്ത്രത്തിന് അപരിചിതമായിരുന്നു. 807 പക്ഷി വര്‍ഗങ്ങളും അതില്‍ അന്നുവരെ ആരും കണ്ടെത്താത്ത 65 വര്‍ഗങ്ങളും അദ്ദേഹം കണ്ടെത്തി. ഉരഗങ്ങളും പ്രാണികളും മത്സ്യങ്ങളും സസ്തനികളുമായി ഒട്ടേറെ വര്‍ഗങ്ങളെ അദ്ദേഹം കണ്ടെത്തി.

ഇവയെല്ലാം തന്നെ ചൈനയിലും അതോടൊപ്പം പാരീസിലെ Jardin des Plantes എന്ന മ്യൂസിയത്തിലും സൂക്ഷിച്ചു. ഇത്തരത്തില്‍ ജീവശാസ്ത്രത്തിനും ജന്തുശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനുമെല്ലാം വളരെയേറെ സംഭാവനകള്‍ നല്‍കിയ ആളാണ് അര്‍മാന്‍ഡ് ഡേവിഡ്. Buddleja davidii, Ulmus davidiana എന്നീ ചെടികളും Elaphe davidi എന്ന പാമ്പും Sarcocheilichthys davidi എന്ന മത്സ്യവും അദ്ദേഹത്തോടുള്ള ബഹുമാനത്തില്‍ നല്‍കപ്പെട്ടിട്ടുള്ള ശാസ്ത്രീയ നാമങ്ങളാണ്.

എന്നാല്‍ ഈ പരിശ്രമങ്ങള്‍ക്ക് നടുവില്‍ അര്‍മാന്‍ഡ് ഡേവിഡ് തന്റെ മിഷന്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചില്ല. സുവിശേഷം അറിയിക്കാനുള്ള തീക്ഷ്ണത എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. അതോടൊപ്പം തന്റെ സന്യാസ സമൂഹത്തിന്റെ നിയമങ്ങള്‍ സൂക്ഷമമായി പാലിക്കാനും ബദ്ധശ്രദ്ധനായിരുന്നു. 1900 ത്തിലാണ് അദ്ദേഹം മരണത്തിനു സ്വാഗതം പറഞ്ഞത്. ശാസ്ത്രീയ പര്യവേക്ഷണങ്ങളും സുവിശേഷ പ്രഘോഷണവും ഒന്നിച്ചു ചെയ്യാന്‍ സാധിക്കുന്നവയാണെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഴാങ് പിയര്‍ അര്‍മാന്‍ഡ് ഡേവിഡിന്റെ ജീവിതം.

മുന്‍ എപ്പിസോഡുകള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

https://cnewslive.com/author/38244/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26