കെയ്റോ: പ്രശസ്ത ഇറാനിയന്‍ നടി തരാനെ അലിദൂസ്തി അറസ്റ്റില്‍. ഇറാനില്‍ നടക്കുന്ന ഹിജാബ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരിലാണ് നടപടി. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ദ സെയില്‍സ്മാന്‍ സിനിമയില്‍ അലി ദൂസ്തിയാണ് അഭിനയിച്ചത്.
പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മൊഹ്‌സെന്‍ ഷെക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തരാനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. 'അയാളുടെ പേര് മൊഹ്‌സെന്‍ ഷെക്കാരി എന്നാണ്. ഈ രക്തച്ചൊരിച്ചില്‍ കാണുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യത്വത്തിന് നാണക്കേടാണ്'- ഇങ്ങനെയായിരുന്നു കുറിപ്പ്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് 38 കാരിയായ താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്
നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാള്‍ കളിക്കാര്‍, സിനിമ താരങ്ങള്‍ എന്നിവരെയെല്ലാം ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഈ പരമ്പരയിലെ ഏറ്റവും പുതിയ അറസ്റ്റാണ് ദി സെയില്‍സ്മാന്‍ താരം തരാനെ അലിദൂസ്തിയുടേത്. എട്ടു ദശലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന നടിയുടെ അക്കൗണ്ട് താത്കാലികമായി നിരോധിച്ചും അധികൃതര്‍ പ്രതികാര നടപടി തുടരുകയാണ്.
തന്റെ അവകാശവാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അലിദൂസ്തിക്ക് കഴിഞ്ഞില്ലെന്നും അതിനാല്‍ അവരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
നവംബറില്‍, സോഷ്യല്‍ മീഡിയയിലെ പ്രതിഷേധക്കാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് പ്രശസ്ത ഇറാനിയന്‍ നടിമാരായ ഹെന്‍ഗമേഹ് ഗാസിയാനിയെയും കതയോന്‍ റിയാഹിയെയും അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ ഫുട്‌ബോള്‍ ടീമിനെ അപമാനിച്ചതിനും സര്‍ക്കാരിനെതിരെ പ്രചരണം നടത്തിയതിനും ഇറാനിയന്‍ ഫുട്‌ബോള്‍ താരം വോറിയ ഗഫൗരിയും കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. മൂന്നുപേരെയും പിന്നീട് വിട്ടയച്ചു.
സെപ്റ്റംബര്‍ 16-ന് മത പൊലീസിന്റെ കസ്റ്റഡിയില്‍ മഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതുമുതല്‍ ഇറാനില്‍ പ്രതിഷേധം ശക്തമായിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്നുണ്ടായ ഇറാന്റെ മതാധിപത്യത്തിനെതിരായ ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി പ്രതിഷേധങ്ങള്‍ മാറിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.