കത്തോലിക്ക മെത്രാന്മാരുടെ എതിർപ്പിന് അവഗണന; സ്വവർഗ്ഗ വിവാഹ ബില്ലിൽ ഒപ്പുവെച്ച് ജോ ബൈഡൻ: ആശങ്കയോടെ ക്രൈസ്തവ സമൂഹം

കത്തോലിക്ക മെത്രാന്മാരുടെ എതിർപ്പിന് അവഗണന; സ്വവർഗ്ഗ വിവാഹ ബില്ലിൽ ഒപ്പുവെച്ച് ജോ ബൈഡൻ: ആശങ്കയോടെ ക്രൈസ്തവ സമൂഹം

വാഷിംഗ്ടണ്‍: കത്തോലിക്കാ മെത്രാന്മാര്‍ ഉയര്‍ത്തിയ ശക്തമായ എതിർപ്പിനെ അവഗണിച്ച് ഭ്രൂണഹത്യ അനുകൂല നയത്തിന് പിന്നാലെ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ നടന്ന ചടങ്ങിലാണ് ബൈഡൻ 'റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്' (ആർഎഫ്എംഎ) എന്ന ബില്ലിൽ ഒപ്പുവെച്ചത്.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബൈഡൻ ബില്ലിൽ ഒപ്പ് വെച്ചത്. പത്ത് വര്‍ഷം മുമ്പ് 2012 ൽ ബറാക് ഒബാമക്ക് കീഴില്‍ വൈസ് പ്രസിഡന്റായിരിക്കെ ഒരു അഭിമുഖത്തിനിടെ സ്വവര്‍ഗ വിവാഹങ്ങളെ പിന്തുണക്കുന്നതായി ബൈഡന്‍ വെളിപ്പെടുത്തിയതിന്റെ ഒരു വീഡിയോ ക്ലിപ്പും പരിപാടിക്കിടെ വൈറ്റ്ഹൗസില്‍ പ്ലേ ചെയ്തു. പിന്നാലെ പ്രസിഡന്റ് ഒബാമയും അന്ന് സ്വവര്‍ഗ വിവാഹങ്ങളെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ നിർവചിച്ചിരുന്ന1996 ലെ ഡിഫൻസ് ഓഫ് മാര്യേജ് ആക്റ്റ് (ഡിഒഎംഎ) പുതിയ ബില്‍ പാസ്സായതോടെ ഔദ്യോഗികമായി അസാധുവാകും. ബില്ലിനെതിരെ കത്തോലിക്കാ മെത്രാന്മാർ അതിശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു.

ഒരു സ്ത്രീയും ഒരു പുരുഷനും തമ്മില്‍ മരണം വരെ വേര്‍പിരിയുവാന്‍ പാടില്ലാത്ത വിശുദ്ധമായ ഐക്യം ഉളവാക്കുന്നതിനും പരസ്പരം സ്നേഹിക്കുന്നതിനും സന്താനങ്ങളെ ദൈവമക്കളായി വളര്‍ത്തുന്നതിനും ആവശ്യമായ കൃപാവരം അവര്‍ക്കു നല്കുന്ന കൂദാശയാണ് ക്രൈസ്തവർ വിവാഹത്തെ കാണുന്നത്.

ഫെഡറൽ തലത്തിൽ സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കുന്ന ബിൽ ഒരു പുരുഷനും ഒരു സ്ത്രീയും തമ്മിലുള്ള വിവാഹമാണ് നടക്കേണ്ടതെന്ന് സഭയുടെ പഠനങ്ങളോട് ചേർന്ന് വിശ്വസിക്കുന്നവർക്ക് വേണ്ടത്ര സംരക്ഷണം നൽകാത്തതാണെന്ന് കത്തോലിക്കാ നേതാക്കൾ വിമർശനം ഉയർത്തി. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് വിരുദ്ധമായി സ്ത്രീയും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും വിവാഹങ്ങൾ അനുവദനീയമാകുന്നു എന്ന നിലപാടിനെ തുടര്‍ന്നാണ് കത്തോലിക്കാ മെത്രാന്മാർ ഈ ബില്ലിനെതിരെ രംഗത്തുവന്നത്.

ഡിസംബർ എട്ടാം തീയതിയാണ് ജനപ്രതിനിധിസഭ 169 വോട്ടുകൾക്കെതിരെ 258 വോട്ടുകൾക്കു ബില്ല് പാസാക്കി പ്രസിഡന്റിന് അയച്ചത്. നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കത്തോലിക്കാ സഭയുടെ പ്രസ്ഥാനങ്ങളുടെയും, വിശ്വാസികളുടെയും, പരമ്പരാഗത വിവാഹത്തിൽ വിശ്വസിക്കുന്നവരുടെയും മേൽ സമ്മർദ്ദം ഉണ്ടാകും എന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസിന് നവംബർ മാസം കത്തോലിക്കാ മെത്രാൻ സമിതി കത്ത് എഴുതിയിരുന്നു.

