ഏകീകൃത കുര്‍ബാന; എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഫാ. ആന്റണി പൂതവേലിനെ തടഞ്ഞ് വിമത വിഭാഗം

ഏകീകൃത കുര്‍ബാന; എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഫാ. ആന്റണി പൂതവേലിനെ തടഞ്ഞ് വിമത വിഭാഗം

കൊച്ചി: കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം- അങ്കമാലി അതിരൂപതയിലെ ബസലിക്ക പള്ളിയില്‍ ഫാ. ആന്റണി പൂതവേലിനെ തടഞ്ഞ് വിമത വിഭാഗം. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വിമത വിഭാഗം വിലക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ നോമിനിയായ ഫാ. ആന്റണി പുതുവേലിനെ തടഞ്ഞത്. ബിഷപ്പിന്റെ മുറി അടച്ച് പൂട്ടി വൈദികര്‍ അയോഗ്യത നോട്ടീസും പതിച്ചു. സിറോ മലബാര്‍ സഭ നേതൃത്വത്തെ അപ്പാടെ ഒഴിവാക്കി അതിരൂപതയുടെ ശതാബ്ദി ആഘോഷം നടത്തുന്നതിനും വൈദികര്‍ തീരുമാനിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ ബിഷപ്പ് ഹൗസില്‍ പൊലീസുമായി എത്തുകയും വൈദികരെ ഗേറ്റിന് പുറത്ത് നിര്‍ത്തുകയും ചെയ്തതിലുള്ള പ്രതിഷേധം എന്ന് പ്രഖ്യാപിച്ചാണ് എറണാകുളം ബിഷപ്പ് ഹൗസിലെ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്യൂസ് താഴത്തിന്റെ മുറി അടച്ച് പൂട്ടിയത്.

ചുവന്ന റിബണ്‍ കൊണ്ട്  മുറി സീല്‍ ചെയ്ത വൈദികര്‍ വാതിലിന് പുറത്ത് അയോഗ്യത നോട്ടീസ് പതിക്കുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് അടച്ച എറണാകുളം സെന്റ്‌മേരീസ് ബസലിക്കയില്‍ വിമത പിന്തുണയുള്ള റെക്ടറെ നീക്കി പുതിയ അഡ്മിനിസ്‌ടേറ്ററെ കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ് നിയമിച്ചിരുന്നു.

ഇതിലുള്ള പ്രകോപനവും ബിഷപ്പ് ഹൗസിലെ വിലക്കിന് പിന്നിലുണ്ട്. വൈദികര്‍ക്കൊപ്പം ബിഷപ്പിനെ ബഹിഷ്‌കരിക്കുമെന്ന് അല്‍മായ സംഘടനയും വ്യക്തമാക്കി.

ഇതിനിടെ സിറോമലബാര്‍ സഭയുടെ ആസ്ഥാന രൂപതയായി എറണാകുളം അങ്കമാലി അതിരൂപ നിലവില്‍ വന്നതിന്റെ സെന്റിനറി ആഘോഷവും മറ്റൊരു വിവാദത്തിന് തുടക്കമിടുകയാണ്. ഡിസംബര്‍ 21ന് തൃക്കാക്കര ഭാരത് മാതാ കോളജിലെ കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ നഗറിലാണ് ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍.

എന്നാല്‍ സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിനെയോ, സിനഡ് അംഗങ്ങളെയോ, അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായ ആന്‍ഡ്രൂസ് താഴത്തിനെയോ പരിപാടി അറിയിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.