അട്ടിമറി ഉണ്ടായില്ല; മൊറോക്കോയെ തറപറ്റിച്ച് ഫ്രാന്‍സ് ഫൈനലില്‍

അട്ടിമറി ഉണ്ടായില്ല; മൊറോക്കോയെ തറപറ്റിച്ച് ഫ്രാന്‍സ് ഫൈനലില്‍

ദോഹ: യൂറോപ്പിലെ ഒന്നാം നിര ടീമുകളെയെല്ലാം നിഷ്പ്രഭമാക്കി തോല്‍വിയറിയാതെ വന്ന മൊറോക്കോയുടെ തേരോട്ടം അവസാനിപ്പിച്ച് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിലെത്തി. എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോയെ  ഫ്രാന്‍സ് തറപറ്റിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിലും അവസാന 79-ാം മിനിറ്റിലുമായിരുന്നു ഫ്രാന്‍സിന്റെ ഗോളുകള്‍. 

മത്സരത്തിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും പുറത്തെടുത്തത്. പന്തടക്കത്തില്‍ ആദ്യ മിനിട്ടുകളില്‍ മൊറോക്കോ മുന്നിലായിരുന്നെങ്കില്‍ ഒരു ഗോള്‍ പിറന്ന ശേഷം  ഫ്രാന്‍സ് പതുക്കെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു.

മത്സരത്തിന്റെ അഞ്ചാം മിനിട്ടിലാണ് മൊറോക്കന്‍ പ്രതിരോധം പിളര്‍ത്തി ഫ്രാന്‍സ് ആദ്യ ഗോള്‍ നേടിയത്. റാഫേല്‍ വരാന്‍ നല്‍കിയ ത്രൂ ബോള്‍ സ്വീകരിച്ച് അന്റോയ്ന്‍ ഗ്രീസ്മാന്‍ കിലിയന്‍ എംബാപ്പെയ്ക്ക് നല്‍കിയ പാസില്‍ നിന്ന് ഹെര്‍ണാണ്ടസ് ഗോളാക്കുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ മൊറോക്കോയുടെ ഗോള്‍വല കുലുക്കുന്ന ആദ്യ എതിര്‍ ടീം കളിക്കാരനായി തിയോ ഹെര്‍ണാണ്ടസ്. 

ഗോള്‍ വീണതിന് പിന്നാലെ മൊറോക്കോയുടെ ആക്രമണവുമുണ്ടായി. 10-ാം മിനിറ്റില്‍ അസ്സെദിന്‍ ഉനാഹിയുടെ ഷോട്ട് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് തട്ടിയകറ്റുകയായിരുന്നു. ഗോള്‍ വീണെങ്കിലും പതറാതെ കളിച്ച മൊറോക്കോ മികച്ച മുന്നേറ്റങ്ങളും അറ്റാക്കിങ് റണ്ണുകളും പുറത്തെടുത്തു.

17-ാം മിനിറ്റില്‍ ഫ്രാന്‍സിന് ലീഡെടുക്കാന്‍ ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യത്തിലെത്തിക്കാനായില്ല. ലോങ്‌ബോള്‍ പിടിച്ചെടുത്ത് മുന്നോട്ട് കയറിയ ഒളിവിയര്‍ ജിറൂദ് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ അടിച്ച പന്ത് പക്ഷേ പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.

എന്നാല്‍ 21-ാം മിനിറ്റില്‍ പരിക്കേറ്റ് ക്യാപ്റ്റന്‍ റൊമെയ്ന്‍ സയ്‌സിന് മടങ്ങേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. മിഡ്ഫീല്‍ഡര്‍ സെലിം അമല്ലായാണ് പകരമിറങ്ങിയത്. 36-ാം മിനിറ്റില്‍ ഔറെലിയന്‍ ചുവമെനി നല്‍കിയ പന്തില്‍ നിന്നുള്ള എബാപ്പെയുടെ ഷോട്ട് മൊറോക്കന്‍ ഡിഫന്‍ഡര്‍ ക്ലിയര്‍ ചെയ്തതോടെ മറ്റൊരു സുവര്‍ണാവസരവും ഫ്രാന്‍സിന് പ്രയോജനപ്പെടുത്താനായില്ല. 