കർദ്ദിനാൾ തിമോത്തി ഡോളനും വിനോന- റോചസ്റ്റർ മെത്രാൻ റോബർട്ട് ബാരനുമാണ് കത്തിൽ ഒപ്പിട്ടിരുന്നത്. ആർഎംഎയോടുള്ള എതിർപ്പ് സ്വവർഗ ആകർഷണം അനുഭവിക്കുന്ന വ്യക്തികളോട് ഒരു തരത്തിലുമുള്ള ശത്രുത വെച്ച് പുലർത്തുന്നതല്ലെന്ന് ബിഷപ്പുമാർ ഊന്നിപ്പറയുന്നു.

എന്നാൽ വിവാഹത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ നിർവചനങ്ങൾ ഓരോ മനുഷ്യന്റെയും അന്തർലീനമായ അന്തസ്സും മൂല്യവും ഉയർത്തിപിടിക്കുന്നതിനുള്ളതാണ്. അതിനാൽ ഈ നിയമത്തെ പ്രതിരോധിക്കാൻ കോൺഗ്രസിന് ധൈര്യമുണ്ടായിരിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

സ്വവർഗ വിവാഹങ്ങൾക്ക് ഫെഡറൽ, അന്തർസംസ്ഥാന അംഗീകാരത്തിനുള്ള സ്ഥിരീകരണവും നടപ്പാക്കാവുന്നതിനുള്ള സമഗ്രവുമായ അവകാശം ബിൽ സ്ഥാപിക്കുന്നു, എന്നാൽ മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം വളരെ വിദൂരമാണ്. സെക്ഷൻ 6 (ബി) യിലെ പരിമിതമായ പരിരക്ഷകൾക്ക് പുറത്ത് മതസ്വാതന്ത്ര്യം സമഗ്രമായതോ ഉറപ്പുള്ളതോ അല്ല. ഭേദഗതി മതസ്വാതന്ത്ര്യത്തെ രണ്ടാം തരം അവകാശമായി കണക്കാക്കുന്നു എന്ന് പറയുന്നത് ന്യായമാണെന്നും കത്തോലിക്കാ ബിഷപ്പുമാരുടെ കത്തിൽ വിശദീകരിക്കുന്നു.

ഇതിനിടയിൽ വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമേ പാടുള്ളൂ എന്ന് വിശ്വസിക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിന് വേണ്ടി ടെക്സാസിൽ നിന്നുള്ള ജനപ്രതി സഭാംഗം ചിപ് റോയ് കൊണ്ടുവന്ന ഭരണഘടന ഭേദഗതിയും ബില്ലിൽ ഉൾക്കൊള്ളിക്കാൻ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ തയ്യാറായിരുന്നില്ല. ബിഷപ്പുമാരുടെ പിന്തുണയുള്ള ഇതേ ഭേദഗതി നേരത്തെ സെനറ്റിൽ യൂട്ടായിലെ സെനറ്റർ മൈക്ക് ലീ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ ശ്രമവും വിഫലമായിരുന്നു.

അതേസമയം ലിംഗം, വംശം, വർണ, ദേശീയ ഉത്ഭവം എന്നിവ പരിഗണിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും അംഗീകരിക്കാൻ സംസ്ഥാനങ്ങളോട് പുതിയ നിയമം ആവശ്യപ്പെടും. സ്വവർഗ വിവാഹിതർക്കു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും ഇതു ഫെഡറൽ നിയത്തിന്റെ കീഴിൽ വരുന്നതാണെന്നും ബൈഡൻ വെളിപ്പെടുത്തി.

ആർഎഫ്എംഎ "മത സ്വാതന്ത്ര്യവും മനസ്സാക്ഷിയും" സംരക്ഷിക്കുന്നുവെന്നാണ് ബില്ലിൽ പ്രസ്താവിക്കുന്നത്. ഈ നിയമമോ അല്ലെങ്കിൽ നിയമം വരുത്തിയ ഏതെങ്കിലും ഭേദഗതിയോ, അമേരിക്കയിലെ ഒരു വ്യക്തിക്കും സ്ഥാപനത്തിനും ലഭ്യമായ മതസ്വാതന്ത്ര്യമോ മനസ്സാക്ഷി സംരക്ഷണമോ കുറയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ളതല്ലെന്നും പ്രസ്താവനയിൽ വിശദമാക്കുന്നു.

ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവ് കൂടിയാണ് അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്‍. എല്ലാവരുടെയും തുല്യതയും അവകാശങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി നിലകൊള്ളുന്ന നേതാവെന്ന് സ്വയം വാദിക്കുമ്പോഴും ഗർഭസ്ഥ ശിശുക്കളുടെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് മേൽ കണ്ണടയ്ക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകൾ വിരോധാഭാസമാണ്.

കത്തോലിക്കാ വിശ്വാസി എന്ന് അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകള്‍ നിരവധി വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു വളരെ ശക്തമാണ്.

നിരവധി മെത്രാന്‍മാരും ഇതിനെ പിന്താങ്ങുന്നുണ്ട്. ഭ്രൂണഹത്യ എന്ന തിന്മയ്ക്കൊപ്പം സ്വവര്‍ഗ്ഗബന്ധത്തെയും പ്രോത്സാഹിപ്പിച്ചുക്കൊണ്ടുള്ള ബൈഡന്റെ നിലപാട് വരും നാളുകളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമാകുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.