വിമാനങ്ങള്‍ തിരിച്ചു വിട്ടു, ട്രെയിനുകള്‍ വൈകി; ഉത്തരേന്ത്യയെ വീര്‍പ്പ് മുട്ടിച്ച് മൂടല്‍ മഞ്ഞ്

വിമാനങ്ങള്‍ തിരിച്ചു വിട്ടു, ട്രെയിനുകള്‍ വൈകി; ഉത്തരേന്ത്യയെ വീര്‍പ്പ് മുട്ടിച്ച് മൂടല്‍ മഞ്ഞ്

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുസഹമാകുന്നു. പലയിടത്തും ഇന്ന് രാവിലെ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. പഞ്ചാബ്, ഹരിയാന ചണ്ഡീഗഡ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മഞ്ഞ് ഇപ്പോഴും മാറിയിട്ടില്ല.

ഉച്ചവരെ ഇതേ നിലയില്‍ തുടര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ക്രമേണ മെച്ചപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനിടെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു.

ചണ്ഡീഗഡ്, വാരണാസി, ലക്‌നൗ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ച് വിട്ടു. ഉത്തര്‍പ്രദേശിലും പഞ്ചാബിലും മൂടല്‍മഞ്ഞ് കനത്തതാണ് വിമാനങ്ങള്‍ തിരിച്ചുവിടാന്‍ കാരണമെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ അന്തരീക്ഷം തെളിഞ്ഞതാണെന്നും ദില്ലി വിമാനത്താവള അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 4.30 ന് ഡല്‍ഹി അന്താരാഷ്ട്രാ വിമാനത്താവളവും ഫോഗ് അലര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും സമാനമായ രീതിയില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടിരുന്നു. അന്ന് യമുന നഗറിലെ അംബാല - സഹരന്‍പൂര്‍ ഹൈവേയില്‍ ഞായറാഴ്ച 22 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു ഡസനോളം പേര്‍ക്ക് പരിക്കേറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.