ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവനിലെത്തി; കൈമാറിയത് ഒന്‍പത് ദിവസത്തിന് ശേഷം

ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവനിലെത്തി; കൈമാറിയത് ഒന്‍പത് ദിവസത്തിന് ശേഷം

തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് സര്‍ക്കാര്‍ കൈമാറി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ബില്‍ വ്യാഴാഴ്ച്ചയാണ് രാജ്ഭവന് കൈമാറിയത്. നിയമ പരിശോധന പൂര്‍ത്തിയാക്കാനാണ് ഒന്‍പതു ദിവസത്തെ സമയം എടുത്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. ചാന്‍സലര്‍ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാലേ നിയമമാകൂ. 

ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. ഗവര്‍ണര്‍ നിലവില്‍ രാജ്ഭവനിലില്ല. ജനുവരി മൂന്നിനു മാത്രമേ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തുകയുള്ളു. ബില്ലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്ത് തീരുമാനം എടുക്കും എന്നുള്ളതാണ് ഇനി പ്രധാനം. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതല്‍ നിയമോപദേശം തേടുകയോ ചെയ്‌തേക്കാം. അല്ലെങ്കില്‍ ഇതില്‍ ഒരു തീരുമാനവും എടുക്കാതെ രാജ്ഭവനില്‍ സൂക്ഷിച്ചെന്നും വരാം.

അതിനിടെ, കേരള സര്‍വകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനകം നോമിനേറ്റ് ചെയ്ത് ചാന്‍സലറെ അറിയിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിക്കാന്‍ ചാന്‍സിലര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടികാട്ടി സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീലില്‍ ആണ് ഡിവിഷന്‍ ബഞ്ച് നടപടി.

2018 ലെ യുജിസി ചട്ടം അനുസരിച്ച് സെര്‍ച്ച് കമ്മിറ്റി അംഗത്തെ രൂപീകരിക്കേണ്ടത് ചാന്‍സലര്‍ അല്ലെന്നും ഉത്തരവ് നിയമ വിരുദ്ധമാണെന്നുമായിരുന്നു വാദം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍. കേരള സര്‍വകലാശാല സെനറ്റ് അംഗമായ ജയറാം നല്‍കിയ ഹര്‍ജിയിലാണ് ഒരുമാസത്തിനകം നോമിനിയെ നിര്‍ദ്ദശിക്കണമെന്ന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.