റെയിന്‍ബോയില്‍ നാല് ഭവനങ്ങളൊരുക്കി വിന്‍സെന്‍ഷ്യന്‍ സമൂഹം

റെയിന്‍ബോയില്‍ നാല്  ഭവനങ്ങളൊരുക്കി വിന്‍സെന്‍ഷ്യന്‍ സമൂഹം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയായ റെയിന്‍ബോ പദ്ധതിയില്‍ കോട്ടയം വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍സ് കാഞ്ഞിരപ്പള്ളി നെടുങ്ങാട് പ്രദേശത്ത് നിര്‍മ്മിച്ച നാല് ഭവനങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ആശീര്‍വുദിച്ചു. 2021 ഒക്ടോബറിലുണ്ടായ പ്രളയം ദുരിതത്തിലാക്കിയ കൊക്കയാര്‍ പഞ്ചായത്തിലെ വടക്കേ മലയില്‍ നിന്നുള്ള നാലു കുടുംബങ്ങള്‍ക്കാണ് വിന്‍സന്‍ഷ്യന്‍ സമൂഹം ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. ദുരിതങ്ങളില്‍ മറ്റുള്ളവരുടെ കൈപിടിക്കുവാനുള്ള കൂട്ടുത്തരവാദിത്വം നമുക്കുണ്ടെന്ന് മാര്‍ മാത്യു അറയ്ക്കല്‍ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കവേ ഓര്‍മിപ്പിച്ചു. കോട്ടയം പ്രൊവിന്‍സ് വിന്‍സെന്‍ഷ്യന്‍ വൈദികരുടെ വിവിധ തലങ്ങളിലുള്ള സംഭാവനകളെ അഭിനന്ദിക്കുകയും നാല് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യ മായ സ്ഥലം സൗജന്യമായി നല്‍കിയ ജോസ് വെട്ടത്തോടും കുടുംബാംഗങ്ങളോടുമുള്ള നന്ദി അദ്ദേഹം അറിയിക്കുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതി വടക്കേമലയില്‍ നിന്നുമാത്രം ആറു കുടുംബങ്ങളെയാണ് വിവിധ പ്രദേശങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച് പുനരധിവസിപ്പിച്ചിട്ടുള്ളത്. പ്രളയദുരിതത്തിലായ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കായി അടിയന്തര സഹായങ്ങള്‍, 45 ഭവനങ്ങളുടെ നിര്‍മ്മാണം, വീടുകളുടെ അറ്റകുറ്റപ്പണികളാവശ്യമുള്ളവര്‍ക്കുള്ള സാമ്പത്തിക സഹായം, പഠനസഹായം, കുടിവെള്ളപദ്ധതി തുടങ്ങിയ നിരവധി പദ്ധതികള്‍ റെയിന്‍ബോ പദ്ധതി വഴിയായി പൂര്‍ത്തീകരിക്കുന്നു.

വടക്കേമല പള്ളി വികാരിയും വിന്‍സെന്‍ഷ്യന്‍ കോട്ടയം പ്രൊവിന്‍സംഗവുമായ ഫാ. ചെറിയാന്‍ പുലിക്കുന്നേലാണ് ഡി പോള്‍ ഹോംസ് എന്ന പേരിലറിയപ്പെടുന്ന നാലു ഭവനങ്ങളുടെ നിര്‍മ്മാണം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. മാത്യു കക്കാട്ട്പള്ളിയുടെ നിര്‍ദ്ദേശാനുസരണം ഏകോപിപ്പിച്ചത്. ഭവന നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ സൗജന്യമായി നല്‍കിയത് കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റും കരാറടിസ്ഥാനത്തില്‍ നിര്‍മ്മാണം നിര്‍വഹിച്ചത് കപ്പാട് ശിവാനി കണ്‍സ്ട്രക്ഷന്‍സുമാണ്.

ആശീര്‍വാദ കര്‍മ്മങ്ങളില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഡോ. ജോസഫ് വെള്ളമറ്റം, വിന്‍സെന്‍ഷ്യന്‍ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറല്‍ റവ. ഡോ. ആന്റണി ചക്കുങ്കല്‍, കോട്ടയം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. ഡോ. മാത്യു കക്കാട്ടുപള്ളി, ഫാ. ആന്റണി മൂന്നുപീടികയ്ക്കല്‍, ഫാ. ജോര്‍ജ് പൂനാട്ട്, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍, അഞ്ചിലിപ്പ പള്ളി വികാരി ഡോ. തോമസ് നിരപ്പേല്‍, ഫാ. ഇന്നസെന്റ് പുത്തന്‍തറയില്‍, ഫാ. ചെറിയാന്‍ പുലിക്കുന്നേല്‍, ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, ഫാ. തോമസ് പരിന്തിരിക്കല്‍, ജോസ് വെട്ടം, റിജോ വാളന്തറ, ഷൈജു ശിവാനി, കുടുംബകൂട്ടായ് മാംഗങ്ങള്‍, സമീപവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26