വാഷിങ്ടണ്‍: തന്റെ രാജ്യം ഒരിക്കലും റഷ്യയ്ക്കു കീഴടങ്ങില്ലെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. ബുധനാഴ്ച രാത്രി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ തങ്ങള്‍ക്ക് അനുവദിച്ച കോടിക്കണക്കിന് ഡോളറിന്റെ സഹായം ജീവകാരുണ്യമല്ല, മറിച്ച് ആഗോള സുരക്ഷയ്ക്കും ജനാധിപത്യത്തിനുമുള്ള നിക്ഷേപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊഷ്മളമായ സ്വീകരണമാണ് ഉക്രെയ്ന്‍ പ്രസിഡന്റിന് യുഎസ് കോണ്‍ഗ്രസില്‍ ലഭിച്ചത്. ഹസ്തദാനം നല്‍കിയും വലിയ കരഘോഷത്തോടെയുമാണ് അംഗങ്ങള്‍ സെലന്‍സ്‌കിയെ സ്വീകരിച്ചത്. മൂന്ന് അംഗങ്ങള്‍ ഒരു വലിയ ഉക്രെയ്ന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹത്തിനൊപ്പം നിന്നു.
'യു.എസ്. കോണ്‍ഗ്രസില്‍ പങ്കെടുക്കാനും എല്ലാ അമേരിക്കക്കാരോടും സംസാരിക്കാനും സാധിച്ചത് തനിക്ക് വലിയ ബഹുമതിയാണ്. നാശത്തിനും ഇരുട്ടിനും വിധേയമായി ഉക്രെയ്ന്‍ വീണില്ല. ഉക്രെയ്ന്‍ ജീവനോടെയുണ്ട്. ലോക മനസാക്ഷിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ റഷ്യയെ പരാജയപ്പെടുത്തി' - സെലന്‍സ്‌കി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും സെലന്‍സ്‌കി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച യുഎസിയില്‍ വിമാനമിറങ്ങിയ സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തിയാണ് ബൈഡനെ കണ്ടത്. ഫെബ്രുവരിയില്‍ റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ച ശേഷം സെലന്‍സ്‌കി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. യുഎസ് ക്യാപിറ്റോളില്‍ നടന്ന കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തിന് മുന്നോടിയായാണ് വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്ലിനും ഒപ്പം ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി
വിമാനത്താവളത്തിലെത്തിയ സെലന്‍സ്‌കിയെ നേരിട്ട് വൈറ്റ് ഹൗസിലേക്ക് കൊണ്ടുപോവുകയായിരുന്നു. പച്ച കാര്‍ഗോ പാന്റും ടീ ഷര്‍ട്ടുമായിരുന്നു വേഷം. ബൈഡനൊപ്പം ഭാര്യ ജില്ലും വൈറ്റ് ഹൗസിലുണ്ടായിരുന്നു. അമേരിക്കന്‍, ഉക്രെയ്ന്‍ പതാകകള്‍ പിടിച്ച സുരക്ഷാ ഭടന്മാര്‍ നിന്ന വാതിലുകള്‍ക്കപ്പുറത്തേക്ക് ബൈഡന്‍ അദ്ദേഹത്തെ അനുഗമിച്ചു.
'ഈ ക്രൂരമായ യുദ്ധത്തിലൂടെ 300 ദിവസങ്ങള്‍ കടന്നുപോയെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാനുള്ള ഉക്രെയ്ന്‍കാരുടെ അവകാശത്തിന്മേല്‍ പുടിന്‍ ക്രൂരമായ ആക്രമണം നടത്തി. ഒരു കാരണവുമില്ലാതെ നിരപരാധികളായ ജനതയെ ഭയപ്പെടുത്താന്‍ ആക്രമിച്ചു.' - ബൈഡന്‍ പറഞ്ഞു.
'യുഎസ് കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് താന്‍ നന്ദി പറയുന്നു. തീര്‍ച്ചയായും, ഉഭയകക്ഷി പിന്തുണയ്ക്ക് നന്ദി, കോണ്‍ഗ്രസിന് നന്ദി, ഞങ്ങളുടെ സാധാരണക്കാരില്‍ നിന്ന് നിങ്ങളുടെ സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് നന്ദി - വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന ഉക്രെയ്‌ന് ശതകോടിക്കണക്കിന് മാനുഷികവും സൈനികവുമായ സഹായങ്ങള്‍ അയച്ചുകൊണ്ട് ബൈഡനും കോണ്‍ഗ്രസും പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക സന്ദര്‍ശനം.
1.85 ബില്യണ്‍ ഡോളറിന്റെ അധിക സൈനിക സഹായവും കൂടാതെ സമ്മാനമായി നല്‍കുന്ന പാട്രിയറ്റ് മിസൈല്‍ സംവിധാനം എന്നിവയെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച താന്‍ സന്ദര്‍ശിച്ച കിഴക്കന്‍ ഉക്രെയിനിലെ നഗരമായ ബാഖ്മുട്ടിലുള്ള ഒരു സൈനികനില്‍ നിന്നും ഏറ്റുവാങ്ങിയ മെഡല്‍ സെലെന്‍സ്‌കി ജോ ബൈഡനു നല്‍കി. ധീരനായ അമേരിക്കന്‍ പ്രസിഡന്റിന് ഈ മെഡല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സൈനികന്‍ ഇത് തനിക്ക് നല്‍കിയതെന്നും സെലന്‍സ്‌കി വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.