കെപിസിസി പുനസംഘടന: ഭാരവാഹി യോഗം ഇന്ന്; ചില ഡിസിസി പ്രസിഡന്റുമാര്‍ക്ക് മാറ്റമുണ്ടായേക്കും

കെപിസിസി പുനസംഘടന: ഭാരവാഹി യോഗം ഇന്ന്; ചില ഡിസിസി പ്രസിഡന്റുമാര്‍ക്ക് മാറ്റമുണ്ടായേക്കും

തിരുവനന്തപുരം: പുനസംഘടനാ ചര്‍ച്ചകള്‍ക്കായി കെപിസിസി ഭാരവാഹി യോഗം ഇന്ന്. യോഗം വൈകിട്ട് ഏഴിന് ഓണ്‍ലൈനായാണ് ചേരുന്നത്. മണ്ഡലം ബ്ലോക്ക് കമ്മറ്റികളുടെ പുനസംഘടനയാകും ആദ്യം നടക്കുക. ഡിസിസി അധ്യക്ഷന്മാര്‍ക്കും മാറ്റമുണ്ടായേക്കും.

അടിമുടി അഴിച്ചുപണിക്ക് പകരം കാര്യക്ഷമമമല്ലാത്തവരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാനാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

കോണ്‍ഗ്രസ് പുനസംഘടനയില്‍ കെ സുധാകര വിരുദ്ധരായ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും വെട്ടാന്‍ നീക്കം. ആറ് ഡിസിസി ഭാരവാഹികളാണ് ഈ പട്ടികയില്‍. മോശം പ്രകടനം, ജോഡോ യാത്രാ സ്വീകരണത്തിലെ വീഴ്ച, പ്രായപരിധി എന്നിവയാണ് കാരണമാക്കുക. ഭാരവാഹി യോഗത്തില്‍ മാനദണ്ഡങ്ങളില്‍ ധാരണയായേക്കും.

കെപിസിസി പ്രസിഡന്റ് പ്രഖ്യാപനം ഈമാസം ഒടുവിലുണ്ടായാല്‍ ഫെബ്രുവരിയോടെ പുതിയ ഡിസിസി പ്രസിഡന്റുമാരെയും മറ്റു ഭാരവാഹികളെയും നോമിനേറ്റ് ചെയ്യും. കെ. സുധാകരന്റെ പേരാണ് ഒറ്റവരി പ്രമേയത്തിലൂടെ ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുള്ളത്.

തിരുവനന്തപുരത്തെയടക്കം ചില ഡിസിസി പ്രസിഡന്റുമാര്‍ സുധാകരന്റെ കരിമ്പട്ടികയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട് നിന്നുള്ളവരും പുറന്തള്ളപ്പെടാനാണ് സാധ്യത. ഈ ഡിസിസികളുടെ പ്രകടനം മോശമാണെന്നും ജോഡോ യാത്രയുടെ സ്വീകരണത്തിലടക്കം അത് നിഴലിച്ചെന്നുമാണ് കെപിസിസി പ്രസിഡന്റിന്റെ റിപ്പോര്‍ട്ട്.

സ്വീകരണം മോശമാക്കിയെന്ന് തിരുവനന്തപുരം പ്രസിഡന്റ് പാലോട് രവിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ ചിന്തന്‍ശിബിര്‍ പ്രഖ്യാപന പ്രകാരം 50 ശതമാനം ഭാരവാഹികള്‍ 50 വയസില്‍ താഴെ വേണമെന്ന മാനദണ്ഡവും ഇവരെ കുരുക്കാന്‍ ഉപയോഗിക്കും.

എറണാകുളം, മലപ്പുറം പ്രസിഡന്റുമാര്‍ക്ക് സുധാകരന്റെയും വി.ഡി സതീശന്റെയും സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ തുടര്‍ന്നേക്കും. സുധാകരന് താല്‍പ്പര്യമുള്ള കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് പ്രസിഡന്റുമാര്‍ക്കും പച്ചക്കൊടിയാണ്. എന്നാല്‍ ഇവരില്‍ പലരെയും നീക്കുന്നത് എളുപ്പമാകില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.