എംഎല്‍എയുടെ ജാതി അധിക്ഷേപ പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണം: സാബു. എം. ജേക്കബ് ഹൈക്കോടതിയില്‍

എംഎല്‍എയുടെ ജാതി അധിക്ഷേപ പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണം: സാബു. എം. ജേക്കബ് ഹൈക്കോടതിയില്‍

കൊച്ചി: എംഎല്‍എയുടെ ജാതി അധിക്ഷേപ പരാതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാബു എം. ജേക്കബ് ഹൈക്കോടതിയില്‍. കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ഹൈക്കോടതിയെ സമീപിച്ചത്.

ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ശ്രീനിജനുമായുള്ളത് രാഷ്ട്രീയ അഭിപ്രായവ്യത്യാസമാണെന്നും സാബു എം. ജേക്കബ് ഹൈക്കോടതിയെ അറിയിച്ചു. പരാതിയില്‍ ശ്രീനിജന്‍ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി.

പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. എംഎല്‍എയെ വേദിയില്‍ പരസ്യമായി അപമാനിച്ചെന്ന പരാതിയിലാണ് സാബു എം. ജേക്കബിനെതിരെ കേസെടുത്തത്.

ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കിനെ രണ്ടാം പ്രതിയാക്കിയാണ് കേസ്. വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ്, മെമ്പര്‍മാരായ സത്യപ്രകാശ്, ജീല്‍ മാവേലില്‍, പി.ടി രജനി എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്.

ഇവരുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചു, ജാതി വിവേചനം നേരിട്ടു തുടങ്ങിയ ആരോപണങ്ങളാണ് എംഎല്‍എ പരാതിയില്‍ ഉന്നയിക്കുന്നത്.

കുന്നത്തുനാട് പഞ്ചായത്തിലെ പല പരിപാടികളിലും വിളിക്കാത്ത സദ്യ ഉണ്ണാന്‍ എത്തുന്ന ആളാണെന്ന തരത്തില്‍ 'വിളിക്കാച്ചാത്തം ഉണ്ണുന്നവന്‍' എന്ന് ജാതീയമായി പരിഹസിച്ചുവെന്നും ശ്രീനിജന്‍ പരാതിയില്‍ ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.