തന്റെ 86-ാം ജന്മദിനത്തില്‍ മൂന്നു ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി ഫ്രാന്‍സിസ് പാപ്പ

തന്റെ 86-ാം ജന്മദിനത്തില്‍ മൂന്നു ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് സമ്മാനം നല്‍കി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദരിദ്രരില്‍ ഏറ്റവും ദരിദ്രര്‍ക്കായി സേവനം ചെയ്യുന്ന മൂന്ന് ജീവകാരുണ്യ പ്രവര്‍ത്തകരെ തന്റെ ജന്മദിനത്തില്‍ ആദരിച്ച് ഫ്രാന്‍സിസ് പാപ്പ. ഫാ. ഹന്ന ജലൂഫ്, ജിയാന്‍ പിയറോ, സില്‍വാനോ പെഡ്രോല്ലോ എന്നിവര്‍ക്കാണ് 86-ാം ജന്മദിനത്തില്‍ മാര്‍പ്പാപ്പാ ആദരവും നന്ദിയും അര്‍പ്പിച്ചത്.

മറ്റുള്ളവര്‍ക്കായി ചെയ്യുന്ന സേവനത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കാനാണ് പാപ്പാ ഈ ആദരവിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിക്കാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റിയില്‍ നിന്നുള്ള പത്രക്കുറിപ്പ് പറയുന്നു. ജന്മദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഡോര്‍മിറ്ററി സന്ദര്‍ശിച്ച് ഈ മൂന്നു പേര്‍ക്കും നന്ദിസൂചകമായി പുഷ്പം നല്‍കി ആദരവ് അര്‍പ്പിച്ചു.

ഫാ. ഹന്ന ജലൂഫ് സിറിയയിലെ ആഭ്യന്തരയുദ്ധത്തിലുടനീളം ദുരിതബാധിതരെ സേവിക്കുന്നതിനായി തന്റെ ജീവിതം ചെലവഴിച്ച ഫ്രാന്‍സിസ്‌കന്‍ വൈദികനാണ്.

ഭവനരഹിതനായ ജിയാന്‍ പിയറോ ഓരോ ദിവസവും തനിക്ക് ലഭിക്കുന്ന ഭിക്ഷയുടെ ഒരു വിഹിതം തന്നേക്കാള്‍ ദരിദ്രമായ സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്ക് നല്‍കുന്നു.

സില്‍വാനോ പെഡ്രോല്ലോ ഇറ്റാലിയന്‍ നഗരമായ വെറോണയില്‍ നിന്നുള്ള ഒരു ബിസിനസുകാരനാണ്, അദ്ദേഹം തന്റെ ബിസിനസിന്റെ ലാഭത്തിന്റെ വലിയൊരു ഭാഗം നിരവധി ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പാവപ്പെട്ടവരെ സ്‌കൂളുകള്‍, കിണറുകള്‍, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി ചെലവഴിക്കുന്നു.

ശനിയാഴ്ച നടന്ന പരിപാടിയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ സമ്മാനവും വിശ്വാസികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ഒരു ക്യൂബിനുള്ളില്‍ ഉറപ്പിച്ചിരിക്കുന്ന ചെറിയ ഗോളം. ആ ഗോളത്തില്‍ മദര്‍ തെരേസ ഒരു ജാലകത്തിനരികില്‍ കുഞ്ഞിനെ എടുത്തുപിടിച്ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.

'ലോകത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ് ക്യൂബ്'. മദര്‍ തെരേസയുടെ മരണത്തെക്കുറിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നടത്തിയ ഒരു പരാമര്‍ശത്തില്‍ നിന്നാണ് ജനാലയുടെ ആശയം ഉരുത്തിരിഞ്ഞത്. 'മദര്‍ തെരേസ ഒരു തുറന്ന ജാലകമായിരുന്നു, അതില്‍ നിന്ന് യേശു പുറത്തേക്ക് നോക്കി പുഞ്ചിരിക്കുകയും നിരവധി പാവങ്ങള്‍ക്ക് ആശ്വാസവും അന്തസും നല്‍കുകയും ചെയ്തു. ഈ ആശയത്തില്‍നിന്നാണ് സമ്മാനം രൂപപ്പെട്ടതെന്ന് ഡികാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.