ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ ജാതി പരാമര്‍ശത്തിനെതിരെ പ്രതിഷേധം; റൂളിങ് നടത്തി സ്പീക്കര്‍

ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗത്തിന്റെ ജാതി പരാമര്‍ശത്തിനെതിരെ പ്രതിഷേധം; റൂളിങ് നടത്തി സ്പീക്കര്‍

ന്യൂഡല്‍ഹി: ലോക്സഭയിലും ഭാഷാ തര്‍ക്കവും ജാതിപരാമര്‍ശവും. ഇത്തരത്തില്‍ ജാതിപരാമര്‍ശങ്ങള്‍ പാടില്ലെന്നും കര്‍ശനനടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ ഓം ബിര്‍ളയുടെ റൂളിങ്. തിങ്കളാഴ്ച ചോദ്യോത്തര വേളയിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമനും തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എ. രേവന്ത് റെഡിയും ഹിന്ദി ഭാഷയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനിടയില്‍ ജാതി വിഷയം കടന്നു വന്നത്.

രൂപയുടെ മൂല്യശോഷണത്തെക്കുറിച്ച് രേവന്ത് റെഡി ഹിന്ദിയിലായിരുന്നു ചോദ്യം ഉന്നയിച്ചത്. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍, രാജ്യത്തിന്റെ ധനവ്യവസ്ഥ ഐ.സി.യുവിലാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രേവന്ത് ചോദ്യം തുടങ്ങിയത്. എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും അംഗങ്ങള്‍ തങ്ങളുടെ വിഷയം മാത്രമേ ഉന്നയിക്കാവൂ എന്നും സ്പീക്കര്‍ പറയുകയായിരുന്നു. എന്നാല്‍ തന്നെ സ്പീക്കര്‍ തടയരുതെന്നായിരുന്നു ഹിന്ദിയില്‍ രേവന്തിന്റെ പ്രതികരണം. ഇത് സ്പീക്കറെ ചൊടിപ്പിച്ചു.

സഭയില്‍ ഇടപെടുക എന്നത് സ്പീക്കറുടെ അധികാരമാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇക്കാര്യം പറഞ്ഞുകൊടുക്കണമെന്നും കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോട് ഓം ബിര്‍ള നിര്‍ദേശിച്ചു. രേവന്തിന് ഹിന്ദി അത്ര വശമില്ലെന്നും അതിനാല്‍ പറഞ്ഞുപോയതാണെന്നുമായിരുന്നു ഉടന്‍ അധീറിന്റെ മറുപടി.

ഇതേത്തുടര്‍ന്ന് സ്പീക്കര്‍ രേവന്തിനെ ചോദ്യം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചു. മറുപടി നല്‍കിയ നിര്‍മല, ദുര്‍ബലമായ ഹിന്ദിയില്‍ അംഗം ചോദിച്ച ചോദ്യത്തിന് താന്‍ ദുര്‍ബലമായ ഹിന്ദിയില്‍ മറുപടി നല്‍കുന്നുവെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഹിന്ദിയില്‍ത്തന്നെ ധനമന്ത്രി മറുപടി നല്‍കി.

അതിനുശേഷം ഉപചോദ്യം ഉന്നയിക്കുമ്പോഴാണ് രേവന്ത് റെഡി ജാതിസംബന്ധമായ പരാമര്‍ശം നടത്തിയത്. തന്റെ ഭാഷയെക്കുറിച്ച് മന്ത്രി ചില പരാമര്‍ശങ്ങള്‍ നടത്തി. താന്‍ താണസമുദായക്കാരനായതിനാല്‍ തന്റെ ഹിന്ദി ദുര്‍ബലവും മന്ത്രി ഉന്നതസമുദായത്തില്‍പ്പെടുന്നതിനാല്‍ മന്ത്രിയുടേത് നല്ലഹിന്ദിയും എന്ന സമീപനമാണെന്ന് രേവന്ത് പറഞ്ഞതോടെ പാര്‍ലമെന്ററികാര്യ സഹമന്ത്രി പ്രതിഷേധവുമായി എഴുന്നേറ്റു. അംഗം സഭയെ വര്‍ഗീയവത്കരിക്കുന്നെന്ന് മേഘ്വാള്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സ്പീക്കര്‍ റൂളിങ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.