ഫാ. സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

അങ്കമാലി: ക്ലരീഷ്യന്‍ സഭയുടെ (സിഎംഎഫ്) സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. സിബി ഞാവള്ളിക്കുന്നേല്‍ സിഎംഎഫ് തെരഞ്ഞെടുക്കപ്പെട്ടു.

കുറവിലങ്ങാട് ക്ലാരറ്റ് ഭവന്‍ മൈനര്‍ സെമിനാരി റെക്ടറായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. അങ്കമാലി കറുകുറ്റിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്ന ക്ലരീഷ്യന്‍ സഭയുടെ സെന്റ് തോമസ് പ്രവിശ്യയുടെ അഞ്ചാമത് പ്രൊവിന്‍ഷ്യല്‍ ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫാ. തോമസ് പൈങ്ങോട്ട് (വൈസ് പ്രൊവിന്‍ഷ്യല്‍ - വൈദിക പരിശീലനം), ഫാ. തോമസ് വെച്ചൂര്‍ (ധനകാര്യം), ഫാ. ഡൊമിനിക് കൂറ്റിയാനി (പ്രേഷിതത്വം), ഫാ. മാര്‍ട്ടിന്‍ വിതയത്തില്‍ (യുവജന പ്രേഷിതത്വം) എന്നിവരെ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുത്തു. ക്ലരീഷ്യന്‍സഭയുടെ ആഗോളതലത്തിലുള്ള 33 പ്രവിശ്യകളില്‍ സീറോ മലബാര്‍സഭാ റീത്തിലുള്ള ഏക പ്രവിശ്യയാണ് സെന്റ് തോമസ് പ്രൊവിന്‍സ്.

കേരളം, കര്‍ണാടകം, തെലുങ്കാന, മഹാരാഷ്ട്ര. മധ്യപ്രദേശ്, ഗുജറാത്ത്, ആഫ്രിക്കയിലെ മൊസാംബിക്കിലും സെന്റ് തോമസ് പ്രൊവിന്‍സ് പ്രവര്‍ത്തിക്കുന്നു. തലശേരി അതിരൂപത പാലാവയല്‍ ഞാവള്ളിക്കുന്നേല്‍ പരേതരായ മാത്യു-റോസമ്മ ദമ്പതികളുടെ മകനാണ് ഫാ. സിബി ഞാവള്ളിക്കുന്നേല്‍. 1999ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഇരിട്ടി ദൈവശാസ്ത്രപഠന സ്റ്റഡി ഹൗസിലെ റെക്ടറായും പത്തനംതിട്ട ജില്ലയിലെ കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ പതിമൂന്ന് വര്‍ഷം പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.