കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം: പ്രധാനമന്ത്രി

കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; സംസ്ഥാനങ്ങള്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചൈനയില്‍ പടരുന്ന കോവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ രോഗ വ്യാപനത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്താന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നത്. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രാജ്യത്ത് കോവിഡ് ടെസ്റ്റ് വര്‍ധിപ്പിക്കണമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതേസമയം മാസ്‌ക് ധരിക്കുന്നത് കര്‍ശനമാക്കാന്‍ തീരുമാനം എടുത്തിട്ടില്ല.

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഓക്‌സിജന്‍ സിലിണ്ടര്‍, ഓക്‌സിജന്‍ പ്ലാറ്റ്, വെന്റിലേറ്ററുകള്‍ തുടങ്ങിയവ ഉറപ്പാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നേഴ്‌സുമാരടക്കമുള്ള വിദഗ്ദരുടെ സേവനങ്ങള്‍ ഉറപ്പാക്കണം. ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം. പ്രായമായവര്‍ക്കും ആരോഗ്യസ്ഥിതി മോശമായവര്‍ക്കും മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മനസുഖ് മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പൊതുസ്ഥലങ്ങില്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധ ഇന്നലെമുതല്‍ തുടങ്ങിയിരുന്നു.  

രാജ്യത്ത് ഗുജറാത്തിലും ഒഡിഷയിലും രണ്ടുപേര്‍ക്ക് വീതമാണ് പുതിയ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചത്. ജൂലായ്, സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് ഇവ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ രോഗം ബാധിച്ചവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ഇവര്‍ പൂര്‍ണ്ണമായും രോഗമുക്തരായിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.