പിന്നാലെ 44-ാം മിനിറ്റില്‍ ഫ്രാന്‍സ് വിറച്ച നിമിഷമെത്തി. ഫ്രഞ്ച് ബോക്‌സിലേക്ക് വന്ന ഒരു കോര്‍ണറില്‍ നിന്നുള്ള ജവാദ് എല്‍ യാമിക്കിന്റെ ബൈസിക്കിള്‍ കിക്ക് ഗോളായെന്ന് പ്രതീക്ഷിച്ചെങ്കിലും പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.

ഒന്നാം പകുതിയിലെ മൊറോക്കെയെ ആയിരുന്നില്ല രണ്ടാം പകുതില്‍ കണ്ടത്. ഗോള്‍ മടക്കി നല്‍കാനുള്ള ശ്രമങ്ങള്‍ രണ്ടാംപകുതിയുടെ ആദ്യമിറ്റുകളില്‍ തന്നെ ആരംഭിച്ചു. കൃത്യതയാര്‍ന്ന മുന്നേറ്റങ്ങളിലൂടെ എതിരാളികള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന മൊറോക്കാന്‍ മുന്നേറ്റങ്ങളെ ശ്രമങ്ങളൊക്കെ ഫ്രഞ്ച് പ്രതിരോധം തട്ടിക്കളഞ്ഞു. 

ഒരു ഡസനിലേറെ അവസരങ്ങളാണ് രണ്ടാം പകുതിയില്‍ മൊറോക്കോ മികച്ച ഗയിം പ്ലാനിലൂടെ സൃഷ്ടിച്ചത്. ഗോളിലേക്ക് വണ്‍ ടച്ച് മാത്രം ബാക്കിനില്‍ക്കെ ഫ്രഞ്ച് പ്രതിരോധം പന്ത് തട്ടിയകറ്റും. അല്ലെങ്കില്‍ അവസരങ്ങള്‍ മൊറോക്കോ തന്നെ സ്വയം നഷ്ടപ്പെടുത്തും. 

ഇതിനിടെയിലും കൗണ്ടര്‍ അറ്റക്കുമായി മൊറോക്കന്‍ ഗോള്‍ മുഖത്ത് ഫ്രാൻസ് അപകടം വിതച്ചുകൊണ്ടേയിരുന്നു. അതിന്റെ ശ്രമ ഫലമെന്നപോലെ 79-ാം മിനിറ്റില്‍ ഫ്രാന്‍സ് രണ്ടാം ഗോളും മൊറോക്കന്‍ പോസ്റ്റിലേക്ക് നിക്ഷേപിച്ചു. 

മികച്ച ടീം വര്‍ക്കിലൂടെയാണ് ആ ഗോള്‍ പിറന്നത്. മൊറോക്കന്‍ ഡിഫന്റര്‍മാരെയെല്ലാം വെട്ടിച്ച് കറക്കി പന്തുമായി അതിവേഗത്തിലെത്തിയ എംബാപ്പെയുടെ ക്രോസ് കോലോ മൗനി വണ്‍ടച്ചിലൂടെ വലയിലാക്കുകയായിരുന്നു. 

പിന്നീടുള്ള 15 മിനിറ്റ് സമയം ആശ്വാസ ഗോളിനു വേണ്ടു മൊറോക്കോ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫിനിഷിങിലെ പിഴവ് കൊണ്ട് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. അങ്ങനെ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ടാമതും ലോകകപ്പ് ഫൈനലിലെത്തി.

ഞായറാഴ്ച്ച ലോകകപ്പിനായി അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടും. ശനിയാഴ്ച്ചയാണ് ലൂസേഴ്‌സ് ഫൈനല്‍. അര്‍ജന്റീനയോട് പരാജയപ്പെട്ട ക്രൊയേഷ്യയാണ് മൊറോക്കോയുടെ എതിരാളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.