അറബ് വസ്ത്രം ധരിച്ച് ലയണൽ മെസ്സി: സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം

അറബ് വസ്ത്രം ധരിച്ച് ലയണൽ മെസ്സി: സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം

ദോഹ: ലോകകപ്പ് കൈമാറുന്ന വേളയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമീദ് അല്‍ താനി അര്‍ജന്റൈന്‍ നായകൻ ലയണൽ മെസ്സിയെ കറുത്ത മേല്‍ വസ്ത്രം അണിയിച്ചതിൽ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം. ലോകകപ്പ് സ്വീകരിക്കുമ്പോഴും കപ്പുമായി ടീമംഗങ്ങളുടെ കൂടെ ആഘോഷിക്കുമ്പോഴുമെല്ലാം മെസ്സി ആ വസ്ത്രമണിഞ്ഞാണ് നിന്നത്.

എന്നാൽ മെസ്സിയുടെ പത്താം നമ്പർ ജഴ്സിക്കു മുകളിൽ കറുത്ത നിറമുള്ള ആ വസ്ത്രം ധരിപ്പിച്ചതിനെതിരെ ചിലർ വിമർശനവുമായി രംഗത്തുവന്നിരുന്നു. ദേശീയ ബാഡ്ജ് ഉൾപ്പെടെ മെസ്സിയുടെ അർജന്റീനൻ ജഴ്‌സിയുടെ ഒരു ഭാഗം മുഴുവനും ബിഷ്ത് മൂടിയിരുന്നു. എന്തുകൊണ്ട് ഇങ്ങനെ ചെയ്തുവെന്നും ഈ ഒരു മാന്ത്രിക നിമിഷത്തിൽ മെസ്സിയുടെ തന്റെ ജഴ്‌സി മറച്ചത് ലജ്ജാകരമാണെന്നും പാശ്ചാത്യ മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു.

രാജകുടുംബാംഗങ്ങളും മതനേതാക്കളും അതിസമ്പന്നരും ധരിക്കുന്ന 'ബിഷ്ത്' എന്നറിയപ്പെടുന്ന ഒരു പരമ്പരാഗത അറബ് വസ്ത്രമാണ് മെസ്സിയെ അണിയിപ്പിച്ചത്. മെസ്സിയോടുള്ള ആദരവായാണ് ഖത്തർ അമീർ മെസ്സിയെ ആ മേൽ വസ്ത്രമണിയിച്ചത്.


പിന്നീട് മെസ്സി മൂന്നു നക്ഷത്രങ്ങളുള്ള മറ്റൊരു അർജന്റീനൻ ജഴ്സി ധരിക്കുകയും ചെയ്തു. അർജന്റീനയുടെ മൂന്നാമത്തെ ലോകകിരീടമാണിത് എന്നു സൂചിപ്പിക്കാനായിരുന്നു മൂന്നു നക്ഷത്രങ്ങളുള്ള ജഴ്സി ധരിച്ചത്.

ഖത്തറിന്റെ 220 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ വലിയ തിരിച്ചടവ് നിമിഷമായിരുന്നു അതെന്നും ചടങ്ങില്‍ ദേശീയ ബാഡ്ജ് ഉള്‍പ്പെടെ മെസ്സിയുടെ അര്‍ജന്റീന ഷര്‍ട്ടിന്റെ ഒരു ഭാഗം ബിഷ്റ്റ് മൂടിയിരുന്നുവെന്നും വിമർശങ്ങൾ ഉയർന്നു. ഖത്തർ അമീര്‍ മെസിയെ ബിഷ്ത് അണിയിക്കുമ്പോള്‍ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോയും ഒപ്പമുണ്ടായിരുന്നു.

അതിനിടെ അരുത്, അത് അണിയരുത് എന്ന് ആക്രേശിച്ച് ബിബിസി കമന്റേറ്റര്‍ ലൈവില്‍ രംഗത്തു വന്നതും വാർത്തകളിൽ ഇടംനേടി. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നിട്ടുള്ളത്.

ഖത്തർ ലോകകപ്പ് ഫൈനലിലെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജന്റീന ലോകകിരീടം സ്വന്തമാക്കിയത്. 1986 ന് ശേഷം അർജന്റീനയുടെ വെള്ളയും നീലയും നിറമുള്ള ജഴ്സിയിൽ ലയണൽ മെസ്സി ആ വിശ്വകിരീടത്തിൽ മുത്തമിടുന്നത് അർജന്റീനൻ ആരാധകരുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു.

എന്താണ് ബിഷ്ത്?

അറബ് ലോകത്തിന്റെ സാംസ്‌കാരിക ഐഡന്റിറ്റിയുടെ പ്രതീകം കൂടിയാണ് ബിഷ്ത് എന്ന ഈ മേല്‍ക്കുപ്പായം. ഭരണാധികാരികള്‍, രാജകുടുംബാംഗങ്ങള്‍, ഷെയ്ഖുമാര്‍ എന്നിങ്ങനെ ഉയര്‍ന്ന പദവി അലങ്കരിക്കുന്നവര്‍ ഏറ്റവും സുപ്രധാനമായ സന്ദര്‍ഭങ്ങളില്‍ മാത്രം ധരിക്കുന്ന പരമോന്നതമായ മേല്‍ക്കുപ്പായമാണ് ബിഷ്ത്.

ഗള്‍ഫ് രാജ്യങ്ങളിലും സൗദി അറേബ്യയുടെ വടക്കന്‍ രാജ്യങ്ങളിലും ഇറാഖിലും ഉപയോഗിക്കുന്ന ഈ വസ്ത്രം വിവാഹം, ഈദ് തുടങ്ങിയ വിശേഷ അവസരങ്ങളിലും ഉയര്‍ന്ന പദവിയിലുള്ളവര്‍ ആണ് ധരിക്കുക.

സാധാരണ കറുപ്പ്, ബ്രൗണ്‍, ക്രീം, ഗ്രെ, ഇളം തവിട്ടു നിറം എന്നീ നിറങ്ങളിലാണ് ബിഷ്ത്. ഒട്ടകത്തിന്റെ തലമുടിയും ചെമ്മരിയാടിന്റെ രോമവും ഉപയോഗിച്ചാണു ബിഷ്ത് തയ്ക്കുന്നതിനുള്ള തുണി തയാറാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.