ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ഊര്‍ജോല്‍പാദനം; ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ചരിത്രനേട്ടവുമായി ഗവേഷകര്‍

ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ഊര്‍ജോല്‍പാദനം; ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ചരിത്രനേട്ടവുമായി ഗവേഷകര്‍

വാഷിംഗ്ടണ്‍: ലോകത്തെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമായേക്കാവുന്ന ചരിത്ര നേട്ടവുമായി അമേരിക്കന്‍ ഗവേഷകര്‍. ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ (അണു സംയോജനം) ആദ്യമായി ഉര്‍ജോല്‍പാദനം സാധ്യമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലെ ഗവേഷകര്‍. സൂര്യനിലും നക്ഷത്രങ്ങളിലും ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന രീതിയിലാണ് ഊര്‍ജോല്‍പാദനം നടക്കുന്നത്.

നിലവില്‍ ലോകത്തെ ആണവ റിയാക്ടറുകളില്‍ ആണവ വിഘടന (ന്യൂക്ലിയര്‍ ഫിഷന്‍) പ്രക്രിയയിലൂടെയാണ് ഊര്‍ജോല്‍പാദനം നടക്കുന്നത്. എന്നാല്‍ ഒന്നിലേറെ അണുകേന്ദ്രങ്ങള്‍ കൂടിച്ചേരുന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ എന്ന പ്രക്രിയയില്‍ വന്‍ തോതിലാണ് ഊര്‍ജം സ്വതന്ത്രമാകുന്നത്. ഈ ഊര്‍ജത്തെ ഉപയോഗപ്പെടുത്താനുള്ള ഗവേഷണങ്ങളിലാണ് നിര്‍ണായക ഘട്ടത്തിലേക്ക് അമേരിക്കന്‍ ഗവേഷകര്‍ എത്തിയിരിക്കുന്നത്.

റേഡിയോ ആക്ടീവ് ശേഷിയുള്ള മാലിന്യങ്ങള്‍ ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ഉണ്ടാകുന്നില്ല. അതിനാല്‍ ക്ലീന്‍ എനര്‍ജി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുള്ള സാധ്യതയാണ് ഇതുവഴി തെളിയുന്നത്.

യു.എസ് ഊര്‍ജ വകുപ്പ്  ഈ നേട്ടത്തെ വലിയ ശാസ്ത്രീയ മുന്നേറ്റം എന്നാണ്  വിശേഷിപ്പിച്ചത്. പരീക്ഷണം ചരിത്രത്താളുകളില്‍ രേഖപ്പെടുത്തപ്പെടുമെന്ന് വൈറ്റ്ഹൗസിന്റെ ശാസ്ത്ര ഉപദേശക ആരതി പ്രഭാകര്‍ പറഞ്ഞു.

മനുഷ്യരാശി ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയ നേട്ടങ്ങളില്‍ ഒന്നാണിതെന്നു ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി ഡയറക്ടര്‍ കിം ബുഡില്‍ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി ന്യൂക്ലിയര്‍ ഫ്യൂഷന്‍ വികസിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ പരിശ്രമിക്കുന്നുണ്ട്. ന്യൂക്ലിയര്‍ ഫ്യൂഷന്‍ കാര്‍ബണ്‍ രഹിതമാണ് എന്നതിനൊപ്പം ഇത് ആണവ ദുരന്തത്തിന് അപകടസാധ്യത സൃഷ്ടിക്കുന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

അതേസമയം വ്യാവസായിക തലത്തില്‍ സംയോജനം സാധ്യമാകുന്നതിന് ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട്. വീടുകള്‍ക്കും ബിസിനസുകള്‍ക്കും ഊര്‍ജം നല്‍കുന്നതിന് ലളിതവും താങ്ങാനാവുന്നതുമായ മാര്‍ഗം നേടുന്നതിന് നിരവധി നൂതന ശാസ്ത്ര സാങ്കേതിക സംഭവവികാസങ്ങള്‍ ഇനിയും ആവശ്യമാണെന്ന് ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറി ഗവേഷകര്‍ പറഞ്ഞു.

അതേസമയം മറ്റ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ പ്രോജക്ടുകളും ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഐ ടി ആര്‍ എന്നറിയപ്പെടുന്ന പ്രധാന അന്താരാഷ്ട്ര പദ്ധതി നിലവില്‍ ഫ്രാന്‍സില്‍ നിര്‍മ്മാണത്തിലാണ്.

അണുസംയോജനം?

ഭാരംകുറഞ്ഞ ഒന്നിലധികം അണുകേന്ദ്രങ്ങള്‍ സംയോജിച്ച് കൂടുതല്‍ ഭാരമുള്ള അണുകേന്ദ്രങ്ങളുണ്ടാകുന്ന പ്രക്രിയയാണ് അണുസംയോജനം. ഈ പ്രക്രിയയില്‍ കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യാറാണ് പതിവ്. സൂര്യന്റെയും മറ്റു നക്ഷത്രങ്ങളുടെയും ഊര്‍ജസ്രോതസ്സാണ് ഈ പ്രക്രിയ. അതേസമയം, അണുസംയോജനത്തിന് വളരെ ഉയര്‍ന്നതാപനിലയും മര്‍ദവും ആവശ്യമാണ്. അതുകൊണ്ടുതന്നെ വ്യവസായികാടിസ്ഥാനത്തില്‍ ഊര്‍ജോത്പാദനത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെലവേറിയതാണെങ്കിലും ശുദ്ധ ഊര്‍ജത്തിലേക്കുള്ള ലോകത്തിന്റെ ചുവടുവെപ്പില്‍ അണുസംയോജനത്തിലൂടെയുള്ള ഊര്‍ജോത്പാദനം നിര്‍ണായകമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.