ബാങ്കോക്ക്: തായ്‌ലൻഡ് ഉൾക്കടലിൽ ഇന്നലെ രാത്രിയുണ്ടായ കൊടുങ്കാറ്റിൽ തായ് നാവികസേനയുടെ യുദ്ധ കപ്പൽ മുങ്ങി. 106 പേരുണ്ടായിരുന്ന കപ്പലിലെ 33 നാവികരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചതായി നാവികസേന അറിയിച്ചു.
ബാങ്കോക്കിന് തെക്ക് പ്രചുവപ് ഖിരി ഖാൻ പ്രവിശ്യയിൽ കോർവെറ്റ് എച്ച്‌ടിഎംഎസ് സുഖോതായ് എന്ന യുദ്ധ കപ്പലാണ് അപകടത്തിൽപ്പെട്ടത്. തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ മുങ്ങിയത്. മോശം കാലാവസ്ഥയിലും ഒറ്റരാത്രികൊണ്ട് 73 പേരെ സുരക്ഷിതമാക്കാൻ സൈന്യത്തിന് കഴിഞ്ഞു. ബാക്കി 33 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാവിക സേന.
മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായി തായ്‌ലന്‍ഡ് നാവികസേനാ വക്താവ് അഡ്മിറൽ പോഗ്‌ക്രോംഗ് മൊണ്ടാർഡ്‌പാലിൻ പറഞ്ഞു. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ രക്ഷപ്പെടുത്തിയ മൂന്ന് ജീവനക്കാരുടെ നില ഗുരുതരമാണ്. കപ്പലിൽ വെള്ളം കയറിയതിനെ തുടർന്ന് കപ്പലിന്റെ ഹൾ വെള്ളത്തിനടിയിലാകുകയും പവർ റൂം ഷോർട്ട് സർക്യൂട്ടാകുകയും ചെയ്‌തതായാണ് അധികൃതർ പറയുന്നത്.
മുങ്ങിയ എച്ച്‌ടിഎംഎസ് സുഖോതായ് കപ്പൽ
നാവികസേനയുടെ ട്വിറ്റർ അക്കൗണ്ടിൽ സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 1987 മുതൽ ഉപയോഗിക്കുന്ന അമേരിക്കൻ നിർമ്മിത യുദ്ധ കപ്പലാണ് അപകടത്തിൽപ്പെട്ട സുഖോതായ് എന്നും നാവികസേനാ വക്താവ് വ്യക്തമാക്കി.
https://twitter.com/prroyalthainavy/status/1604515919568388096
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.