കോഴിക്കോട്: അക്കൗണ്ടില്‍ നിന്നും ഫണ്ട് തട്ടിയ സംഭവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രതിപക്ഷ ബഹളം. അടിയന്തിര പ്രമേയ അനുമതി നിഷേധിച്ചതോടെ പ്രതിഷേധം തുടര്‍ന്ന 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു.
ഫണ്ട് തട്ടിപ്പ് കേസില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസും ബിജെപിയും അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് അനുമതി നല്‍കാതെ മേയര്‍ തള്ളുകയായിരുന്നു. കോണ്‍ഗ്രസ് അംഗം മൊയ്തീന്‍ കോയ, ബിജെപി അംഗം റിനീഷ് എന്നിവരാണ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ അക്കൗണ്ട് തട്ടിപ്പിലൂടെ കോഴിക്കോട് കോര്‍പ്പറേഷന് നഷ്ടപ്പെട്ട പണം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തിരികെ ലഭിച്ചെന്നും ഇനി ഈ തുകയുടെ പലിശ മാത്രമാണ് ലഭിക്കാന്‍ ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞു. ഈ പലിശ തുക തരാന്‍ ആവശ്യപ്പെട്ട് ബാങ്കിന് കത്ത് നല്‍കിയിരുന്നുവെന്നും പലിശ നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.
വിശദീകരണം നല്‍കിയ ശേഷം പ്രമേയത്തിന് അടിയന്തര സ്വഭാവം ഇല്ലെന്നും അതിനാല്‍ അനുമതി നിഷേധിക്കുന്നുവെന്നും മേയര്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതോടെ കൗണ്‍സില്‍ നടപടികള്‍ മേയര്‍ അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചു. മേയര്‍ തിരിച്ചെത്തിയപ്പോഴും യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു.
ഇതോടെ സഭാ ചട്ടം ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് ശോഭിത കെ.സി. ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരെ സസ്പെന്റ് ചെയ്തതായി മേയര്‍ ബീന ഫിലിപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗണ്‍സില്‍ പിരിയുകയും ചെയ്തു. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.
ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധ സൂചകമായി തലയില്‍ കറുപ്പ് റിബണ്‍ കെട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നത്തെ കൗണ്‍സില്‍ യോഗത്തിന് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.