പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് എന്‍ഡിഎ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങി

 പത്തനംതിട്ടയില്‍ പി.സി ജോര്‍ജ് എന്‍ഡിഎ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിയുമായി ചര്‍ച്ചകള്‍ തുടങ്ങി

കോട്ടയം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷം ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജ് പത്തനംതിട്ട മണ്ഡലത്തില്‍ എന്‍.ഡി.എ പിന്തുണയോടെ മത്സരിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി.

പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ തിരുവല്ല, റാന്നി, ആറന്മുള്ള, കോന്നി, അടൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. ഈ മേഖലയില്‍ വ്യക്തിപരമായ സ്വാധീനമുള്ള ജോര്‍ജിന് ക്രൈസ്തവ സഭയുമായുള്ള അടുപ്പത്തിനൊപ്പം ബിജെപി പിന്തുണ കൂടി ഉറപ്പാക്കിയാല്‍ ശക്തമായ ത്രികോണ മത്സരം ഉണ്ടായാലും ജയിച്ചു കയറാമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന് 2,97,396 വോട്ട് (28.97 ശതമാനം) ലഭിച്ചിരുന്നു. ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ അന്റണിക്ക് 37.11 ശതമാനവും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് 32.80 ശതമാനവുമാണ് ലഭിച്ചത്. ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിക്കുള്ള ജയസാധ്യത കണക്കിലെടുത്താണ് ജോര്‍ജിന്റെ ശ്രമം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഒരു കൈനോക്കിയാല്‍ കൊള്ളാമെന്നുണ്ടന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു. ഇതിനായി ബിജെപിയുമായി ചര്‍ച്ച നടത്തി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും അനുകൂലമാണ്. ഹിന്ദി പ്രാഥമിക് പാസായതിനാല്‍ ലോക്‌സഭയില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും പി.സി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.