ക്രിസ്തുമസിന് മുന്നോടിയായി തടവുകാർക്ക് മാപ്പ് നൽകണമെന്ന് ലോക നേതാക്കളോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

ക്രിസ്തുമസിന് മുന്നോടിയായി തടവുകാർക്ക് മാപ്പ് നൽകണമെന്ന് ലോക നേതാക്കളോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ക്രിസ്മസിന് മുന്നോടിയായി ജയിൽ തടവുകാരോട് ദയ കാണിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. മാപ്പ് നേടി ജയിലിൽ നിന്നും പുറത്ത് പോകാൻ അർഹതയുണ്ടെന്ന് കരുതപ്പെടുന്ന തടവുകാർക്ക് ഈ ക്രിസ്മസ് വേളയിൽ മാപ്പ് നൽകണമെന്ന് അഭ്യർത്ഥിച്ച് മാർപാപ്പ രാഷ്ട്രത്തലവന്മാർക്ക് കത്ത് എഴുതി.

സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടവരും മാപ്പ് നൽകൽ വ്യവസ്ഥയിൽ നിന്ന് പ്രയോജനം നേടാൻ യോഗ്യതയുള്ളവരുമായ സഹോദരീസഹോദരന്മാരോട് ദയ കാണിക്കണമെന്ന് എല്ലാ രാഷ്ട്രത്തലവന്മാരെയും അഭിസംബോധന ചെയ്ത മാർപാപ്പയുടെ കത്തിൽ വ്യക്തമാക്കുന്നു.

പിരിമുറുക്കത്താലും അനീതിയാലും സംഘർഷങ്ങളാലും നിറഞ്ഞ ഈ സമയത്ത് ചെയ്യുന്ന ഇത്തരം ഒരു പ്രവർത്തി കർത്താവിൽ നിന്നുള്ള കൂടുതൽ കൃപ ലഭിക്കാനായി വഴി തുറക്കുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജയിലുകളിലെ ജൂബിലി

കത്തോലിക്കാ സഭാ ചരിത്രത്തിലെ മഹത്തായ ജൂബിലി വര്‍ഷമായ 2000 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തയ്യാറാക്കിയ 11 പേജുള്ള ജയിലുകളിലെ ജൂബിലി എന്ന രേഖയിൽ ലോക ഭരണാധികാരികളോട് തടവുകാർക്ക് മാപ്പുനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനെ പിന്തുടർന്നുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥന.

പിന്നീട് 2000 ജൂലായ് ഒൻപതിന് ജയിലുകളിലെ ജൂബിലിയുടെ ഭാഗമായി ജോൺ പോൾ രണ്ടാമൻ മാർപാപ്പ റോമിലെ റെജീന കൊയ്ലി ജയിൽ സന്ദർശിക്കുകയും ചെയ്തു.

"തടങ്കലിലാക്കപ്പെടുകയും പരിഹസിക്കപ്പെടുകയും വിധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത യേശുവിന്റെ നാമത്തിൽ ജയിലിൽ തടവിലാക്കപ്പെട്ടവർക്ക് ഒരിക്കൽ കൂടി പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അനുവദിക്കുന്നതിന് യോഗ്യരായവർക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നു" എന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു.

2002 നവംബർ 14 ന് ഇറ്റാലിയൻ പാർലമെന്റ് സന്ദർശന വേളയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കണ്ടുമുട്ടിയ സെനറ്റർമാരോടും പ്രതിനിധികളോടും ഈ അഭ്യർത്ഥന വീണ്ടും ആവർത്തിച്ചിരുന്നു.

തടവുകാരോട് അനുകമ്പ

തന്റെ മുൻഗാമിയുടെ പാത പിന്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ പല അപ്പസ്തോലിക സന്ദർശനങ്ങളിലും മറ്റ് സന്ദർഭങ്ങളിലും പ്രത്യേകിച്ച് പെസഹാ വ്യാഴാഴ്ച പാദങ്ങൾ കഴുകുന്ന ചടങ്ങുകളിലും ജയിൽ തടവുകാരോട് ഇപ്പോഴും അനുകമ്പ പ്രകടിപ്പിച്ചിരുന്നു.

2016 ലെ കാരുണ്യത്തിന്റെ വിശുദ്ധ വർഷത്തിനോടനുബന്ധിച്ച് നവംബർ ആറിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടത്തിയ തടവുകാരോടൊപ്പമുള്ള കുർബാനയ്ക്ക് ശേഷം അവരോട് "ദയ കാണിക്കണമെന്ന്" മാർപാപ്പ സർക്കാരുകളോട് അഭ്യർത്ഥിച്ചിരുന്നു.

ലോകമെമ്പാടുമുള്ള ജയിലുകളിലെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തടവുകാരുടെ അന്തസ്സ്‌ പൂർണ്ണമായി മാനിക്കപ്പെടണമെന്ന് ആ അവസരത്തിൽ ഫ്രാൻസിസ് മാർപാപ്പ ഒരു അഭ്യർത്ഥന പുറപ്പെടുവിച്ചു.

ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ആവശ്യകതയെപ്പറ്റിയും പാപ്പ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥ ശിക്ഷ നൽകുന്നതിന് മാത്രമുള്ളതല്ല മറിച്ച്, കുറ്റവാളിയ്ക്ക് പ്രത്യാശയും ആ വ്യക്തിയെ സമൂഹത്തിൽ പുനർനിർമ്മിക്കാനുള്ള സാധ്യത നല്കുന്നതുമായിരിക്കണമെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു.

കരുണയുടെ ഈ വിശുദ്ധ വർഷത്തിൽ അത്തരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ള തടവുകാരോട് ദയാ കാണിക്കാനുള്ള ഏതുവിധത്തിലുള്ള സാധ്യതയും പ്രയോജനപ്പെടുത്താൻ എല്ലാ രാജ്യത്തെയും അധികാരികളുടെ പരിഗണനയ്ക്കായി ഈ അഭ്യർത്ഥന താൻ സമർപ്പിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ...

https://cnewslive.com/author/38269/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.