സ്കൂളുകളിൽ പുൽക്കൂട് വേണ്ടെന്ന തീരുമാനം: നിശിതമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനി

സ്കൂളുകളിൽ പുൽക്കൂട് വേണ്ടെന്ന തീരുമാനം: നിശിതമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനി

റോം: മത വികാരം വ്രണപ്പെടുമെന്ന് ആരോപിച്ച് ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുൽക്കൂടുകൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തെ നിശിതമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനി. ഇങ്ങനെയുള്ള വികലമായ തീരുമാനങ്ങളെ ഉൾക്കൊള്ളാൻ തനിക്ക് കഴിയുന്നില്ലെന്ന് വ്യക്തമാക്കിയ മെലാനി പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോ എങ്ങനെയാണ് മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്നും ചോദിക്കുന്നു.

രണ്ട് മിനിറ്റ് ജോർജിയയോടൊപ്പം എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ സ്വന്തം ഭവനത്തിൽ ഉണ്ടാക്കിയ പുൽക്കൂടിന് മുമ്പിൽ ഇരുന്നാണ് പ്രധാനമന്ത്രി ഇറ്റാലിയൻ ജനതയോട് തങ്ങളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഉണ്ടാക്കി ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം മക്കൾക്ക് പകർന്നു കൊടുക്കാൻ ആഹ്വാനം ചെയ്യുന്നത്.

ഈ വീഡിയോ അഞ്ച് വർഷം മുമ്പ് ചെയ്തതാണെന്നും വിഷയത്തിൽ തന്റെ മനസ് മാറിയിട്ടില്ലെന്നും മെലാനി വീഡിയോയ്‌ക്കൊപ്പം ചേർത്ത കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

"എല്ലാ വർഷവും ഞാൻ അതിമനോഹരമായ ക്രിസ്തുമസ് ട്രീ ആയിരുന്നു ഉണ്ടാക്കാറുള്ളത്. എന്നാൽ ഈ വർഷം മുതൽ പുൽക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചു. കാരണം പലരും പുൽക്കൂട് ഉണ്ടാക്കുന്നില്ല എന്ന തീരുമാനമെടുത്തപ്പോൾ ഞാൻ ആ തീരുമാനത്തോട് യോജിക്കാതെ എന്റെ തീരുമാനം മാറ്റാൻ പദ്ധതിയിട്ടു. ഈ ക്രിസ്തുമസിന് ഞാൻ പുൽക്കൂട് ഉണ്ടാകും" എന്ന് മെലാനി വിശദീകരിച്ചു.

കുട്ടികളുടെ മതവികാരം വ്രണപ്പെടും എന്ന കാരണത്താൽ ഈ ദിവസങ്ങളിൽ ഇറ്റലിയിലെ ചില സ്കൂളുകളിൽ പുൽക്കൂടുകൾ ഉണ്ടാക്കേണ്ട എന്ന തീരുമാനം എടുത്തു. അതിനാൽ തന്നെയാണ് താൻ പുൽക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചതുതെന്നും അവർ ഊന്നിപ്പറയുന്നു.

"ഇങ്ങനെയുള്ള വികലമായ തീരുമാനങ്ങളെ ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല. പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോ എങ്ങനെയാണ് മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നത്? ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി മാതാപിതാക്കൾ ആ കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടുന്ന കഥ കേൾക്കുമ്പോൾ ആ കുടുംബം എങ്ങനെയാണ് മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുക? അഭയം നൽകിയ ഈ ദേശത്തെ സംസ്കാരം നിങ്ങളെ എങ്ങനെയാണ് വ്രണപ്പെടുത്തുക" എന്നും ജോർജിയ മെലാനി ചോദിക്കുന്നു.

നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ പുൽക്കൂട്ടിൽ പിറന്നവൻ നൽകിയ മൂല്യങ്ങളിൽ നിന്നാണ് തന്റെ ദേശത്തിന്റെ സംസ്കാരം പടുത്തുയർത്തപ്പെട്ടതെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ജീവന്റെ വിലയിൽ താൻ വിശ്വസിക്കാൻ കാരണം ഉണ്ണീശോ അതെന്നെ പഠിപ്പിച്ചതിനാലാണെന്നും അവർ വ്യക്തമാക്കി.

"പരസ്പരം ബഹുമാനിക്കുവാൻ എന്നെ പഠിപ്പിച്ചതും എന്റെ ദേശത്തിന്റെ സംസ്കാരവും ഈ ഉണ്ണീശോ ആണ്. എന്റെ ജീവിതത്തിൽ എന്തെല്ലാം നന്മകൾ ഉണ്ടോ അതെല്ലാം എന്നെ പഠിപ്പിച്ചത് ഈ വിശ്വാസവും ഈ സംസ്കാരവുമാണ്. എന്റെ മകൾ ഈ സത്യങ്ങളെല്ലാം തിരിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കുറച്ച് സമ്മാനങ്ങൾ കൈമാറുകയും ആഘോഷങ്ങൾ നടത്തുകയും മാത്രമല്ല ക്രിസ്തുമസ്സിന്റെ അർത്ഥം" എന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

"പ്രിയപ്പെട്ടവരേ, എല്ലാവരും നിങ്ങളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഉണ്ടാക്കി നിങ്ങളുടെ മക്കൾക്ക് ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം കൈമാറുക. ഈ വർഷം നമുക്കെല്ലാവർക്കും പുൽക്കൂടിന്റെ വിപ്ലവം തന്നെ സൃഷ്ടിക്കാം" എന്നുപറഞ്ഞുകൊണ്ടാണ് ജോർജിയ മെലാനിയുടെ വീഡിയോ സന്ദേശം അവസാനിക്കുന്നത്.

വീഡിയോ ഇതുവരെ 6000 ൽ അധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഞാൻ ജോർജി, ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്, ഞാൻ ഇറ്റാലിക്കാരിയാണ്, ഞാൻ ക്രിസ്ത്യാനിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രി പദത്തിത്തിയ വ്യക്തിയാണ് ജോർജിയ മെലാനി.

പതിനഞ്ചാം വയസ്സില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ക്രൈസ്തവ പാരമ്പര്യ മൂല്യങ്ങളെ തന്റെ ജീവിതത്തില്‍ ഉടനീളം ഉയര്‍ത്തി പിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലാനി. തീവ്ര ഇടതുപക്ഷ ആശയങ്ങളെ അതി ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. തന്റെ കഴിഞ്ഞ കാല ജീവിതത്തില്‍ പല അവസരങ്ങളിലും പൊതുവേദികളില്‍ തന്റെ ക്രൈസ്തവ വിശ്വാസ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് മെലാനി.

https://fb.watch/hx6cg-UAXu/


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.