കത്തോലിക്ക സഭയും യാക്കോബായ സുറിയാനി സഭയും ഐക്യത്തിന്റെ പുതിയ മേഖലകളിലേക്ക്

കത്തോലിക്ക സഭയും യാക്കോബായ സുറിയാനി സഭയും ഐക്യത്തിന്റെ പുതിയ മേഖലകളിലേക്ക്

പുത്തന്‍കുരിശ്: കത്തോലിക്ക സഭയും യാക്കോബായ സുറിയാനി സഭയും തമ്മില്‍ ഐക്യത്തിന്റെയും സഹകരണത്തിന്റെയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുവാന്‍ തീരുമാനിച്ചു. മാങ്ങാനം സ്പിരിച്ച്യാലിറ്റി സെന്ററില്‍ നടന്ന കത്തോലിക്ക യാക്കോബായ ദൈവശാസ്ത്ര കമ്മീഷന്റെ സമ്മേളനത്തിലാണ് തീരുമാനം.

ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇരുസഭകളിലെയും വിശ്വാസികള്‍ക്ക് ആവിശ്യമായ കൗദാശീകവും ഇടത്തരവുമായ ശുശ്രൂഷകള്‍ ലഭിക്കുന്നതിന് ഒരു സംയുക്ത മാര്‍ഗരേഖ തയ്യാറാക്കി നടപ്പിലാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ആശുപതികളില്‍ അത്യാസന്ന നിലയിലായിരിക്കുന്ന ഇരുസഭകളിലെയും രോഗികള്‍ക്ക് അവരുടെ സഭയിലെ വൈദികന്റെ ശുശ്രൂഷ ലഭ്യമാകാതെ വരുന്ന സാഹചര്യത്തില്‍ മറ്റേ സഭയിലെ വൈദികനില്‍ നിന്ന് തൈലാഭിഷേകം രോഗീലേപനം, വി. കുര്‍ബാന എന്നിവ ലഭ്യമാക്കുക എന്നതാണ് ഈ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം.

വിശ്വാസ പ്രതിസന്ധികള്‍ ശക്തിപ്പെടുന്ന കാലത്ത് ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങളും പരിശീലനവും ശക്തിപ്പെടുത്തുവാന്‍ തക്കവണ്ണം ഇരുസഭകളും പരസ്പര സൗകര്യം ഒരുക്കുവാനും സഭകള്‍ തമ്മിലുള്ള ബന്ധത്തെ അധികരിച്ച് ബോധനം നല്‍കുവാനും സമ്മേളനം തീരുമാനിച്ചു.

1990 ല്‍ ആരംഭിച്ച സംവാദങ്ങളുടെ ഫലമായി ഇരുസഭകളും തമ്മില്‍ സുപ്രധാനമായ ഉടമ്പടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇരു സഭകളിലെയും വിശ്വാസികള്‍ തമ്മില്‍ തങ്ങളുടെ മാതൃ സഭാംഗത്വം മാറാതെ തന്നെ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാം എന്ന ഉടമ്പടി 1994 മുതല്‍ പ്രാബല്യത്തില്‍ വന്നു. അത് ഇരുസഭകളും നടപ്പിലാക്കിവരുന്നുമുണ്ട്. ഇരു സഭകളിലും ഏതെങ്കിലും ഒരു സഭക്ക് ഒരു സ്ഥലത്ത് ആരാധനാലയമോ, സെമിത്തേരിയോ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റേ സഭയുടെ ആരാധനാലയവും സെമിത്തേരിയും ഉപയോഗിക്കാം എന്ന ഉടമ്പടിയും ഇരുസഭകളും അംഗീകരിച്ച് നടപ്പിലാക്കി വരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി ഇരു സഭകളും തമ്മിലുണ്ടാക്കിയ ഉടമ്പടികളുടെയും ധാരണകളുടെയും സംക്ഷിപ്ത രൂപം റവ. ഡോ. ആദായി ജേക്കബ് കോര്‍ എപ്പിസ്‌കോപ്പ്, റവ. ഡോ. കുരിയാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌കോപ്പ്, റവ. ഡോ. ഫിലിപ് നല്‍പ്പുരപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.