"ബൈബിൾ പൂര്‍ണ്ണമായും ഞാന്‍ വായിച്ചു, നിങ്ങളും വായിക്കൂ'': ആരാധകരോടായി ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ


ഒഹായോ: താൻ ബൈബിൾ പൂര്‍ണ്ണമായും വായിച്ചുവെന്നും തന്നെ പിന്തുടരുന്നവരും ബൈബിൾ മുഴുവൻ വായിക്കുമെന്നും എമ്മി അവാർഡ് നേടിയ പ്രമുഖ ഹോളിവുഡ് താരമായ പട്രീഷ്യ ഹീറ്റൺ. ഡിസംബർ പതിനെട്ടാം തീയതി താൻ ബൈബിൾ മുഴുവൻ വായിച്ചു തീർത്തുവെന്നാണ് അവർ സാമൂഹ്യ മാധ്യമത്തിലൂടെ ആവേശത്തോടെ ആരാധകരുമായി പങ്കുവെച്ചത്.

ഒരു വർഷം മുമ്പ് ഇതേ ദിവസം ബൈബിൾ മുഴുവൻ വായിച്ചു തീർക്കണമെന്ന് ഒരു തീരുമാനം എടുത്തുവെന്നും, അത് ഇന്ന് പൂർത്തീകരിച്ചുവെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഹീറ്റൺ പറയുന്നു. ദി ഗോസ്പൽ കോയലിഷന്റെ വാർഷിക ബൈബിൾ വായനാ പദ്ധതിയാണ് താൻ പിന്തുടർന്നതെന്ന് അവർ വ്യക്തമാക്കി.

ബൈബിൾ വായിക്കുന്ന സമയത്ത് വചനഭാഗങ്ങൾ എഴുതിവെക്കാൻ ഉപയോഗിച്ച രണ്ട് പേപ്പറുകളും ഹോളിവുഡ് താരം ഉയർത്തിക്കാട്ടി. "ചില ദിവസങ്ങൾ ഓരോ വെളിപ്പെടുത്തലായിരുന്നു. ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ ഞാൻ കണ്ടു". ചില ദിവസങ്ങളിൽ വായിച്ച ബൈബിൾ ഭാഗങ്ങൾ കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് താരം പറയുന്നു.

"ചില ദിവസങ്ങൾ ബൈബിൾ വായിക്കുന്നത് ഒരുതരം കഠിന പരിശ്രമം ആയിരുന്നു, പ്രത്യേകിച്ച് പഴയ നിയമം വായിക്കുമ്പോൾ. എന്നാൽ താൻ മുന്നോട്ടു പോയി. " എന്നും അവർ സന്തോഷത്തോടെ പങ്കുവെച്ചു. ഏതെല്ലാം പേരുകളിൽ ദൈവത്തെ ബൈബിളിൽ വിശേഷിപ്പിക്കുന്നുവോ, ആ പേരുകളും താൻ കുറിച്ചുവെച്ചുവെന്നും യേശുവിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതിൽ നിന്ന് ഒരിക്കൽപോലും പിന്മാറാത്ത ഈ ഹോളിവുഡ് നടി പറയുന്നു.

ഒരു ദിവസം ആരംഭിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് ബൈബിൾ വായനയെന്ന് അവൾ ആരാധകരോട് പറഞ്ഞു. കൂടാതെ ബൈബിൾ വായനയ്ക്കും പ്രാർത്ഥനയ്ക്കും എല്ലാ ദിവസവും സമയം നീക്കിവയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജനുവരി ഒന്നാം തീയതി മുതൽ താൻ ബൈബിൾ വീണ്ടും വായിക്കാൻ ആരംഭിക്കുമെന്നും 64 കാരിയായ ഹീറ്റൺ വ്യക്തമാക്കി.

ഗർഭസ്ഥശിശുവിൻറെ ജീവിക്കാനുള്ള അവകാശത്തെ പിന്തുണച്ചും ഭ്രൂണഹത്യയെ അപലപിച്ചും വിവിധ അവസരങ്ങളിലും സംസാരിച്ചിട്ടുള്ള പട്രീഷ്യ ഹീറ്റൺ ജീവിതത്തിന്റെ ലക്ഷ്യമെന്നത് ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണമെന്നും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു ഐറിഷ് കത്തോലിക്ക വിശ്വാസിയായ ഹീറ്റൺ നാലു മക്കളുടെ അമ്മ കൂടിയാണ്.

"യേശു നമുക്കു വേണ്ടി പരസ്യമായി മരിച്ചു, അതിനാൽ അവനുവേണ്ടി സ്വകാര്യമായി ജീവിക്കരുത്" എന്ന് ഒരിക്കൽ കേട്ട ഒരു പ്രസ്താവന കാരണം ക്രിസ്തുവിനെക്കുറിച്ച് ഉറക്കെ സംസാരിക്കാൻ ധൈര്യമുണ്ടെന്ന് മുമ്പ് ക്രിസ്ത്യൻ പോസ്റ്റ് നടത്തിയ ഒരു അഭിമുഖത്തിൽ ഹീറ്റൺ പറഞ്ഞിരുന്നു.

എന്നാൽ വിഷമകരമായ സാഹചര്യങ്ങളിൽ നിങ്ങൾ എന്തിന് ദൈവത്തെ സ്നേഹിക്കണം എന്നതിനെക്കുറിച്ച് നാം സംസാരിക്കേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ഇതിന് കാരണം, അവൻ ആദ്യം നമ്മെ സ്നേഹിച്ചു എന്നത് ത്ന്നെയാണ്. നാം പാപത്തിൽ ആയിരിക്കുമ്പോൾ തന്നെ അവൻ നമുക്കുവേണ്ടി മരിച്ചു എന്ന സത്യം നാം വിസ്മരിക്കരുതെന്നും ഹീറ്റൺ വിശദീകരിച്ചു.

100 ഓളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ക്രിസ്ത്യൻ അന്താരാഷ്ട്ര സർക്കാരിതര സംഘടനയായി കണക്കാക്കപ്പെടുന്ന ക്രിസ്ത്യൻ ഹ്യൂമാനിറ്റേറിയൻ ചാരിറ്റി വേൾഡ് വിഷന്റെ ദീർഘകാല അംബാസഡറാണ് ഹീറ്റൺ.

കഴിഞ്ഞ വർഷം യുവർ സെക്കൻഡ് ആക്റ്റ് എന്ന പേരിൽ ഹീറ്റൺ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. പ്രായഭേദമന്യേ ജീവിതം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ജീവിക്കാൻ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുസ്തകമാണിത്.

'എവരിബഡി ലവ്സ് റേയ്മണ്ട്', 'ദ മിഡിൽ' തുടങ്ങിയ പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ താരം കൂടിയാണ് പട്രീഷ്യ ഹീറ്റൺ.

https://twitter.com/PatriciaHeaton/status/1604512980774707201


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.