ദോഹ: ഖത്തറിന്റെ അത്തറ് പൂശിയ മണ്ണിൽ 36 വര്‍ഷത്തെ അർജന്റീനയുടെ ലോകകപ്പ് വരൾച്ചക്ക് അന്ത്യം കുറിച്ച് മെസ്സിയും കൂട്ടരും ലോകകിരീടത്തിൽ മുത്തമിട്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിലവിലെ ചമ്പ്യൻമാരായ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീനയുടെ കിരീടധാരണം. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
2014ല്‍ കൈയകലത്തില്‍ കൈവിട്ടപോയ കിരീടമാണ് മെസ്സി തന്റെ അവസാന ലോകകപ്പിൽ കൈകളിലേക്ക് ഏറ്റുവാങ്ങിയത്. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റമാണ് നടത്തിയത്. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി.
17-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
21-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. പന്തുമായി ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റി.
ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. അതിന്റെ ഫലം 36-ാം മിനിറ്റില്‍ കണ്ടു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. മെസ്സി മറിച്ചുനല്‍കിയ പാസ് സ്വീകരിച്ച അല്‍വാരസ് പന്ത് മാക് അലിസ്റ്റര്‍ക്ക് നല്‍കി. മാക് അലിസ്റ്റര്‍ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റര്‍ പന്ത് ഡി മരിയയ്ക്ക് ക്രോസ്സ് നൽകി. ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ മനോഹരമായ ഫിനിഷിങ്ങിലൂടെ ഗോള്‍ വലയിലാക്കി.
ആദ്യപകുതിയി നിര്‍ത്തിയ ഇടത്തുനിന്ന് തന്നെയായിരുന്നു അര്‍ജന്‍റീനയുടെ രണ്ടാം പകുതിയിലെ തുടക്കം. കളിയുടെ 75- ആം മിനിറ്റ് വരെ ആധിപത്യം പുലർത്തിയ അർജന്റീനക്ക് പക്ഷേ കാര്യങ്ങൾ പെട്ടെന്ന് കൈവിട്ടു പോയി. 79-ാം മിനുറ്റിലെ ഒട്ടാമെന്‍ഡിയുടെ ഫൗളിന് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നല്‍ വലയിലെത്തി. പിന്നെ ഒരു മിനിറ്റ് പോലും വേണ്ടി വന്നില്ല അടുത്ത ഗോളിന്. മെസ്സിയിൽ നിന്ന് മിസ്സായ പന്ത് വിങ്ങിലൂടെ എംബാപ്പെയിലേക്ക്. പറക്കും ഫിനിഷിംഗിലൂടെ എംബാപ്പെ അത് ഗോളാക്കി. അർജന്റീന 2, ഫ്രാൻസ് 2.
നിശ്ചിത സമയത്തും ആർക്കും വിജയ ഗോൾ നേടാനാകാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. വീറും വാശിയും നിറഞ്ഞ ഒന്നാം പകുതിക്കു ശേഷം 108-ാം മിനിറ്റിൽ മെസിയിലൂടെ അർജന്‍റീന ലീഡ് നേടി. എന്നാൽ 118-ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി എംബാപ്പെ സമനിലയിലെത്തിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നു.
മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. ഇതോടെ മത്സരം അധികസമയവും സമനിലയില്‍ കലാശിച്ചു.
ഷൂട്ടൗട്ടിൽ ഫ്രാന്‍സിനായി ആദ്യ കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. മാര്‍ട്ടിനെസ്സിന്റെ കൈയ്യില്‍ തട്ടിയാണ് പന്ത് വലയില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിക്കും പിഴച്ചില്ല. പക്ഷെ ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്ത കിങ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തട്ടിയകറ്റിയതോടെ അർജന്റീനൻ ക്യാബിൽ ജീവൻ വച്ചു.
പിന്നാലെ വന്ന ഡിബാല ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 2-1 ന് മുന്നില്‍ കയറി. ഫ്രാന്‍സിനായി മൂന്നാം കിക്കെടുത്ത ചൗമനിയുടെ ഷോട്ട് ഗോള്‍പോസ്റ്റിന് പുറത്തേക്ക് പോയി. പിന്നാലെ വന്ന പരഡെസ് കൂടി ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 3-1 ന് ലീഡെടുത്തു. നാലാം കിക്കെടുത്ത കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടിയതോടെ സ്‌കോര്‍ 3-2 ആയി. നാലാമത്തെ നിര്‍ണായക കിക്കെടുക്കാനായി വന്നത് മോണ്ടിയലാണ്. താരം ലക്ഷ്യം കണ്ടതോടെ അര്‍ജന്റീന 4-2 ന് വിജയം നേടി ലോകകിരീടത്തില്‍ മുത്തമിട്ടു.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി സ്വന്തമാക്കിയപ്പോൾ ഏറ്റവുമധികം ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയും സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസിനാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം 21 വയസുമാത്രം പ്രായമുള്ള അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസ് സ്വന്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.